columns
മതവിരുദ്ധത കമ്യൂണിസത്തിന്റെ രാഷ്ട്രീയം

ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി
മതവും വിശ്വാസവുമായി കമ്മ്യൂണിസം യോജിച്ചുപോകുമോ എന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ സാര്‍വത്രികമാണ്. കമ്മ്യൂണിസം സംബന്ധിച്ച് അനുകൂലപ്രതികൂല ചര്‍ച്ചകളും വാഗ്വാദങ്ങളും ലോകവ്യാപമകമായി തന്നെ നടക്കുന്നുമുണ്ട്. സാര്‍വജനീനവും സാര്‍വകാലികവുമായ ഇസ്‌ലാമിന്റെ കാഴ്ചപ്പാട് ഇവ്വിഷയകമായി എന്താണ് എന്നതു സംബന്ധിച്ചുള്ള വിശകലനം പുതിയ കാലത്ത്, വര്‍ത്തമാന രാഷട്രീയാന്തരീക്ഷത്തില്‍ അനിവാര്യമാണെന്ന് തോന്നുന്നു.
യൂറോപ്യന്‍ മുതലാളിത്വം അതിന്റെ ഉത്തുംഗതയിലെത്തിയ കാലത്താണ് മര്‍ക്‌സിസത്തിന്റെ ഉത്ഭവം.1818ല്‍ ജര്‍മനിയിലെ ട്രിയര്‍ പട്ടണത്തില്‍ യഹൂദി വംശജനായി ജനിച്ച്, നാട്ടുകാര്‍ക്കിടയില്‍ നിര്‍ഭയനും സര്‍വതന്ത്ര സ്വതന്ത്രനുമായി ജീവിച്ച കാറല്‍മാര്‍ക്‌സിനെയാണ് കമ്മ്യൂണിസ്റ്റ് സിദ്ധാന്തത്തിന്റെ ശില്‍പിയായി ഗണിക്കുന്നത്. സാമ്പത്തിക വിദഗ്ദന്മാരായിരുന്ന സെന്റ്‌സൈമണ്‍, ചാര്‍ലെസ് ഫൗരിയര്‍, റോബര്‍ട്ട് ഓവന്‍, ലൂയിബ്ലാന്‍ എന്നിവരുടെ ചിന്താഗതികളില്‍ ആകൃഷ്ടനായ കാറല്‍മാര്‍ക്‌സ് അവരുടെ ആശയങ്ങളാണ് ആവാഹിച്ചത്.
ഇംഗ്ലണ്ടിലെ റിക്കാര്‍ഡോ, അഡം സ്മിത്ത് എന്നിവരുടെ സാമ്പത്തിക ആദര്‍ശങ്ങളും ഫ്രാന്‍സിലെ വോള്‍ടയര്‍, റൂസ്സോ എന്നിവരുടെ രാഷ്ട്രീയ സിദ്ധാന്തങ്ങളും ജര്‍മനിയിലെ ഹെഗലിന്റെ തത്വശാസ്ത്രവുമെല്ലാം മാര്‍ക്‌സിനെ സ്വാധീനിച്ച ഘടകങ്ങളായിരുന്നു. 1844ല്‍ ഫ്രെഡറിക് എംഗല്‍സിനെ കൂടി ലഭിച്ചതോടെ തന്റെ ആശയ പ്രചരണം കൂടുതല്‍ വിപുലമാക്കി.
അക്കാലത്തുണ്ടായിരുന്ന സാമ്പത്തിക വ്യവസ്ഥയില്‍ സമൂലമായ പരിവര്‍ത്തനം ഉണ്ടാക്കുക എന്നതായിരുന്നു മാര്‍ക്‌സിന്റെ ആദ്യതീരുമാനം. അതിനായി ഒരു തത്വശാസ്ത്രവും നിര്‍മിച്ചു. തന്റെ ചിന്തയില്‍ ഭൗതികത്വത്തിന്നും ഭക്ഷണ പ്രശ്‌നത്തിന്നുമല്ലാതെ മറ്റൊന്നിന്നും ഇടമില്ലാതിരുന്നതിനാല്‍ പ്രകൃതിക്കനുസരിച്ച് നിയമിക്കപ്പെട്ട ജീവിത ലക്ഷ്യവും ശാസ്ത്രീയ പദ്ധതിയും കേവലം ഭൗതികമായ ലക്ഷ്യവും മാത്രമാണ് തന്റെ തത്വശാസ്ത്രത്തില്‍ ഉള്‍പെടുത്തിയത്. അതാണ് മാര്‍ക്‌സിസം അഥവാ കമ്മ്യൂണിസമായി പ്രചരിച്ചത്.
