പി.കെ സലാം

അഭിപ്രായ സ്വാതന്ത്ര്യത്തിനുമേല്‍ പൊലീസിന് അമിതാധികാരം നല്‍കുന്ന കരിനിയമം പിന്‍വലിക്കേണ്ടിവന്നപ്പോള്‍ വന്ന ഒരു വിശദീകരണം പൊലീസ്‌കാര്യ ഉപദേഷ്ടാവിന് തെറ്റി എന്നാണ്. കാവാലം നാരായണപ്പണിക്കരുടെ അഗ്നിവര്‍ണന്റെ കാലുകള്‍ എന്ന നാടകത്തിലെ വിദൂഷകന്‍ അവകാശപ്പെടുന്നുണ്ട്: ‘തോഴരാണ് തുല്യം ചാര്‍ത്തുന്നതെങ്കിലും തിരുവെഴുത്തൊക്കെ ഞാന്‍ തന്നെ’ എന്ന്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടേതായി ഇതിന് സമാനമായ ഒരു വിശദീകരണം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചു-ഞാന്‍ ചൂണ്ടിക്കാട്ടുന്നിടത്ത് ഒപ്പുവെക്കുകയേയുള്ളൂ മുഖ്യനെന്ന്.
പിണറായി വിജയന്റെ നേതൃത്വത്തിലെ ഇടതുസര്‍ക്കാര്‍ ഏറ്റവും കൂടുതല്‍ നാണംകെട്ടത് പൊലീസ് ഭരണത്തിന്റെ പേരിലാണ്. രണ്ടാമത്തേത് ഐ.ടി വകുപ്പാണ്. രണ്ടും മുഖ്യമന്ത്രി മന്ത്രി നേരിട്ട് നടത്തുന്നതും. പൊലീസ് വകുപ്പില്‍നിന്ന് ഏറ്റവും കൂടുതല്‍ ആനുകൂല്യം ലഭിച്ചത് ആര്‍.എസ്.എസിനാണെന്ന ആരോപണവും ശക്തം.

സംസ്ഥാനത്ത് പുതുതായി ഒരു നിയമം അതും നിയമസഭയില്‍ ചര്‍ച്ചചെയ്യാതെ ഓര്‍ഡിനന്‍സായി കൊണ്ടുവരുമ്പോള്‍ ആരാണ് അത് പരിശോധിക്കുക? മന്ത്രിസഭയിലോ പാര്‍ട്ടിയിലോ മുന്നണിയിലോ എവിടെയെങ്കിലും ചര്‍ച്ച ചെയ്യില്ലേ? പൊലീസ് മാരണ നിയമം ഏത് വേദിയില്‍ ചര്‍ച്ച ചെയ്തുവന്ന് ഒരു പിടിയുമില്ല. ഓര്‍ഡിനന്‍സ് ഒപ്പുവെക്കാനായി ഗവര്‍ണറുടെ ഓഫീസിലേക്ക് പോകുംമുമ്പ്തന്നെ വലിയ എതിര്‍പ്പുകള്‍ ഉയര്‍ന്നു. പ്രതിപക്ഷം സ്വാഭാവികമായും. പാര്‍ട്ടിയുടെ തീട്ടൂരം ബാധകമല്ലാത്ത സാംസ്‌കാരിക നായകരില്‍നിന്നും സി.പി.ഐയില്‍നിന്നും എതിര്‍പ്പുണ്ടായപ്പോഴെല്ലാം അതിനെ ന്യായീകരിക്കാനാണ് പാര്‍ട്ടി പോളിറ്റ് ബ്യൂറോ അംഗംകൂടിയായ മുഖ്യമന്ത്രി മുതിര്‍ന്നത്. കോണ്‍ഗ്രസ് നേതാവും മുന്‍ ആഭ്യന്തര വകുപ്പ് മന്ത്രിയുമായ പി.ചിദംബരത്തിന്റെ പ്രതികരണം യെച്ചൂരി എങ്ങനെ ന്യായീകരിക്കും എന്നായിരുന്നു. പാര്‍ട്ടിയുടെ ദേശീയ നേതൃത്വം ഇടപെട്ട് റദ്ദാക്കാന്‍ ആവശ്യപ്പെട്ടപ്പോഴും തല്‍ക്കാലം മരവിപ്പിക്കുന്നു, സഭയില്‍ ചര്‍ച്ച ചെയ്ത് നടപ്പാക്കും എന്നായിരുന്നു പിണറായി വിജയന്റെ വിശദീകരണം.

