കെ. മൊയ്തീന്‍കോയ

പ്രവാചകനിന്ദയുമായി ബന്ധപ്പെട്ടും അതിന് മുന്‍പും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ സ്വീകരിച്ച സമീപനം വികാരപരമായി പോയെന്ന് വിശ്വസിക്കുന്നവരാണ് യുറോപ്യന്‍ രാഷ്ട്രീയ ചിന്തകരില്‍ ബഹുഭൂരിപക്ഷവും. അതേസമയം, ഈ സംഭവത്തിന്റെ മറവില്‍ ഫ്രാന്‍സില്‍ നടന്ന ഭീകര പ്രവര്‍ത്തനത്തെ അംഗീകരിക്കാനാവില്ല, അപലപിക്കുക തന്നെ വേണം. ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നതും അവര്‍ക്ക് ഒത്താശ ചെയ്യുന്നതും എതിര്‍ക്കപ്പെടണം. ഐക്യരാഷ്ട്രസഭയും മറ്റ് രാഷ്ട്രാന്തരീയ സംഘടനകളും പ്രശ്‌നത്തില്‍ ഇടപെട്ട് പരിഹാരം കാണാന്‍ വൈകിക്കരുതെന്നാണ് അനുദിനം വളരുന്ന സംഘര്‍ഷം ഓര്‍മപ്പെടുത്തുന്നത്. ഇമ്മാനുവല്‍ മക്രോണ്‍ നാളിതുവരെ ഒരു വംശീയവാദിയായി അറിയപ്പെടുന്നില്ല. അദ്ദേഹത്തിന്റെ നിലപാടും മതേതരവാദിയുടെ ആശയവുമായിരുന്നു. അഭയാര്‍ത്ഥികള്‍ക്ക്‌വേണ്ടി ശബ്ദമുയര്‍ത്തുന്നതില്‍ ആ രാജ്യത്തെ ഇതര രാഷ്ട്രീയക്കാരേക്കാള്‍ മുന്നില്‍നിന്ന നേതാവാണ് മക്രോണ്‍. റോഹിന്‍ഗ്യന്‍, സിറിയന്‍ അഭയാര്‍ത്ഥികള്‍ക്ക്‌വേണ്ടി ശബ്ദമുയര്‍ത്തിയ രാഷ്ട്രീയ നേതാവ്. നാല്‍പതുകാരനായ മക്രോണിന്റെ മനംമാറ്റത്തിന്പിന്നില്‍ 2022ല്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പാണ് ലക്ഷ്യമെന്ന് രാഷ്ട്രീയ ചിന്തകര്‍ വിലയിരുത്തുന്നു. യൂറോപ്പില്‍ ശക്തി പ്രാപിക്കുന്ന തീവ്രവലതുപക്ഷ രാഷ്ട്രീയത്തോടൊപ്പം ചേര്‍ന്ന്‌പോകാന്‍ തയാറെടുക്കുകയാണത്രെ ഈ യുവ ഭരണാധികാരി. അതിന് കൈവന്ന അവസരം സമര്‍ത്ഥമായി ഉപയോഗിക്കുകയാണ് ഫ്രഞ്ച് പ്രസിഡന്റ്. എളുപ്പമാര്‍ഗം ‘ഇസ്‌ലാമോഫോബിയ’!

മക്രോണിന്റെ സമീപനവും തുടര്‍ന്നുണ്ടായ സംഭവങ്ങളും ക്രിസ്ത്യന്‍-മുസ്‌ലിം സംഘര്‍ഷമായി ലോകമെമ്പാടും വളര്‍ന്ന് കാണാന്‍ ആഗ്രഹിക്കുന്നവരുണ്ട്. അവയൊക്കെ, ആഗ്രഹിക്കുന്നവരുടെ സ്വാര്‍ത്ഥതയാണ്. നവനാസികളെ പ്രതിരോധിക്കാന്‍ മുന്നില്‍നിന്ന മക്രോണിനെ മറ്റൊരു നിലയിലേക്ക് പോകാന്‍ അനുവദിച്ചുകൂട. ഏറ്റവും അവസാനം അദ്ദേഹം വ്യക്തമാക്കിയ നിലപാട് മുന്‍ സമീപനത്തില്‍നിന്നും മാറ്റവും പിറകോട്ട് പോക്കുമായി വിലയിരുത്താം. ‘പ്രവാചകന്‍ മുഹമ്മദിനെ ചിത്രീകരിച്ച കാര്‍ട്ടൂണുകള്‍ മുസ്‌ലിംകളുടെ ഹൃദയവികാരം വ്രണപ്പെടുത്തിയെന്ന് മനസ്സിലാക്കുന്നു. അതേസമയം, താന്‍ നേരിടാന്‍ ശ്രമിക്കുന്ന ‘തീവ്ര ഇസ്‌ലാം’ ലോകത്തിനാകെയും മുസ്‌ലിംകള്‍ക്ക് പ്രത്യേകിച്ചും ഭീഷണിയാണെന്നും മക്രോണ്‍ വിശദീകരിക്കുന്നതിലൂടെ പ്രശ്‌നം മയപ്പെടുത്താനാണ് ശ്രമിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് തന്റെ വാക്കുകള്‍ വളച്ചൊടിച്ചു.