മാര്‍ക്‌സിന്റെ ഭൗതിക തത്വശാസ്ത്രത്തിനു സാങ്കേതികമായി വൈരുദ്ധ്യാധിഷ്ഠിത ഭൗതിക വാദമെന്നാണ് പറയുക. പ്രപഞ്ചത്തെ കുറിച്ചുള്ള തന്റെ വിശകലനം വൈരുദ്ധ്യാധിഷ്ഠിതമായതാണ് അങ്ങനെ പറയാന്‍ കാരണം. ഈ വൈരുദ്ധ്യാധിഷ്ഠിത ഭൗതിക വാദം വ്‌ലാഡിമിര്‍ ലെനിന്റെ ഭാഷയില്‍ പറഞ്ഞാല്‍ മാര്‍ക്‌സിസത്തിന്റെ ജീവനും അടിക്കല്ലുമാണ്. വര്‍ഗ സമരവും ചരിത്രത്തിന്റെ ഭൗതിക വ്യാഖ്യാനവും വൈരുദ്ധ്യാധിഷ്ഠിത ഭൗതിക വാദത്തിന്റെ രണ്ട് വശങ്ങളാണ്. ലോകത്ത് ഇതുവരെ ഉണ്ടായിക്കൊണ്ടിരുന്നതെല്ലാം സാമ്പത്തിക പ്രശ്‌നത്തിന്റെയും വര്‍ഗ സമരത്തിന്റെയും തുടര്‍ച്ചയായ കഥാപരമ്പരയാണെന്നാണ് അദ്ദേഹം പറയുന്നത്. മതമാകട്ടെ, സദാചാരമാകട്ടെ, ഒന്നും തന്നെ അതിന്റെ പ്രവര്‍ത്തന പരിധിയില്‍ നിന്നു പുറത്തുപോകുന്നില്ലെന്ന് സാരം.
യേശുവിന്റെ ആത്മീയ ഉപദേശങ്ങളും പ്രവാചകന്‍ മുഹമ്മദ് നബി(സ്വ)യുടെ ഇസ്‌ലാം മത പ്രബോധനവുമെല്ലാം വയറിന്നും റൊട്ടിക്കും വേണ്ടി ആയിരുന്നുവെന്നാണ് മാര്‍ക്‌സിസത്തിന്റെ വ്യാഖ്യാനം.
ലോകത്ത് സംഭവിച്ചതെല്ലാം വര്‍ഗപരവും സാമ്പത്തികവുമായ സംഘട്ടനങ്ങളുടെ തുടര്‍ച്ചയാണെന്ന മാര്‍ക്‌സിന്റെ വാദം അംഗീകരിച്ചാല്‍ പിന്നെ മതവും ദൈവവും അസ്ഥാനത്താകും. തനി ഭൗതിക വാദത്തിന്മേല്‍ അധിഷ്ഠിതമായ ആ തത്വശാസ്ത്രത്തില്‍ മതപരമോ, ആത്മീയമോ ആയ യാതൊരു ആദര്‍ശത്തിന്റെയും പ്രസക്തിയില്ല. അദൃശ്യനായ ലോകസ്രഷ്ടാവിനെ കുറിച്ചുള്ള ഭാവന പോലും ഉണ്ടാകില്ല.
എന്നാല്‍ ഇസ്‌ലാമിക ചിന്തകളുടെ ആവിര്‍ഭാവം തന്നെ ലോകസ്രഷ്ടാവിനെക്കുറിച്ചുള്ള ബോധത്തില്‍ നിന്നാണ്. ആദ്യമായി ലോക സ്രഷ്ടാവിനെ് ഗ്രഹിക്കുന്നു. പിന്നെയാണ് മറ്റുള്ളതെല്ലാം. ഈ തത്വത്തില്‍ ഇസ്‌ലാമും കമ്മ്യൂണിസവും രണ്ട് ധ്രുവങ്ങളിലാണ്. അവ രണ്ടും യോജിച്ചു പോവുക എന്നത് അസാധ്യവുമാണ്. ഒന്നിനോടു എത്രകണ്ട് സമീപിക്കുന്നുവോ അത്രകണ്ട് മറ്റേതില്‍ നിന്നു അകന്നുപോകുന്നു.
മാര്‍ക്‌സ് തന്നെ പറയുന്നത് ഇങ്ങനെയാണ്: ‘കമ്മ്യൂണിസം ആരംഭിക്കുന്നിടത്ത് നിരീശ്വരത്വവും ആരംഭിക്കുന്നു’. പ്രമുഖ ചിന്തകനും തത്വജ്ഞാനിയുമായ എം.എന്‍ റോയി എഴുതുന്നു: ‘കമ്മ്യൂണിസത്തിന്റെ തത്വശാസ്ത്രം ഭൗതികവാദമാകുന്നു. അതു മതത്തെ പിന്നാമ്പുറത്തേക്ക് എറിയുന്നു. ആത്മീയമായ യാതൊന്നും അത് സമ്മതിക്കുന്നില്ല. ജീവിതത്തെക്കുറിച്ചും സൃഷ്ടികളെക്കുറിച്ചുമുള്ള മതപരമായ അഭിപ്രായത്തെ അതു നിഷേധിക്കുന്നു…. മാര്‍ക്‌സിന്റെ തത്വശാസ്ത്രത്തില്‍ മനുഷ്യന്‍ ഏതോ ഒരു അദൃശ്യ ശക്തിയുടെ കയ്യിലുള്ള ഉപകരണമല്ല. മനുഷ്യന്‍ അധിവസിക്കുന്ന ലോകത്തെ അവന്‍ തന്നെയാണ് സൃഷ്ടിക്കുന്നത്. അവന്‍ തന്നെയാണ് സമുദായത്തേയും സൃഷ്ടിക്കുന്നത്. ആകയാല്‍ ഒരു വ്യക്തിപരമായ ദൈവവിശ്വാസമാകട്ടെ ആരാധാനാഫലത്തെക്കുറിച്ചോ ലോകത്തെക്കുറിച്ചോ ഉള്ള മതപരമായ അഭിപ്രായമാകട്ടെ അവയിലൊന്നും തന്നെ മാര്‍ക്‌സിന്റെ സിദ്ധാന്തത്തോടിണങ്ങിച്ചേരില്ല എന്നുള്ളത് തികച്ചും വ്യക്തമാണ്. കിറലുലിറലിരല ീള കിറശമ (ഖമിൗമൃ്യ 29, 1939).
