ഡോ.രാംപുനിയാനി

സഞ്ജയ് ലീല ബന്‍സാലിയുടെ ‘പത്മാവതി’ സിനിമ ചിത്രീകരണത്തിനിടെ രാജസ്ഥാനിലെ ജെയ്പൂരിനു സമീപം ആക്രമണമുണ്ടായത് ഇയ്യിടെയാണ്. മുസ്‌ലിം രാജാവായ അലാവുദ്ദീന്‍ ഖില്‍ജിയും രജപുത് രാജ്ഞി പത്മാവതിയും തമ്മിലുള്ള സ്വപ്‌ന രംഗം ചിത്രത്തിലുണ്ടെന്ന മുടന്തന്‍ ന്യായം പറഞ്ഞാണ് അക്രമികള്‍ അഴിഞ്ഞാടിയത്. രജപുത്രരുടെ യശസ് സംരക്ഷിക്കുന്നതിനായി പ്രവര്‍ത്തിക്കുന്നവരെന്നവകാശപ്പെടുന്ന കര്‍ണി സേനയെന്ന സംഘടനയാണ് അക്രമം നടത്തിയത്. സിനിമയില്‍ രജപുത്രരെ മോശമായി അവതരിപ്പിക്കുന്നതായും അവര്‍ ആരോപിച്ചു.

എന്നാല്‍ സിനിമ ചിത്രീകരണം ആരംഭിച്ചിട്ടേയുള്ളുവെന്നതും കര്‍ണി സേനക്കു അതിന്റെ തിരക്കഥയെക്കുറിച്ച് ഒന്നുമറിയില്ലെന്നതുമാണ് രസകരം. സിനിമയില്‍ അങ്ങനെയൊരു സ്വപ്‌ന സീന്‍ ഉണ്ടെന്ന അഭ്യൂഹത്തിന്റെ പേരിലാണ് ഇവര്‍ ആക്രമണത്തിനു മുതിര്‍ന്നത്. സംസ്ഥാന ഭരണ നേതൃത്വം അക്രമത്തെ അപലപിക്കാത്തതില്‍ അത്ഭുതപ്പെടാനൊന്നുമില്ല.

അക്രമത്തെത്തുടര്‍ന്ന് മടങ്ങാനും ഇനി രാജസ്ഥാനില്‍ വെച്ച് ചിത്രീകരണം വേണ്ടെന്നും തീരുമാനിച്ചിരിക്കുകയാണ് സിനിമാ യൂനിറ്റ്. എന്നാല്‍ ഇന്ത്യയിലെവിടെ വെച്ചും ഈ സിനിമ ചിത്രീകരിക്കാന്‍ അനുവദിക്കില്ലെന്ന് ബി.ജെ.പി- വി.എച്ച്.പി നേതാക്കള്‍ ബന്‍സാലിയെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. മറ്റൊരു രജപുത് രാജ്ഞിയെ മോശമായി ചിത്രീകരിച്ചെന്നാരോപിച്ച് ഇതേ കര്‍ണി സേന നേരത്തെ ‘ജോധാ അക്ബര്‍’ സിനിമ പ്രദര്‍ശിപ്പിച്ച സിനിമാശാല നശിപ്പിച്ചിരുന്നു.

അലാവുദ്ദീന്‍ ഖില്‍ജിയും പത്മാവതിയും തമ്മിലെ സ്‌നേഹബന്ധം ചരിത്ര കല്‍പിത കഥയാണ്. എന്നാല്‍ ഖില്‍ജി യാഥാര്‍ത്ഥ്യമായിരുന്നുവെന്ന് ചില അനൗദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. ഖില്‍ജി സത്യമായും ജീവിച്ചിരുന്ന വ്യക്തിയാണെന്നാണ് ഇവരുടെ വാദം. പതിനാറാം നൂറ്റാണ്ടില്‍ സൂഫി പണ്ഡിതന്‍ മാലിക് മുഹമ്മദ് ജയാസി എഴുതിയ സാങ്കല്‍പിക കഥയെ അടിസ്ഥാനമാക്കിയാണ് പത്മാവതിയെക്കുറിച്ചുള്ള പൊതുവായ വിവരങ്ങളും അവരുടെ ജൗഹറിനെ (മധ്യകാല ഇന്ത്യയിലെ രജപുത്ര സ്ത്രീകള്‍ അനുഷ്ഠിച്ചുവന്ന കൂട്ട ആത്മഹത്യ) ക്കുറിച്ചുള്ള അറിവുകളും ലഭിക്കുന്നത്.