വിവാദ കാര്‍ട്ടൂണ്‍ ഫ്രഞ്ച് ഭരണകൂടത്തിന്റെ സൃഷ്ടിയാണെന്ന് വരെ ജനങ്ങള്‍ തെറ്റിദ്ധരിച്ചുവെന്നും മക്രോണ്‍ പറയുന്നതിലൂടെ അബദ്ധം സംഭവിച്ചുവെന്ന് തുറന്ന് സമ്മതിക്കല്‍ കൂടിയായി നിരീക്ഷിക്കാനാവും. ക്ലാസില്‍ കാര്‍ട്ടൂണ്‍ പ്രദര്‍ശിപ്പിച്ചതിന്റെ പേരില്‍ അധ്യാപകന്‍ സാമുവല്‍ പറ്റ് വിദ്യാര്‍ത്ഥിയാല്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ മക്രോണ്‍ നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ക്കെതിരെ വിവിധ മുസ്‌ലിം രാജ്യങ്ങളും നേതാക്കളും രംഗത്ത്‌വരികയും ഫ്രഞ്ച് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ഉണ്ടാകുകയും ചെയ്ത പശ്ചാത്തലത്തില്‍ പ്രസിഡന്റ് മക്രോണ്‍ സമന്വയ മാര്‍ഗം സ്വീകരിച്ചത് സ്വാഗതാര്‍ഹമാണ്. ഇസ്‌ലാം ലോകമാകെ പ്രതിസന്ധി നേരിടുകയാണെന്നും ഭീകരതയുടെ മതമാണെന്ന് ആരോപിച്ചതും ഫ്രാന്‍സില്‍ മുസ്‌ലിംകളുടെ പ്രവര്‍ത്തന സ്വാതന്ത്ര്യം തടയാന്‍ ശ്രമിക്കുകയും ചെയ്തതാണ് അദ്ദേഹത്തെ വിവാദ നായകനാക്കിയത്. എന്നാല്‍ ഈ സംഭവത്തിന്റെ മറവില്‍ ഭീകരപ്രവര്‍ത്തനം ആവര്‍ത്തിക്കപ്പെടുന്നത്, സംഘര്‍ഷം വളര്‍ത്താന്‍ ശ്രമിക്കുന്നത് നിഗൂഢ ശക്തികളാണ്. അവയെ ചെറുക്കുകയാണ് ആവശ്യം. യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ കുടിയേറ്റ സൗഹൃദം കാത്ത്‌സൂക്ഷിക്കുന്ന രാജ്യമായിരുന്നു ഫ്രാന്‍സ് എന്ന് വിസ്മരിക്കരുത്.