ലെനിന്‍ പറയുന്നത് കാണുക: കമ്മ്യൂണിസത്തിന്റെ താത്വികമായ അടിസ്ഥാനം മാര്‍ക്ക്‌സും, ഏംഗല്‍സും പ്രസ്താവിച്ച പോലെ വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദമാണ്. ഇതാകട്ടെ തികച്ചും നിരീശ്വരപരവും സര്‍വ മതവിരുദ്ധവുമാകുന്നു. (മാര്‍ക്‌സ് ഏംഗല്‍സ് മാര്‍ക്‌സിസം 273). കമ്മ്യൂണിസ്റ്റ് ഗ്രന്ഥകര്‍ത്താവായ ബുഖാറിന്‍പ്രിയോ ബ്രാസന്‍സ്‌കി അദ്ദേഹത്തിന്റ എ. ബി. സി ഓഫ് കമ്മ്യൂണിസം എന്ന പുസ്തകത്തില്‍ എഴുതിയത് ഇങ്ങനെയാണ്: ”മതവും കമ്മ്യൂണിസവും കേവലം പരസ്പരവിരുദ്ധങ്ങളായ രണ്ടാശയങ്ങളാണ്. താത്വികമായും പ്രായോഗികമായും അവ പരസ്പരം വിരുദ്ധങ്ങളാണ്. കമ്മ്യൂണിസ്റ്റ് ആവുകയും അതേ അവസരത്തില്‍ ഒരു മതത്തില്‍ വിശ്വസിക്കുകയും ചെയ്താല്‍ അക്കാരണം കൊണ്ടു തന്നെ അവന്‍ കമ്മ്യണിസ്റ്റ് അല്ലാതെയാകുന്നു.” ലെനിന്‍ പറയുന്നു: ‘നിരീശ്വരത്വം കമ്മ്യൂണിസത്തിന്റെ അവിഭാജ്യഘടകമാകുന്നു. അതിനാല്‍ വര്‍ഗബോധമുള്ള മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നിരീശ്വരത്വത്തിനുവേണ്ടി പ്രചാര വേല ചെയ്യണം.’ (റിലീജന്‍ പേജ് 7).
മേല്‍ ഉദ്ധരണികളില്‍ നിന്നെല്ലാം കാര്യങ്ങള്‍ വ്യക്തമാണ്. കമ്മ്യൂണിസമെന്ന ‘ഇസം’ തന്നെ നിരീശ്വരത്വത്തില്‍ അധിഷ്ഠിതമാണെന്നും ദൈവനിഷേധം അതിന്റെ അവിഭാജ്യഘടകമാണെന്നും കമ്മ്യൂണിസത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് നിരീശ്വരവാദിയാകാതെ തരമില്ലെന്നും സുവ്യക്തം.
കമ്മ്യൂണിസത്തെ അനുകൂലിക്കുന്നവരുടെ പ്രധാന വാദഗതി നിരീശ്വരവാദികളായ കമ്മ്യൂണിസ്റ്റുകാര്‍ റഷ്യയിലും ചൈനയിലും മാത്രമാണ്. ഇന്ത്യയിലെ കമ്മ്യൂണിസവും അതിന്റെ അനുയായികളും ഏറെ വിഭിന്നമാണ്. പൊതുജനങ്ങളെയും സാധാരണക്കാരെയും അജ്ഞരും മൂഢരുമാക്കാനാള്ള വാദങ്ങള്‍ മാത്രമാണിത്. മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ഇന്ത്യന്‍ കമ്മ്യൂണിസത്തെ സംബന്ധിച്ച് പറഞ്ഞത്, നൂറ് വര്‍ഷം മുമ്പ് ആവിഷ്‌കരിക്കപ്പെട്ട ഒരു കര്‍മ്മപദ്ധതി (മാര്‍ക്ക്‌സിസം) ഇന്ത്യക്കു പറ്റില്ലെന്നാണ്. എന്നാല്‍ നാളിതുവരെ ഉത്തരവാദിത്വപ്പെട്ട ഒരു കമ്മ്യൂണിസ്റ്റ് നേതാവും ഞങ്ങള്‍ മാര്‍ക്‌സിസത്തില്‍ വിശ്വസിക്കുന്നവരോ, മാര്‍ക്ക്‌സിയന്‍ സിദ്ധാന്തം ഇവിടെ നടപ്പില്‍ വരുത്താനുദ്ദേശിക്കുന്നവരോ അല്ല എന്ന് ഇതുവരെ പറഞ്ഞിട്ടില്ല. നേരേമറിച്ചു അവരില്‍ പലരും തങ്ങള്‍ മാര്‍ക്ക്‌സിസ്റ്റുകളാണെന്നും പാര്‍ട്ടി ഇവിടെ നിരീശ്വരത്വം പ്രചരിപ്പിക്കുമെന്നും തുറന്നു പ്രസ്താവിച്ചിട്ടുണ്ട്.
