കൊല്‍ക്കത്ത: റഷ്യന്‍ ലോകകപ്പില്‍ നിന്ന് അര്‍ജന്റീന പുറത്തായതില്‍ മനംനൊന്ത് ആരാധകന്‍ തൂങ്ങിമരിച്ചു. പശ്ചിമ ബംഗാളിലെ മാള്‍ഡ ജില്ലയിലെ മോന്തോഷ് ഹാല്‍ദെര്‍ എന്ന 20-കാരനാണ് ആത്മഹത്യ ചെയ്തത്. പ്രീക്വാര്‍ട്ടറില്‍ ഫ്രാന്‍സിനോട് അര്‍ജന്റീന തോറ്റതിന് പിന്നാലെയാണ് യുവാവ് ആത്മഹത്യ ചെയ്തത്.

മെസ്സിയുടെ കടുത്ത ആരാധകനായ ഹെല്‍ദര്‍ അര്‍ജന്റീനയുടെ തോല്‍വിയില്‍ കടുത്ത നിരാശയിലായിരുന്നു. രാത്രി അത്താഴം കഴിക്കാതെ മുറിയിലേക്ക് പോയ അദ്ദേഹം രാവിലെ എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ വാതില്‍ പൊളിച്ച് അകത്ത് കയറിയപ്പോഴാണ് ഇയാള്‍ മരിച്ചു കിടക്കുന്നത് കണ്ടത്.

‘എന്റെ മകന് യാതൊരു പ്രശ്‌നവും ഉണ്ടായിരുന്നില്ല. അവനൊരു കടുത്ത അര്‍ജന്റീന ആരാധകനായിരുന്നു. ലോകകപ്പ് തുടങ്ങിയത് മുതല്‍ ടി.വിക്ക് മുന്നില്‍ തന്നെയായിരുന്നു. ഫ്രാന്‍സിനോട് അര്‍ജന്റീന തോറ്റപ്പോള്‍ അവന്‍ ആകെ ദുഃഖിതനായിരുന്നു. എന്നാല്‍ ഇങ്ങനെയൊരു കടുംകൈ ചെയ്യുമെന്ന് ഞങ്ങള്‍ കരുതിയില്ല’-ഹാല്‍ദെറിന്റെ പിതാവ് പറഞ്ഞു.

നേരത്തേ അര്‍ജന്റീന തോറ്റത്തില്‍ മനംനൊന്ത് മലയാളി യുവാവ് പുഴയില്‍ ചാടി ആത്മഹത്യ ചെയ്തിരുന്നു. ക്രൊയേഷ്യക്കെതിരായ തോല്‍വിയില്‍ നിരാശനായ ദീനു അലക്‌സ് ആണ് മീനച്ചിലാറ്റില്‍ ചാടി ആത്മഹത്യ ചെയ്തത്.