പ്രവാചകനെ അധിക്ഷേപിക്കുന്ന കാര്‍ട്ടൂണ്‍ ‘ഷാര്‍ലി എബ്ദോ’ പുനപ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് വിവാദം. ആവിഷ്‌കാര സ്വാതന്ത്ര്യത്തെക്കുറിച്ച് മക്രോണ്‍ വാചാലനാകുമ്പോള്‍ പക്വതയോടെ നിലപാട് വ്യക്തമാക്കി കാനഡയും റഷ്യയും ശ്രദ്ധ ആകര്‍ഷിക്കുന്നു. കനേഡിയന്‍ പ്രധാനമന്തി ജസ്റ്റിന്‍ ടുഡോ ഫ്രാന്‍സിലെ ഭീകരപ്രവര്‍ത്തനത്തെ അപലപിച്ച് നടത്തിയ പ്രസ്താവന മാധ്യമ ലോകത്ത് വൈറലായിട്ടുണ്ട്. കാര്‍ട്ടൂണ്‍ ആവിഷ്‌കരിക്കുമ്പോള്‍ മറ്റുള്ളവരെ ബഹുമാനിക്കണം, അവരെ ആദരിക്കുകയും വേണം. വിവേചനം നേരിടുന്ന സമൂഹത്തെ അനാവശ്യമായി മുറിവേല്‍പിക്കാന്‍ അനുവദിക്കരുത്. കുടിയേറ്റക്കാരെ കൊണ്ട് നിര്‍മ്മിക്കപ്പെട്ട രാജ്യമാണ് കാനഡ ട്രുഡോവിന്റെ വാക്കുകള്‍ ലോക നേതാവിന്റെ നിലവാരത്തിലെത്തി. ഇത്തരം മാധ്യമങ്ങള്‍ അനുവദിക്കില്ലെന്ന് റഷ്യ ദൃഢനിശ്ചയം ചെയ്തു. ബഹു വംശീയ, ബഹു മത വിഭാഗങ്ങള്‍ അധിവസിക്കുന്ന രാജ്യം എല്ലാവരെയും ബഹുമാനിക്കുന്നുവെന്നാണ് റഷ്യന്‍ നിലപാട്.

തുര്‍ക്കി, പാക്കിസ്താന്‍, ജി.സി.സി രഷ്ട്രങ്ങള്‍ ഫ്രാന്‍സിനെ കടന്നാക്രമിച്ചപ്പോള്‍, ജര്‍മ്മനിയും ബ്രിട്ടനും ഫ്രാന്‍സിന് ഒപ്പംനിന്നു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മക്രോണിന് പിന്തുണ പ്രഖ്യാപിച്ചത് കൗതുകം ജനിപ്പിച്ചു. ന്യൂനപക്ഷ, ദലിത് വിഭാഗങ്ങളില്‍പെട്ടവരേ തല്ലികൊല്ലുമ്പോഴും പെണ്‍കുട്ടികള്‍ ഭീകരമായി അക്രമിക്കപ്പെടുമ്പോഴും മൗനിയാകുന്ന പ്രധാനമന്ത്രി എത്ര ആവേശപൂര്‍വമാണ് മക്രോണിനെ വിളിക്കുന്നത്. ഇസ്‌ലാമിനെ അധിക്ഷേപിച്ചതിന് ബംഗ്ലാദേശില്‍ പുറത്ത്‌വന്ന തസ്‌ലിമയെ സ്വീകരിച്ചിരുത്തിയ രാജ്യം. അതേസമയം, ലോകപ്രശസ്ത ചിത്രകാരന്‍ എം.എഫ് ഹുസൈനെ ആട്ടിയോടിക്കുമ്പോള്‍, ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ഈ ആവേശം എവിടെയായിരുന്നു. ഫ്രഞ്ച് മാസികയുടെ ചരിത്രം പരിശോധിക്കുമ്പോള്‍, ഭാവിയില്‍ എങ്ങനെ, എവിടേക്ക് അവര്‍ തിരിയുമെന്ന് പ്രവചിക്കാന്‍ കഴിയില്ല. അപ്പോഴും ഈ താല്‍പര്യം കാണുമല്ലോ? അധ്യാപകനെ കൊല ചെയ്ത സംഭവം അപലപിക്കാന്‍ ലോക സമൂഹം തയാറായത് പ്രതീക്ഷ നല്‍കുന്നത് തന്നെ. വിശ്വാസി സമൂഹത്തെ വേദനിപ്പിക്കുന്ന ഇത്തരം സംഭവങ്ങള്‍ ഭരണാധികാരികള്‍ തടയണം. തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്റ ഭാഷയല്ല, മറിച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രുഡോവിന്റെ പ്രതികരണവും ന്യൂസിലാന്റ് പ്രധാനമന്ത്രി ജസിന്ത ആന്‍ഡറിന്റെ നടപടികളുമാകണം, ലോകത്തെ നയിക്കേണ്ടത്.