സി.പി.എം കേന്ദ്രകമ്മിറ്റിയംഗം എം.വി ഗോവിന്ദന്‍ ഈയടുത്തായി നടത്തിയ പ്രസ്താവന കമ്മ്യൂണിസ്റ്റ് പാര്‍ട്ടികകത്ത് തന്നെ ഏറെ കോളിളക്കമുണ്ടായിരുന്നു. മതത്തിനും ദൈവ വിശ്വാസത്തിനും ഏറെ പ്രാധാന്യമുള്ള ഇന്ത്യ പോലെയൊരു സമൂഹത്തില്‍ വൈരുദ്ധ്യാത്മക ഭൗതികവാദവുമായി മുന്നോട്ടുപോകാനാകില്ലെന്നാണ് അദ്ദേഹം പ്രസംഗിച്ചത്. എന്നാല്‍ ഇതിനെതിരെ പാര്‍ട്ടികത്ത് തന്നെ ശക്തമായ വിമര്‍ശനങ്ങളുണ്ടാവുകയും അദ്ദേഹത്തെ നേതൃത്വം തള്ളിപ്പറയുകയും ചെയ്തു. അതായത് തങ്ങളുടെ വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദത്തില്‍ നി്ന്നു ഒരടിപോലും പിന്നോട്ടുപോയിട്ടില്ലെന്നര്‍ത്ഥം.
ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ പാര്‍ട്ടിയുടെ തലയെടുപ്പുള്ള നേതാവും കേരള മുഖ്യമന്ത്രിയുമായിരുന്ന സഖാവ് സി. അച്ചുതമേനോന്‍ എഴുതിയ ‘സോവിയറ്റു നാട്’ എന്ന പുസ്തകത്തിലെ വരികള്‍ നോക്കൂ: ‘പ്രധാനമായി നാലു കാര്യങ്ങളാണ് സോവിയറ്റു ഗവണ്‍മെന്റ് ഇതിനു (മതത്തെ നശിപ്പിക്കുന്നതിനു) സ്വീകരിച്ചിട്ടുള്ളത്. (ഒന്ന്) വിദ്യാലയങ്ങളില്‍ മതം പഠിപ്പിക്കാന്‍ പാടില്ല. (രണ്ട്) സമുദായ സേവനപരങ്ങളായ സ്ഥാപനങ്ങളൊന്നും ഏര്‍പെടുത്താനും നടത്താനും പുരോഹിതന്മാര്‍ക്കു പാടില്ല. പുരോഹിതന്മാര്‍ക്കെന്നല്ല മതാവശ്യത്തിന്നായി ആര്‍ക്കും പാടില്ല (മൂന്ന്) മതവിരോധ പ്രചാരവേലക്കുള്ള സൗകര്യം നിയമം അനുവദിക്കുന്നുണ്ട്. (നാല്) മത പ്രചാരകന്മാര്‍ക്കു മറ്റൊരു വലിയ വിഷമം നേരിടുന്നത്, തങ്ങളുടെ ആശയങ്ങള്‍ പ്രചരിപ്പിക്കത്തക്ക പുസ്തകങ്ങള്‍ കിട്ടാന്‍ വളരെ പ്രയാസമാണെന്നതാണ്. റഷ്യയില്‍ പുസ്തക പ്രസിദ്ധീകരണം ഒരു സര്‍ക്കാര്‍ കുത്തകയാണ്. സര്‍ക്കാരില്‍നിന്നു അതിനായി പ്രത്യേകം ഏര്‍പ്പെടുത്തുന്ന വകുപ്പില്‍ നിന്നാണ് ഇന്നയിന്ന പുസ്തകങ്ങള്‍ അടിക്കണമെന്നു നിര്‍ണയിക്കുന്നത്. അതില്‍ മതഗ്രന്ഥങ്ങള്‍ ഒരിക്കലും പെടുകയില്ല”.
ഈ ആശയം ഇന്നും നിലനില്‍ക്കുന്നുണ്ടെങ്കില്‍ കാര്യം കൂടുതല്‍ അപകടകരമാണ്. ഭരണസിരാകേന്ദ്രത്തില്‍ കമ്മ്യൂണിസം പിടിമുറുക്കിയാല്‍ മതസംഘടനകളുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെയും മദ്‌റസാ സംവിധാനങ്ങളെയും നിഷ്‌കാസനം ചെയ്യാനുള്ള കരുക്കള്‍ ഒളിഞ്ഞും പതിഞ്ഞും കളത്തിലറക്കിയേക്കാം.
നിരീശ്വരത്വം കമ്മ്യൂണിസത്തിന്റെ അവിഭാജ്യഘടകമാണ്. നിരീശ്വരത്വം ഇല്ലെങ്കില്‍ അത് കമ്മ്യൂണിസമേ ആവുന്നില്ല. ഇന്ത്യയിലെന്നല്ല, ലോകത്തെവിടെയാണെങ്കിലും കമ്മ്യൂണിസം നില്‍നില്‍ക്കുന്ന കാലത്തോളം അതിന്റെ പ്രത്യയശാസ്ത്രത്തില്‍ മാറ്റങ്ങളുണ്ടാവുകയില്ല. റഷ്യയിലെ കമ്മ്യൂണിസമല്ല ഇന്ത്യയിലെ കമ്മ്യൂണിസമെന്ന് പറയുന്നത് അറേബ്യയിലെ ഇസ്‌ലാം അല്ല ഇന്ത്യയിലെ ഇസ്‌ലാം എന്ന് പറയുന്നതുപോലെയാണ്.
