സാന്‍ഫ്രാന്‍സിസ്‌കോ: ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ കമ്പനികള്‍ക്ക് വില്‍ക്കാന്‍ ഫേസ്ബുക്ക് നീക്കം നടത്തിയിരുന്നതായി റിപ്പോര്‍ട്ട്. യു.എസ് മാധ്യമങ്ങളായ ആര്‍സ് ടെക്‌നിക്ക, വാള്‍സ്ട്രീറ്റ് ജേണല്‍ എന്നിവ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇതുസംബന്ധിച്ച് ചൂണ്ടിക്കാട്ടുന്നത്.

2.5 ലക്ഷം ഡോളര്‍ ഓരോ കമ്പനികളില്‍ നിന്നും ഈടാക്കി ഉപയോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ കൈമാറുന്ന പദ്ധതിയെക്കുറിച്ച് 2012ല്‍ ഫേസ്ബുക്ക് ചര്‍ച്ച നടത്തിയിരുന്നുവെന്നും എന്നാല്‍ പിന്നീട് പദ്ധതി വേണ്ടെന്നു വെക്കുകയുമായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സോഫ്റ്റ്‌വെയര്‍ ഡെവലപ്പര്‍ കമ്പനിയായ സിക്‌സ് 4 ത്രിയും ഫേസ്ബുക്കുമായുള്ള കേസുമായി ബന്ധപ്പെട്ട് കാലിഫോര്‍ണിയ കോടതിയില്‍ സമര്‍പ്പിച്ച രേഖകളിലാണ് ഇതുസംബന്ധിച്ച വിവരങ്ങളുള്ളത്.

പ്രധാന പരസ്യദാതാക്കള്‍ക്ക് ഉപയോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ വില്‍ക്കുന്നത് സംബന്ധിച്ച് 2012 മുതല്‍ 2013 വരെ ഫേസ്ബുക്ക് ജീവനക്കാര്‍ നടത്തിയ ആശയവിനിമയങ്ങളെക്കുറിച്ചുള്ള വിവരങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്.