കോഴിക്കോട്ടെ രണ്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും സി.പി.എം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളുമായ രണ്ട് വിദ്യാര്‍ഥികളെ പൊലീസ് പിടികൂടി യു.എ.പി.എ ചുമത്തിയത് ഇതേ പ്രതികരണമാണ് സൃഷ്ടിച്ചത്. പക്ഷേ മുഖ്യമന്ത്രി പിറകോട്ട്‌പോയില്ലെന്ന് മാത്രമല്ല അതിനെ ശക്തമായി ന്യായീകരിക്കുകയും ചെയ്തു. അതിലും പാര്‍ട്ടി നാണംകെടുകയാണുണ്ടായത്. മാവോ സാഹിത്യങ്ങള്‍ വീടുകളില്‍ കണ്ടെത്തിയെന്ന് പറഞ്ഞാണ് ഇവര്‍ക്ക്‌മേല്‍ യു.എ.പി.എ ചുമത്തിയത്. ബ്രാഞ്ച് കമ്മിറ്റി മുതല്‍ കേന്ദ്ര കമ്മിറ്റി വരെ എതിര്‍ത്തിട്ടും അവരെ ചായ കുടിക്കാന്‍ പോയതിനല്ല അറസ്റ്റ് ചെയ്തതെന്ന് പറഞ്ഞ് പൊലീസിനെ ന്യായപ്പെടുത്തുകതന്നെ ചെയ്തു. മുഖ്യമന്ത്രിയുടെയും പൊലീസിന്റെയും ഭാഷ്യത്തെ നിലപാടാക്കി പരുവപ്പെടുത്തുകയായിരുന്നു പാര്‍ട്ടി. കുട്ടികളെപറ്റി പാര്‍ട്ടി അന്വേഷിച്ചുവെന്നും ഇവര്‍ക്ക് മാവോയിസ്റ്റുകളുമായി മാത്രമല്ല ഇസ്‌ലാമിക തീവ്രവാദികളുമായും ബന്ധമുണ്ടെന്ന് കണ്ടെത്തിയതായും പറഞ്ഞത് പ്രമുഖ നേതാവ് പി. ജയരാജനാണ്. പക്ഷെ എന്‍.ഐ.എക്ക് പോലും തെളിവുകള്‍ ഹാജരാക്കാനായില്ല. മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ കാര്യത്തിലും നടപ്പാകുന്നത് ആര്‍.എസ്.എസ് അജണ്ടയാണെന്ന വിമര്‍ശനം ഉണ്ടല്ലോ. മുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ സി.പി.ഐ ഇക്കാര്യത്തില്‍ കുറെക്കൂടി ശക്തമായ നിലപാട് പുറത്തേക്ക് കാട്ടിയെങ്കിലും മുഖ്യമന്ത്രി അല്‍പംപോലും പിറകോട്ട് പോയില്ലെന്നാണ് മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ കൊലകള്‍ തുടരുന്നതില്‍നിന്ന് വ്യക്തമാകുന്നത്. പാലക്കാടും വയനാട്ടിലുമെല്ലാംചെന്ന് അന്വേഷിച്ച സി.പി.ഐ നേതാക്കള്‍ക്ക് ഏറ്റുമുട്ടലുകളെല്ലാം വ്യാജമാണെന്നാണ് ബോധ്യപ്പെട്ടത്.

ആര്‍.എസ്.എസുകാര്‍ പ്രതികളാകുന്ന ക്രിമിനല്‍ കേസുകളില്‍ പൊലീസ് അവരുമായി ഒത്തുകളിക്കുന്നുവെന്നത് ദിവസംതോറും കൂടുതല്‍ തെളിഞ്ഞുവരുന്നു. കണ്ണൂര്‍ ജില്ലയിലെ പാലത്തായിയില്‍ ബാലികയെ പീഡിപ്പിച്ച ആര്‍.എസ്.എസ് നേതാവിനെതിരെ കേസ് എടുക്കാനോ അറസ്റ്റ് ചെയ്യാനോ പൊലീസ് മടിച്ചു. കടുത്ത ജനകീയ സമ്മര്‍ദത്തിനൊടുവില്‍ കേസെടുത്തെങ്കിലും പോക്‌സോ വകുപ്പ് ചുമത്തിയില്ല. പ്രതിക്ക് നാട്ടില്‍നിന്ന് രക്ഷപ്പെടാന്‍ ഒത്താശ നല്‍കിയതും പൊലീസ് തന്നെ. പ്രായപൂര്‍ത്തിയാവാത്ത കുട്ടികളുടെ മൊഴി എങ്ങനെ രേഖപ്പെടുത്തണമെന്ന ചട്ടങ്ങള്‍ ലംഘിച്ചാണ് പല തവണകളായി മൊഴി രേഖപ്പെടുത്തിയത്. തുടക്കംമുതല്‍ പൊലീസ് പ്രതിക്കൊപ്പമായിരുന്നു. മുമ്പ് കേട്ടുകേള്‍വി പോലും ഇല്ലാത്ത വിധം ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പ്രതിയെ സഹായിക്കുന്ന ശബ്ദസന്ദേശം പ്രചരിപ്പിച്ചു. ഈ ഉദ്യോഗസ്ഥന് കൂടുതല്‍ സ്ഥാനക്കയറ്റമാണ് നല്‍കിയത്.