മുസ്‌ലിംകളുടെ പ്രീതിയും അനുഭാവവും നേടാന്‍ കമ്മ്യൂണിസ്റ്റുകാര്‍ ചില താത്കാലിക ആനുകൂല്യങ്ങളും സഹായവാഗ്ദാനങ്ങളും നല്‍കുമെന്നതിനു ചരിത്രം സാക്ഷിയാണ്. ഏക സിവില്‍കോഡും പൗരത്വഭേദഗതി ബില്ലും തലക്കുമീതെ അപായസൂചകങ്ങളായി നിലിനല്‍ക്കുന്ന പുതിയ സാഹചര്യത്തില്‍, റഷ്യന്‍ വിപ്ലവകാലത്തെ ലെനിന്‍ വാഗ്ദാനങ്ങളെ നാം മറന്നുകൂടാ. സാര്‍ ചക്രവര്‍ത്തിമാരുടെ കൊട്ടാരത്തില്‍ സൂക്ഷിച്ചിരുന്ന ഉസ്മാന്‍ (റ)ന്റെ രക്തംപുരണ്ട ഖുര്‍ആന്‍ പിടിച്ചെടുത്ത് നിങ്ങളുടെ കൈവശം തിരിച്ചേല്‍പിക്കാമെന്നായിരുന്നു മുസ്‌ലിംകള്‍ക്ക് നല്‍കിയ വാഗ്ദാനം. ഇതുകേട്ട മുസ്‌ലിംകള്‍ കമ്മ്യൂണിസ്റ്റുകളോട് സഖ്യം ചേര്‍ന്നു. വിപ്ലവം വിജയിച്ചതോടെ മുസ്‌ലിംകളെ തിരസ്‌കരിക്കുകായിരുന്നു കമ്മ്യൂണിസ്റ്റുകാര്‍. വിശുദ്ധഗ്രന്ഥത്തെയും ആരാധനാലയങ്ങളെയും തമസ്‌കരിക്കുകയും അപഹരിക്കപ്പെടുകയും ഇസ്‌ലാമിക സാംസ്‌കാരിക കേന്ദ്രങ്ങളെ പാഴ് വസ്തുക്കളാക്കി മാറ്റുകയും ചെയ്തു. 1917ലെ ബോള്‍ഷെവിക്ക് വിപ്ലവം മുതല്‍ ഇക്കാലയളവിലായി 143 മില്യണിലധികം ആളുകളെ കമ്മ്യൂണിസ്റ്റുകാര്‍ നിഷ്ഠുരമായി കൊലചെയ്തിട്ടുണ്ടെന്നാണ് രേഖകള്‍ പറയുന്നത്. കമ്മ്യൂണിസ്റ്റ് രാജ്യമായ ചൈനയിലെ ഉയിഗൂര്‍ മുസ്‌ലിംകളോടുള്ള മനുഷ്യത്വരഹിതവും പ്രാകൃതവും പൈശാചികവുമായ പീഡനങ്ങള്‍ ഇന്നും അഭംഗുരം തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്.
ഭൗതിക സാഹചര്യങ്ങള്‍ ഏത്ര അനുകൂലമായാലും ചരിത്ര യാഥാര്‍ഥ്യങ്ങളോട് നാം മുഖം തിരിയരുത്. രാഷ്ട്രീയത്തിന്റെ ശരിതെറ്റുകള്‍ കൃത്യമായി ഗ്രഹിക്കേണ്ടതും പുതുതലമുറകള്‍ക്ക് പകര്‍ന്നുനല്‍കേണ്ടതുമുണ്ട്. ന്യൂനപക്ഷങ്ങളുടെ അസ്തിത്വത്തിനും നിലനില്‍പ്പിനും ഭീഷണിയുണ്ടാക്കുന്നവര്‍ക്കെതിരെ പ്രതിരോധം തീര്‍ക്കേണ്ടതും ജനാധിപത്യപ്രക്രിയയില്‍ അത്തരക്കാര്‍ക്കെതിരെ സമ്മതിദാനവാകാശം വിനിയോഗിക്കേണ്ടതും വിശ്വാസിയുടെ ബാധ്യതയാണ്.
columns
കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ കടബാധ്യതയുമായി, എല്ലാ വകുപ്പുകളിലും കോടികളുടെ കുടിശ്ശിക നിലനില്‍ക്കുന്ന ഒരു സര്‍ക്കാറാണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത്. ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടു, കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളവും പെന്‍ഷനുമില്ല, സ്‌കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിനു പോലും പണം നല്‍കാനില്ല, നെല്‍കര്‍ഷകരുടെ കുടിശ്ശിക കൊടുത്തുവീട്ടാന്‍ കഴിയുന്നില്ല, കുടിശ്ശിക നല്‍കാത്തതിനാല്‍ സപ്ലൈക്കോയില്‍ വിതരണക്കാര്‍ ടെണ്ടര്‍ എടുക്കുന്നില്ല, ലൈഫ് മിഷന്‍ പദ്ധതിയിലും കാരുണ്യ ഫണ്ടിലുമൊന്നും തുക ലഭ്യമാകുന്നില്ല തുടങ്ങിയ അതി ഗുരുതരമായ സാമ്പത്തിക സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഭരണകൂടങ്ങള്‍ പ്രകടമാക്കിയ എല്ലാ തരത്തിലുള്ള അസ്ഥിരതകളും ഈ സര്‍ക്കാര്‍ കാണിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് തകര്‍ച്ചക്ക് ആക്കം കൂട്ടുന്ന രീതിയില്‍ ധൂര്‍ത്തിന്റെ മഹാമേളയായി കേരളീയം തലസ്ഥാന നഗരിയില്‍ അരങ്ങേറുന്നത്. 27 കോടി രൂപ ചിലവഴിച്ച് സര്‍ക്കാര്‍ നടത്തുന്ന ഈ മഹാമഹം ധൂര്‍ത്തിന്റെ മാത്രമല്ല അഴിമതിയുടെയും കൂടിച്ചേരല്‍ കൂടിയാണ്. ടെണ്ടര്‍പോലുമില്ലാതെ ഇഷ്ടക്കാര്‍ക്ക് പരിപാടിയുടെ കരാര്‍ നല്‍കിയതു മുതല്‍ തുടങ്ങുന്നു അഴിമതിയുടെ ഗന്ധം.