ചിറ്റൂര്‍ രാജാവ് രത്തന്‍ സിങും സാങ്കല്‍പിക ദ്വീപായ സിംഹളയിലെ രാജ്ഞി പത്മാവതിയും തമ്മിലുള്ള പ്രണയ കഥയെ ചുറ്റിപ്പറ്റിയാണ് ക്ലാസിക്കല്‍ സൃഷ്ടിയായ ‘പത്മാവതി’ പുരോഗമിക്കുന്നത്. തന്റെ തത്തയായ ഹിരമാനില്‍ നിന്നാണ് പത്മാവതിയുടെ സൗന്ദര്യത്തെക്കുറിച്ച് രത്തന്‍ സിങ് അറിയുന്നത്. ഹിരമാന്റെ സഹായത്തോടെ രത്തന്‍ സിങ് രാജ്ഞിയെ തേടിപ്പോകുകയും അവരോട് അനുരാഗം പൂക്കുകയുമായിരുന്നു. എന്നാല്‍ രാഘവ് പണ്ഡിറ്റെന്നയാള്‍ രത്തന്‍സിങിനെ ഒറ്റിക്കൊടുക്കുകയും കുംഭല്‍നെര്‍ രാജാവിനാല്‍ അദ്ദേഹം കൊല്ലപ്പെടുകയുമായിരുന്നു വെന്നാണ് ഈ സാങ്കല്‍പിക കഥ പറയുന്നത്.

കുംഭല്‍നെര്‍ രാജാവിനും പത്മാവതിയില്‍ ഒരു കണ്ണുണ്ടായിരുന്നു. അതിനിടയില്‍ ഖില്‍ജി രാജ്ഞിയുടെ സൗന്ദര്യം കാണാനിടയാകുകയും അവരില്‍ അനുരാഗവിവശനാകുകയും രത്തന്‍സിങിന്റെ സാമ്രാജ്യം ആക്രമിക്കുകയും ചെയ്തു. ഇതു മനസ്സിലാക്കിയ പത്മാവതി മറ്റു വനിതകള്‍ക്കൊപ്പം കൂട്ട ആത്മഹത്യ (ജൗഹര്‍) ചെയ്യുകയായിരുന്നു. അധികാരത്തിന്റെ നിരര്‍ഥകത വ്യക്തമാക്കുകയും മനുഷ്യ അന്തകരണം തേടുന്നതിനു പുറത്തുള്ള ഭാവാര്‍ത്ഥത്തിലുമാണ് സൂഫി വര്യന്‍ അനശ്വരമായ ഈ ക്ലാസിക് സൃഷ്ടി രചിച്ചത്.

ഒരു കാലഘട്ടത്തിനു ശേഷം, പത്മാവതി രജപുത്ര യശസ്സിന്റെ അടയാളമായും ഖില്‍ജി ഇസ്‌ലാമിക അക്രമകാരിയും കാമ വെറിയനുമായി വിശദീകരിക്കപ്പെടുന്നതിലേക്ക് ചുരുങ്ങിയിരിക്കുകയാണ്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിന്റെ സ്വാധീനത്താലാണ് പ്രധാനമായും സമൂഹം ഭൂതകാലം നിര്‍മ്മിക്കുന്നത്. ഈ വിശദീകരണം രാജാക്കന്മാര്‍ അവരുടെ മതത്തിന്റെ വാഹനമായാണ് അവതരിപ്പിക്കപ്പെടുകയെന്ന ചരിത്രത്തിന്റെ വര്‍ഗീയ കാഴ്ചപ്പാടിനെ ചുറ്റിപ്പറ്റിയാണ്. രാജാക്കന്മാര്‍ക്ക് അധികാരത്തിലേക്കുള്ള പ്രധാന പ്രേരകം ചരിത്രത്തിന്റെ ഈയൊരു കുറുക്കുവഴിയാണ്.

