തേനിത്തോട്ടത്തിലെ മുന്തിരിക്ക് നല്ല മധുരം തന്നെ. എന്നാലതിലെ പുളിപ്പ് ഇപ്പോഴാണ് പലര്‍ക്കും പിടികിട്ടിയത്. കിട്ടാത്ത മുന്തിരിക്കസേര പുളിക്കുമെന്ന് ശശികലയെക്കൊണ്ട് പറയിപ്പിച്ചേ ഇനി അടക്കമുള്ളൂ. ‘സ്‌നേഹിച്ചാല്‍ നക്കിക്കൊല്ലും. അല്ലെങ്കില്‍ വെട്ടിക്കൊല്ലും’. ഇതാണ് കൊല്ലിനും കൊലക്കും പേരു കേട്ട തേവര്‍മാരുടെ വഴക്കം. തമിഴകത്തിന്റെ മൊത്തവും തേവര്‍മാരുടെ സവിശേഷവുമായ ഈ ശൈലി അക്ഷരാര്‍ഥത്തില്‍ കാണുന്നത് പനീര്‍ശെല്‍വം എന്ന ഒട്ടക്കാരതേവര്‍ മകനിലാണ്. ‘എന്നെ കട്ടായപ്പടുത്തനാല്‍താന്‍ നാന്‍ രാജിനാമാ ചെയ്തത്.. പുരച്ചി തലൈവി അമ്മാവുടയ ഇനക്കൈ വിട്ട് നാനൊന്നും ശെയ്യമാട്ടേന്‍’. പറയുന്നത് ഒ. പനീര്‍ശെല്‍വം എന്ന തമിഴരുടെ അറുപത്താറുകാരന്‍ ഒ.പി.എസ്.

വീരചേര, പാണ്ഡ്യ, ചോളന്മാരുടെ പോരില്ലമായ ശെന്തമിഴകത്തെ പെരിയ കുളത്തുനിന്ന് ചെന്നൈയിലെ ഉന്നതമായ അധികാരക്കസേരയിലെത്തിയ പനീര്‍ശെല്‍വത്തിന്റെ മനസ്സ് പന്നീര്‍ അഥവാ റോസ് പോലെയാണെന്ന് അനുയായികള്‍ പറയും. അത്രക്ക് വിധേയത്വമാണ് ജയലളിതയമ്മാവോട് ഈ വിധേയന്. തമിഴകത്തെ വിധേയന് അവാര്‍ഡ് കൊടുക്കാമെങ്കില്‍ അത് ഈ ദ്രാവിഡ മഹിമക്ക് കിട്ടണം. നീണ്ട മുപ്പതു വര്‍ഷത്തെ വിധേയത്വമാണ് തോഴി ശശികലക്ക് ജയലളിതയോട് ഉള്ളതെങ്കില്‍ അത്രയും തന്നെ ആഭിമുഖ്യം പനീരിനുമുണ്ട്.

തമിഴ്‌നാട്ടില്‍ എം.ജി.ആറിന് മുന്നില്‍ അനുയായികളും നേതാക്കളും തൊഴുതു വഴങ്ങിയെങ്കില്‍ ജയയുടെ കാലത്ത് അത് മുട്ടിലിഴച്ചിലിലേക്ക് നീണ്ടതിന് കാരണം ഈ പനീരാണ്. ആനാല്‍ അളമുട്ടിയാല്‍ ഈ പനീര്‍ ചേരയും കടിക്കും. അമ്മയുടെ മരണത്തെക്കുറിച്ച് സുപ്രീം കോടതി ജഡ്ജിയെക്കൊണ്ട് അന്വേഷിക്കാന്‍ ഉത്തരവിടുമെന്ന് പറയാന്‍ മാത്രം നീറ്റലാണ് ആ മനസ്സിനേറ്റിരിക്കുന്നത്. അതിനെ മുന്തിരിച്ചാറിലിട്ട നാക്ക് പിന്‍വലിക്കാന്‍ കഴിയാത്തതു കൊണ്ടാണെന്ന് പറയുന്നവര്‍ പറയട്ടെ.

1951 ജനുവരി പതിനാലിന് പെരിയകുളത്ത് ഒട്ടക്കാരതേവര്‍ക്കും പഴനിയമ്മാള്‍ നാച്ചിയാര്‍ക്കും മകനായി ജനിച്ച പന്നീര്‍ശെല്‍വം എന്ന പാര്‍ട്ടിക്കാരുടെ സ്വന്തം ഒ.പി.എസിന് ഉത്തമപ്പാളയത്തെ കോളജില്‍ നിന്ന് ബിരുദത്തിന് പഠിക്കാനായെങ്കിലും ഇന്നും ഇംഗ്ലീഷ് എന്നത് കടു കട്ടി താന്‍. കൂട്ടുകാരന്‍ സലാവുദ്ദീനാണ് രാഷ്ട്രീയത്തിലിറങ്ങാന്‍ പ്രേരിപ്പിച്ചത്. അത് പിഴച്ചില്ലെന്ന് പന്നീരിന് ഇപ്പോഴും കട്ടായമായി പറയാന്‍ കഴിയും. രണ്ടുതവണ, 2001ല്‍ ആറു മാസവും 2014ല്‍ എട്ടു മാസവും ജയാമ്മ ജയിലില്‍ പോയപ്പോഴും തന്റെ മുഖ്യമന്ത്രിക്കസേരയിലേക്ക് പിടിച്ചിരുത്തിയത് തന്റെ ഈ എക്കാലത്തെയും വിശ്വസ്തനെയാണ്. അപ്പോഴെല്ലാം ജയയുടെ മുഖ്യമന്ത്രിക്കസേര ഒഴിച്ചിട്ട് സമീപത്ത് വേറെ കസേരയിലിരുന്നായിരുന്നു ഈ വിനീതന്റെ ഭരണം.