കേരളം നിലവില്‍ വന്നതിനു ശേഷമുള്ള മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളുടെയും പിതൃത്വം നിര്‍ലജ്ജം തന്റെ പേരിനോട് ചേര്‍ത്തുവെക്കുന്ന മുഖ്യമന്ത്രി അതേ അല്‍പ്പത്തരത്തോടെ തന്നെ കേരളീയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം തന്റെ മുഖം പ്രതിഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. മാധ്യമങ്ങളായ മാധ്യമങ്ങളിലെല്ലാം ബഹുവര്‍ണ ചിത്രങ്ങള്‍ വെച്ചുള്ള പരസ്യം നല്‍കിയിട്ടും മതിവരാഞ്ഞിട്ട് പ്രധാന നഗരങ്ങളില്‍ കോടികള്‍ ചിലവഴിച്ച് ബഹുരാഷ്ട്ര കമ്പനികളുടെ പരസ്യബോര്‍ഡുകളെ വെല്ലുന്ന ഫോള്‍ഡിങ്ങുകള്‍ സ്ഥാപിച്ച് സായൂജ്യമടയുകയാണ്. ജി ട്വന്റി ഉച്ചകോടിയുടെ പേരില്‍ ഡല്‍ഹി നഗരം തന്റെ മാത്രം ചിത്രങ്ങളാല്‍ അലങ്കരിച്ച് ലോക രാഷ്ട്രങ്ങള്‍ക്കു മുന്നില്‍ രാജ്യത്തെ നാണംകെടുത്തിയ പ്രധാനമന്ത്രിയുടെ അതേ പാത പിന്തുടര്‍ന്ന് കേരളീയം നടക്കുന്ന തിരുവനന്തപുരം നഗരത്തെ തന്റെ സ്വന്തമാക്കിമാറ്റിയിരിക്കുകയാണ് മുഖ്യമന്ത്രി. വിവിധ സെഷനുകളില്‍ പങ്കെടുക്കുമ്പോള്‍ സ്വന്തം പേര് പ്രിന്റ് ചെയ്ത മുണ്ടും ഷര്‍ട്ടും കൂടി ധരിക്കാന്‍ ശ്രദ്ധിച്ചാല്‍ പ്രധാനമന്ത്രിയെപോലെ സമ്മേളനത്തെ കൈയ്യിലെടുക്കാന്‍ മുഖ്യമന്ത്രിക്കും സാധിക്കുന്നതേയുള്ളൂ.
ലോക കേരള സഭ പോലെ സംസ്ഥാന സര്‍ക്കാറിന്റെ നേട്ടങ്ങളെ ലോകം മുഴുവന്‍ എത്തിക്കുക എന്നതാണ് പരിപാടിയുടെ പ്രഖ്യാപിത ലക്ഷ്യമായി സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കോടികള്‍ ചിലവഴിച്ച് നടത്തുന്ന ലോക കേരള സഭകള്‍ സംസ്ഥാനത്തിന് എന്ത് നേട്ടമുണ്ടാക്കി എന്നന്വേഷിക്കുമ്പോഴാണ് ഈ പരിപാടികളുടെ പൊള്ളത്തരം വ്യക്തമാകുന്നത്. വേണ്ടപ്പെട്ടവരെ ആനയിച്ചു കൊണ്ടുവന്ന് തങ്ങളെക്കുറിച്ച് മുഖസ്തുതി പറയിപ്പിക്കുക എന്നതല്ലാതെ ലോക കേരള സഭ വഴി സംസ്ഥാനത്തുണ്ടായ എന്തെങ്കിലുമൊരു നേട്ടം എടുത്തുകാണിക്കാന്‍ സര്‍ക്കാറിന് സാധ്യമല്ല. ഈ സാഹചര്യത്തിലാണ് ഇതേ മാതൃകയില്‍ തന്നെ വിവിധ മേഖലകളിലെ പ്രമുഖരെക്കൊണ്ട് മുഖ്യമന്ത്രിയുടെയും സര്‍ക്കാറിന്റെയും അവതാനങ്ങള്‍ പാടിപ്പുകഴ്ത്തിക്കുകയും അതുകാണിച്ച് ആരാധക വൃന്തത്തെ ആനന്ദലബ്ധിയില്‍ ആറാടിപ്പിക്കുകയും ചെയ്യുന്നത്. തിരഞ്ഞെടുപ്പ് പ്രചരണം പോലെയുള്ള രംഗങ്ങളില്‍ ഈ സംവിധാനങ്ങളെല്ലാം ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യവും ഇതിനെല്ലാം പിന്നിലുണ്ടാകാം. നഷ്ടപ്പെട്ടുപോയ ജന പിന്തുണ തിരിച്ചു പിടിക്കാന്‍ പി.ആര്‍ ഏജന്‍സികള്‍ പറഞ്ഞു തരുന്ന എന്ത് ചെപ്പടി വിദ്യകളും ഉപയോഗിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം പിണറായി വിജയനുണ്ട്. പക്ഷേ അത് സ്വന്തം ചിലവില്‍ ആകണമെന്നു മാത്രം. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുന്ന ഈ കോപ്രായങ്ങല്‍ക്കെല്ലാം കാലം മറുപടി പറയിപ്പിക്കുമെന്ന കാര്യം നിസ്സംശയമാണ്.
columns
ഗസ്സ മരണ മുനമ്പാക്കിയത് ആര്
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.