ഒരു കാലയളവില്‍ നിര്‍മ്മിക്കപ്പെട്ട സമുദായ സ്മരണയുടെ കാതല്‍ സമകാലീന നാളുകളില്‍ അഭിവിന്യസിക്കുകയാണ്. രജപുത്ര രാജാക്കന്മാരുടെ ശൗര്യം അവതരിപ്പിക്കുകയാണ് ഇത്തരമൊരു വിവരണത്തിന്റെ ലക്ഷ്യം. ഇതനുസരിച്ച് അവര്‍ മുസ്‌ലിം ഭരണാധികാരികളെ ധീരമായി പ്രതിരോധിക്കുകയും ‘അവരുടെ സ്ത്രീകളുടെ’ യശസ് സംരക്ഷിക്കുകയും ചെയ്തു. മറിച്ച്, മുസ്‌ലിം ഭരണാധികാരികളാല്‍ കളങ്കിതമാകുന്നതിലും കൂടുതല്‍ സ്ത്രീകള്‍ ആത്മാഹുതി ചെയ്തിട്ടുണ്ട്. മുഗളരും രജപുത്രരും തമ്മിലുള്ള പരസ്പര പ്രവര്‍ത്തനം ആധാരമാക്കിയുള്ള ദീര്‍ഘമായ ചരിത്ര വിസ്താരത്തിലൂടെ, ഈ വിവരണം പൂര്‍ണമായും യാഥാര്‍ത്ഥ്യവുമായി എതിരാണെന്ന് വ്യക്തമാകും.

രാഷ്ട്രീയ സഖ്യങ്ങള്‍ ശക്തമാക്കിയതിനു പുറമെ രജപുത്ര പെണ്‍കുട്ടികള്‍ മുസ്‌ലിം മുഗള്‍ രാജാക്കന്മാരെ വിവാഹം കഴിക്കുകയും ചെയ്തിരുന്നു. ഏതാനും വര്‍ഷം മുമ്പ് ജോധാ അക്ബര്‍ സിനിമക്കു നേരെ ആക്രമണമുണ്ടായിരുന്നു. മുസ്‌ലിം രാജാവും ഹിന്ദു രാജ്ഞിയും തമ്മിലുള്ള ബന്ധമായിരുന്നു ഈ സിനിമയുടെയും ഇതിവൃത്തം. കഴിഞ്ഞ കാലത്തെ ഒരു സംഭവം അവതരിപ്പിക്കുമ്പോള്‍ കല്‍പിക കഥയുടെ വര്‍ണപ്പൊലിമ നല്‍കുക സാധാരണമാണ്. അപ്രകാരം മുഗള്‍ രാജവംശം തങ്ങളുടെ സാമ്രാജ്യം സ്ഥാപിക്കാന്‍ ശ്രമിച്ചതും അതുമായി ബന്ധപ്പെട്ട യുദ്ധങ്ങളും സഖ്യങ്ങളുമെല്ലാം ഉപഭൂഖണ്ഡത്തില്‍ ദൃശ്യമായതാണ്.

അക്ബറും റാണ പ്രതാപും പരസ്പരം യുദ്ധം ചെയ്തപ്പോള്‍ പിന്നീട് റാണ പ്രതാപിന്റെ മകന്‍ അമര്‍ സിങ് അക്ബറിന്റെ പുത്രന്‍ ജഹാംഗീറുമായി സഖ്യത്തിലാവുകയാണുണ്ടായത്. രജപുത്ര രാജാക്കന്മാര്‍ മുഗള്‍ ഭരണത്തില്‍ ഉന്നത ഭരണാധികാര പദവികള്‍ അലങ്കരിച്ചിരുന്നു. പ്രത്യേകിച്ചും മുഗളരുടെയും രജപുത്രരുടെയും ഒത്തൊരുമ മധ്യകാല യുഗത്തിലെ സാമൂഹിക, രാഷ്ട്രീയ മണ്ഡലത്തില്‍ പ്രധാന ഘടകമായിരുന്നു.
രജപുത്ര രാജ്ഞികളെക്കുറിച്ച് രണ്ട് അവതരണങ്ങളുണ്ട്.

ശക്തരും ശ്രദ്ധയാകര്‍ഷിക്കുന്നവരുമെന്നതാണ് അതിലൊന്ന്. ബഹുജന മനം കവരുന്നതില്‍ ഏറെ മുന്നിലുള്ള ഇവര്‍ സമുദായത്തിന്റെ യശസ് സംരക്ഷിക്കാന്‍ അനുഷ്ഠിക്കുന്ന ആത്മാഹുതി പ്രശംസനീയമാണ്. രാജകീയ കുടുംബങ്ങളില്‍ അധികാരവുമായി ബന്ധപ്പെട്ട മിശ്ര വിവാഹമാണ് രണ്ടാമത്തേത്. അക്കാലത്ത് നിലനിന്ന പുരുഷാധിപത്യ ആശയങ്ങളില്‍ കാണാമായിരുന്ന ‘പുത്രിമാരെ ദാനം നല്‍കല്‍’ സമൂഹത്തിലെ ഒരു വിഭാഗം പരാജയപ്പെടുത്തുകയും അതിനാല്‍ ഈ വിവരണം ഓര്‍മ്മകളില്‍ നിന്ന് ഇല്ലാതാകുകയും യശസിന്റെ പേരില്‍ ജൗഹര്‍ സങ്കല്‍പത്തിന് പ്രാമുഖ്യം കൈവരികയും ചെയ്തു.