കോട്ടയം ജില്ലയിലെ കള്ളത്തോക്ക് കേസിലും തൃശൂരിലെ കള്ളനോട്ട് കേസിലും ആര്‍.എസ്.എസുകാരാണ് പ്രതികള്‍. അവര്‍ക്ക്‌മേല്‍ യു.എ.പി.എ ചുമത്തിയിട്ടില്ല. പാലക്കാട്ട് ആര്‍.എസ്.എസ് മേധാവി സ്‌കൂളില്‍ ദേശീയ പതാക ഉയര്‍ത്തിയ കേസിലും ശശികല ടീച്ചറുടെ വര്‍ഗീയ പ്രസംഗങ്ങളെതുടര്‍ന്നുള്ള കേസിലും പൊലീസിന്റെ നടപടികള്‍, ചുമത്തിയ വകുപ്പുകള്‍ വളരെ ദുര്‍ബലമാണ്. കാസര്‍ക്കോട്ടെ മദ്രസാധ്യാപകന്റെയും വിദ്യാര്‍ഥിയുടെയും കൊല, തിരൂരിലെ യാസിറിന്റെ കൊല എന്നിവയിലും പൊലീസ് എന്തു ചെയ്തുവെന്നത് ഇതേ നയത്തിന്റെ തുടര്‍ച്ചയാണ്.

കൊലപാതകത്തിലെ രാഷ്ട്രീയം: തിരുവനന്തപുരം വെഞ്ഞാറമൂടിലെ ഇരട്ടക്കൊലയുടെ കാരണങ്ങളെന്തെന്ന് നാടിന് ബോധ്യമായതാണ്. നാടെങ്ങും എന്തിന് കൊന്നു കോണ്‍ഗ്രസേ എന്ന പോസ്റ്റര്‍ സി.പി.എം പതിച്ചപ്പോഴും കാസര്‍കോട്ട് കൃപേശ്, ശരത്‌ലാല്‍ എന്നിവരെ കൊന്നതിനുള്ള കോണ്‍ഗ്രസിന്റെ പ്രതികാരമാണ് വെഞ്ഞാറമൂട് കൊലയെന്നു കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞപ്പോഴും ചിലരെങ്കിലും അല്‍പം ആശ്വസിച്ചുകാണണം. അരിയില്‍ ഷുകൂര്‍, ടി.പി ചന്ദ്രശേഖരന്‍, ഷുഹൈബ്, കൃപേശ്, ശരത് ലാല്‍.. ഏതാനും വര്‍ഷങ്ങള്‍ക്കകം സി.പി.എം കൊലയാളി സംവിധാനം അരിഞ്ഞുതള്ളിയ ഇത്രയും ജനാധിപത്യ വിശ്വാസികള്‍ക്ക്‌വേണ്ടി ആരും പ്രതികാരം ചെയ്തില്ല. മാത്രവുമല്ല ഇവയില്‍ ടി.പിയുടേതൊഴികെ കേസുകളില്‍ പൊലീസ് പ്രതികളെ സഹായിക്കുകയും ചെയ്യുന്നു. കണ്ണൂര്‍ ജില്ലയിലെ ആര്‍.എസ്.എസ്.-സി.പി.എം കൊലപാതക പരമ്പര നിലച്ചത് സി.പി.എമ്മിനെ അതേ നാണയത്തില്‍ ആര്‍.എസ്.എസ് നേരിട്ടതുകൊണ്ടാണെങ്കില്‍ ഇതു നല്‍കുന്ന സന്ദേശം കേരളത്തിന് ഒട്ടും ഹിതകരമല്ല. തൃശൂര്‍ ജില്ലയില്‍ സി.പി.എമ്മിന്റെ ബ്രാഞ്ച് സെക്രട്ടറിയെതന്നെ വകവരുത്തിയിട്ടും എന്തിന് കൊന്നു ആര്‍.എസ്.എസേ എന്ന ചോദ്യം ഉയരാതിരിക്കുകയും ചെയ്യുമ്പോള്‍ വിശേഷിച്ചും.
(അവസാനിച്ചില്ല)