റിയാസ് ഹുദവി പുലിക്കണ്ണി
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ. അയ്യായിരത്തോളം പൗരന്‍മാന്‍ നിഷ്ഠൂരമായി കൊല്ലപ്പെട്ടു, നിരപരാധികളായ ആയിരക്കണക്കിന് കുട്ടികളും സ്ത്രീകളും അവയില്‍ ഉള്‍പ്പെടുന്നുണ്ട്. യുദ്ധത്തിന്റെ സര്‍വ മര്യാദകളും ധാരണകളും ലംഘിച്ച് ഇസ്രാ ഈല്‍ നരനായാട്ട് തുടരുകയാണ്. കഴിവതും വേഗം പ്രശ്‌നങ്ങള്‍ പരിഹരിച്ച് സമാധാനം പുന:സ്ഥാപിക്കേണ്ട ഐക്യരാഷ്ട്ര സഭയും മറ്റു ലോക രാഷ്ട്രങ്ങളും ഇസ്രാ ഈലിന്റെ കിരാതന തേര്‍വാഴ്ചയെ തള്ളിപറയുന്നതിനപ്പുറം കര്‍ക്കശമായ മറ്റൊരു കടുത്ത നിലപാടിലേക്കും കടക്കാതെ കാഴ്ചക്കാരായി നില്‍ക്കുന്നുവെന്നതാണ് ഏറെ ദു:ഖകരം. ഭക്ഷണം, കുടിവെള്ളം, വൈദ്യുതി, ഇന്ധനം തുടങ്ങി സര്‍വ മേഖലയിലും ഉപരോധം ഏര്‍പ്പെടുത്തിയും പാര്‍പ്പിടങ്ങളും സ്‌കൂളുകളും അഭയാര്‍ത്ഥി ക്യാമ്പുകളും ബോബിട്ട് നിലം പരിശാക്കിയും ഫലസ്തീന്‍ ജനതയെ ക്രൂരമായി പീഡിപ്പിച്ചിട്ടും, അക്രമിച്ചിട്ടും യാതൊരു ദാക്ഷിണ്യവുമില്ലാതെ ആയിരക്കണക്കായ പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആശുപത്രികള്‍പോലും മനുഷ്യത്വം ഇല്ലാത്ത ഇസ്രാ ഈല്‍ സൈന്യം ബോംബിട്ട് നശിപ്പിച്ചു. പ്രാചീന കാലത്തേക്കാള്‍ ലോകം മനുഷ്യത്വപരമായും ധാര്‍മികമായും വളര്‍ച്ച കൈവരിച്ചുവെന്ന് അവകാശവാദം ഉന്നയിക്കുന്ന പുതിയ കാലത്ത് ഇങ്ങനെയൊക്കെ സംഭവിക്കുന്നുവെന്നത്തന്നെ മനുഷ്യത്വമുള്ളവര്‍ക്ക് ചിന്തിക്കാനും ചെയ്യാനും കഴിയാത്തതാണ്. അത്രമേല്‍ ഭീകരമാണ് ഹമാസിനെ പ്രത്രിരോധിക്കുന്നുവെന്ന പേരില്‍ ഇസ്രാ ഈല്‍ ഗസ്സയിലും ഫലസ്തീനിന്റെ മറ്റു പ്രദേശങ്ങളിലും നടത്തികൊണ്ടിരിക്കുന്ന മനസ്സുലക്കുന്ന കൃത്യങ്ങള്‍.
ഇറാന്‍, ഖത്തര്‍, സഊദി അടക്കമുള്ള അറബ് രാജ്യങ്ങള്‍ ഇസ്രാഈലിന്റ അതിരുകടന്ന അക്രമങ്ങളെയും ഫലസ്തീന്‍ അധിവേശത്തേയും അപലപിച്ചിട്ടും നിലവിലെ ഇസ്രാഈലിന്റെ ഇടപെടലുകള്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രക്ത ചൊരിച്ചിലുകള്‍ക്ക് വഴിവെക്കുമെന്ന് വ്യക്തമാക്കിയിട്ടും തങ്ങളുടെ പ്രഖ്യാപിത നിലപാടില്‍നിന്ന് പിന്നോട്ട് പോകാതെ ഇസ്രാഈല്‍ രക്തരൂക്ഷിതമായ യുദ്ധത്തിനു മുതിരുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം ലോക പൊലിസായി ചമയുന്ന അമേരിക്കക്കു മാത്രമാണ്. കാരണം ഇസ്രാഈലിനെതിരെ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം നടന്നപ്പോള്‍ മുമ്പും പിമ്പും നോക്കാതെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച രാജ്യമാണ് അമേരിക്ക. മാത്രമല്ല, തങ്ങളുടെ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ ഹമാസിന്റെ ആക്രമണത്തെ അപലപിച്ചു നടത്തിയ ആദ്യ പ്രതികരണം താനും ഒരു ജൂതനാണെന്നാണ്. അതോടൊപ്പം നാളിതുവരെ തങ്ങള്‍ ചെയ്ത്‌കൊണ്ടിരിക്കുന്ന കണ്ണില്ലാത്ത ക്രൂരതകളെ മറച്ചുപിടിക്കാനും ലോക രാജ്യങ്ങളുടെ പിന്തുണ നേടാനും ഹമാസിനെ തീവ്രവാദ സംഘടനയായി മുദ്രകുത്താനും ജൂത സൈന്യം പടച്ചുണ്ടാക്കിയ ‘ബന്ദികളായ 