ജോധാ അക്ബര്‍ സിനിമയില്‍ പ്രതിപാദിക്കുന്ന രജപുത്ര രാജ്ഞിയും മുഗള്‍ രാജാവും തമ്മിലുള്ള വിവാഹം രണ്ട് ഭരണാധികാര കുടുംബങ്ങള്‍ തമ്മിലുള്ള രാഷ്ട്രീയ ഉടമ്പടിയാണ്. ഇപ്പോള്‍ ഇത്തരം സ്മരണകള്‍ മായ്ച്ചുകളയാന്‍ ശ്രമം നടക്കുന്നത് പ്രചാരത്തിലുള്ള സാമുദായിക യശസിന് അസുഖകരമാണ്. അതിനാല്‍ ജോധാ അക്ബര്‍ അവതരിപ്പിക്കുന്നതില്‍ ഇവിടെ അസ്വസ്ഥത പടരും.

‘പത്മാവതി’യുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഒരു പടികൂടി കടന്നിട്ടുണ്ട്. ‘സാമുദായിക അന്തസ്’ കാവല്‍ക്കാര്‍ ക്രൂരമായ ആക്രമണം നടത്തിയത് വെറും കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തിലാണ്. സംവിധായകന്റെ മനസില്‍ എന്താണെന്നത് ആര്‍ക്കുമറിയില്ല. പക്ഷേ മുസ്‌ലിം യുവാവുമൊത്തുള്ള ഹിന്ദു പെണ്‍കുട്ടിയുടെ സ്വപ്‌ന രംഗം ചിത്രീകരിക്കുന്നത് കര്‍ണി സേന പോലുള്ളവരുടെ മനസിനെ അസ്വസ്ഥമാക്കുന്നതാണ്. തീര്‍ച്ചയായും കഴിഞ്ഞ മൂന്ന് ദശകങ്ങള്‍ക്കകമാണ് ഇത്തരം സമീപനങ്ങള്‍ കയറിക്കൂടിയതും ഒരു കാലയളവില്‍ പരിശോധനയില്ലാതെ വളര്‍ന്നതും.

കലാകാരന്മാരുടെ സ്വാതന്ത്ര്യം വലതുപക്ഷ ദേശീയത നിയന്ത്രിക്കുകയും അവരുടെ സംഘം ശക്തമാകുകയും പരിശോധിക്കപ്പെടാതാവുകയും ഹിന്ദുത്വ രാഷ്ട്രീയത്തിന് നിയമ സാധുത കൈവരികയും ശക്തമാകുകയും ചെയ്തു. ഈ സംഘത്തിന്റെ വളര്‍ന്നുവരുന്ന അതിതീവ്ര സമീപനം സിനിമാ നിര്‍മ്മാതാക്കളില്‍ അസ്വസ്ഥത ജനിപ്പിച്ചിട്ടുണ്ട്. ആവിഷ്‌കാര സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിന് പ്രതിജ്ഞാബദ്ധരായ രാഷ്ട്രീയ സംവിധാനം കാഴ്ചക്കാരാവുകയാണ്. ഹിന്ദുത്വത്തിന്റെ ഈ പ്രത്യയശാസ്ത്രത്തില്‍ ഭൂതകാലത്തെ ബഹുസ്വരത അവതരിപ്പിക്കുന്നതിന് യാതൊരു ഇടവുമില്ലെന്നത് അടിവരയിടേണ്ടതാണ്; അത് കലാകാരന്മാരുടെ കലാസൃഷ്ടികളിലായാല്‍ പോലും. ‘ജനാധിപത്യ പരീക്ഷണ’ ത്തില്‍ സര്‍ക്കാര്‍ വീണ്ടും വീണ്ടും പരാജയപ്പെടുകയാണ്.