മലപ്പുറം സ്വദേശിഅര്‍ജുന്‍ ജയരാജ് കേരള ബ്ലാസ്‌റ്റേഴ്‌സില്‍. ഐ ലീഗില്‍ ഗോകുലം കേരള എഫ്.സി താരമായിരുന്നു. ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിലൂടെയാണ് അര്‍ജുന്‍ ജയരാജുമായി കരാര്‍ ഒപ്പിട്ട വിവരം ബ്ലാസ്‌റ്റേഴ്‌സ് അറിയിച്ചത്.

അര്‍ജുന്‍ ടീമിലെത്തിയതില്‍ ഏറെ സന്തോഷമുണ്ടെന്ന് ബ്ലാസ്‌റ്റേഴ്‌സ് കോച്ച് ഇല്‍ക്കോ ഷട്ടോരെ പ്രതികരിച്ചു. മികച്ച സാങ്കേതിക തികവുള്ള കളിക്കാരനാണ് അര്‍ജുന്‍. വിങ്, മിഡ്ഫീല്‍ഡ് തുടങ്ങി ഒന്നിലധികം സ്ഥാനങ്ങളില്‍ അദ്ദേഹത്തിന് കളിക്കാന്‍ സാധിക്കും. ഇരു കാലുകള്‍ കൊണ്ട് കളിക്കാന്‍ സാധിക്കുന്ന ഒരു മള്‍ട്ടിഫങ്ഷണല്‍ പ്ലെയര്‍ ഉണ്ടായിരിക്കുന്നത് എല്ലായ്‌പ്പോഴും നല്ലതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഐ.എസ്.എല്ലില്‍ കളിക്കുക എന്നത് ഓരോ ഇന്ത്യന്‍ ഫുട്‌ബോള്‍ താരത്തിന്റെയും സ്വപ്നമാണെന്ന് അര്‍ജുനും പ്രതികരിച്ചു. തന്റെ ഹോം ക്ലബ്ബിനെ പ്രതിനിധീകരിക്കുന്നത് സന്തോഷം നല്‍കുന്നതാണെന്നും അര്‍ജുന്‍ പറഞ്ഞു.