2006ല്‍ പ്രതിപക്ഷ നേതാവുമായി. തമ്പിദുരൈ അടക്കമുള്ളവര്‍ക്ക് അതൊന്നും ഇഷ്ടമായിരുന്നില്ലെന്ന് മനസ്സിലാക്കിയ ജയാമ്മ തന്നെ ഒരിക്കല്‍ പൊതു വേദിയില്‍ വെച്ച് താക്കീതായി പറഞ്ഞു: ഇന്‍സ്റ്റന്റ് ബ്രൂകാപ്പിയായി രാഷ്ട്രീയത്തിലിറങ്ങി വന്നയാളല്ല പനീര്‍ശെല്‍വം. ബോഡിനായ്ക്കന്നൂരില്‍ നിന്ന് നിയമസമാജികനാകും മുമ്പ് തേനിയിലെ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി. 1969ല്‍ പതിനെട്ടാം വയസ്സിലാണ് അണ്ണാദുരൈയുടെ ഡി. എം.കെയിലൂടെ പൊതു രംഗത്തിറങ്ങിയത്. 1996 മുതല്‍ 2001 വരെ പെരിയകുളം നഗരസഭാ ചെയര്‍മാനായി.

1973ല്‍ കരുണാനിധിയെ വിട്ട് എം.ജി.ആര്‍ സ്വന്തം പാര്‍ട്ടിയുണ്ടാക്കുന്നതോടെ അതിലേക്ക് മാറി അണ്ണാ ഡി.എം.കെയുടെ സ്ഥാപക നേതാവായി. തന്റെ രാഷ്ട്രീയ യജമാനത്തിയും തോഴിയും മറ്റും കോടികളുടെ കോഴക്കുരുക്കില്‍ പെട്ട് തുറുങ്കലിലേക്ക് പോകുമ്പോഴെല്ലാം അഴിമതിയുടെ കറപുരളാതെ അധികാരക്കസേര കാത്ത നേതാവായി. അതുകൊണ്ടായിരിക്കണം ധനം, പൊതുമരാമത്ത് വകുപ്പുകളുടെയും അമൈച്ചറായി. പാര്‍ട്ടിയുടെ ധനപ്പെട്ടിയും നല്‍കി. ഇപ്പോഴത് ശശികല എടുത്തുമാറ്റിയപ്പോള്‍ ബാങ്കിലേക്ക് കത്തയച്ചിരിക്കുന്നു.

2017 ഫെബ്രുവരി ഏഴിന് രാത്രി നീണ്ട നാല്‍പതു മിനിറ്റോളം ജയയുടെ ശവകുടീരത്തില്‍ ചെലവിട്ടത് അവരുടെ ആത്മാവുമായി സംസാരിക്കാനായിരുന്നു. തൊട്ടടുത്ത നിമിഷമാണ് ഈ തേവര്‍ മകന്റെ വിശ്വരൂപം ജനം കണ്ടത്. മുഖ്യമന്ത്രിക്കസേര കാരണം അതുവരെ മനസ്സിലിട്ടുവെച്ച പത്തു ശതമാനം സത്യങ്ങള്‍ പറഞ്ഞു. ജയാമ്മയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ച ശേഷം പിന്നെ കാണാന്‍ കഴിഞ്ഞില്ലെന്ന് പറഞ്ഞത് ഒരു ശതമാനം.

2016 ഡിസംബര്‍ അഞ്ചിന് അര്‍ധ രാത്രി മുതല്‍ രണ്ടു മാസം ഭരിച്ചപ്പോള്‍ ജനം ഈ നേതാവില്‍ പുതിയ അവതാരത്തെ കണ്ടു. സാംസ്‌കാരികമാണെങ്കിലും ജല്ലിക്കട്ട് സമരം അതിരുകടന്നപ്പോള്‍ പൊലീസിനെ വിട്ട് അടിച്ചോടിച്ചപ്പോഴാണ് പനീരിലെ ഭരണ പാടവം ജനം ശരിക്കും തിരിച്ചറിഞ്ഞത്. ശശികലയെ ചൊടിപ്പിച്ചതും ഇതാണ്. പിന്നാലെ എത്തിയത് മന്ത്രിമാരിടപെട്ട് രാജിക്കായി സമ്മര്‍ദം. മുഖ്യമന്ത്രിക്കസേരയില്‍ ഇരിക്കാമെന്ന ശുഭപ്രതീക്ഷയാണ് ആ വെള്ളക്കുറിയുള്ള കറുത്ത മുഖത്ത് മിന്നുന്നത്. എന്തായിരിക്കും അതിനടിസ്ഥാനമെന്ന് ഇനി കണ്‍പാര്‍പ്പോം.