40 കുട്ടികളെ ഹമാസ് പോരാളികള്‍ കഴുത്തറത്ത് കൊന്നെന്ന’ കല്ലുവെച്ച നുണകള്‍ അപ്പാടെ നിസ്സംശയം മാധ്യമങ്ങള്‍ക്ക്മുമ്പാകെ ഏറ്റുപറഞ്ഞ് ഇസ്രാഈലിനെ പരസ്യമായി പിന്തുണക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്റെ കാഴ്ചയും കണ്ടതാണ്. ഫലസ്തീനിലെ നിലവിലെ സാഹചര്യങ്ങളെ കൂടുതല്‍ വഷളാക്കിയത് അമേരിക്കയാണെന്ന് പറയുന്നതായിരിക്കും കൂടുതല്‍ നല്ലത്. റഷ്യ യുക്രെന്‍ യുദ്ധം പൊട്ടി പുറപ്പെട്ടപ്പോള്‍ യൂറോപ്യന്‍ യൂണിയനെ കൂട്ടുപ്പിടിച്ച് റഷ്യക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി ഇരയോടൊപ്പമാണെന്ന് പ്രസ്താവിച്ച അമേരിക്കയും ബൈഡനും സയണിസ്റ്റ് സൈന്യത്തിന്റെ മിസൈല്‍ ആക്രമണത്തില്‍ ദിനംപ്രതി മരിച്ച് വീഴുന്ന നൂറുകണക്കിനു കുഞ്ഞുങ്ങള്‍ക്കു വേണ്ടിയും തകര്‍ന്നടിഞ്ഞ പാര്‍പ്പിടങ്ങള്‍ക്കിടയില്‍ സര്‍വതും നഷ്ടപ്പെട്ട് നിലവിളിക്കുന്ന നിരപരാധികളായ ആയിരങ്ങള്‍ക്കു വേണ്ടിയും പ്രസ്താവന പോലും നടത്താത്തത്. പിറന്ന മണ്ണില്‍ അധിവസിക്കാന്‍ അധിനിവേശ ശക്തിക്കെതിരെ പോരാട്ടം നടത്തുന്ന ‘ഹമാസിനെ’ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ അക്രമങ്ങളോട് തുലനം ചെയ്യാനും ഇസ്രാഈലിനെ വെള്ളപൂശാനും അമേരിക്കയും മറ്റു പാശ്ചാത്യശക്തികളും ശ്രമിക്കുന്നത് ജൂതരാഷ്ട്ര പിറവിയുടെ ചരിത്രം അറിയാത്തതു കൊണ്ടോ ഓര്‍മയില്ലാത്തതുകൊണ്ടോയല്ല, മറിച്ച് മുസ്‌ലിം വിരോധത്തിന്റെയും മത വര്‍ഗ വെറിയുടേയും അവര്‍ണ ബോധം ഇപ്പോഴും വെള്ളക്കാരന്റെ മനോമുകുരങ്ങളില്‍ അന്തര്‍ലീനമായി കിടപ്പുണ്ടെന്നതിന്റെ പ്രകടമായ പ്രതീകം കൂടിയാണ്. രണ്ടാം ലോക യുദ്ധാനന്തര ജാരസന്തതിയായി പാശ്ചാത്യ രാജ്യങ്ങളുടെ കുടില തന്ത്രങ്ങളാല്‍ പിറവി കൊണ്ട ജൂത രാഷ്ട്രത്തിന് ഇപ്പോഴും നല്‍കികൊണ്ടിരിക്കുന്ന അകമഴിഞ്ഞ പിന്തുണയും. കൂടാതെ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഇടക്കിടെ യുദ്ധവും ഒടുങ്ങാത്ത ആഭ്യന്തര കലാപങ്ങളും സംഘര്‍ഷങ്ങളും സൃഷ്ടിച്ചു ആയുധ കച്ചവടം പൊടിപൊടിക്കാനും അതിലൂടെ സാമ്പത്തിക നേട്ടം കൊയ്യാനും അമേരിക്കയടങ്ങുന്ന പാശ്ചാത്യന്‍ സാമ്രാജ്യത്വ ശക്തികള്‍ കാലങ്ങളായി നടത്തികൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതമായ നാടകം കൂടിയാണ് ഇസ്രാഈല്‍ ഫലസ്തീന്‍ വിഷയത്തില്‍ അമേരിക്ക ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്ന അനുനയനീക്കങ്ങള്‍ എന്നു കൂടി അനുമാനിക്കാം. അതിനാല്‍ നിലവിലെ ഫലസ്തീന്‍ ഇസ്രാഈല്‍ സംഘട്ടനങ്ങളുടെ താത്കാലിക വിരാമത്തിനുള്ള നയതന്ത്ര നീക്കങ്ങളല്ല ലോക രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും നടത്തേണ്ടത്, മറിച്ച് കുടിയിറക്കപ്പെട്ട് ആട്ടിയോടിക്കപ്പെട്ട ഒരു വിഭാഗം ജനതക്ക് അധിവസിക്കാനൊരിടം അനുവദിച്ചതിന്റെ പേരില്‍ സൈ്വര്യമായ ഉറക്കവും സുരക്ഷിതമായ പാര്‍പ്പിടവും സ്വരാജ്യംതന്നെയും കാലങ്ങളായി നഷ്ടപ്പെട്ട ഫലസ്തീനികള്‍ക്ക് സ്വതന്ത്രമായൊരു രാജ്യം സാക്ഷാത്കരിച്ച് കൊടുക്കുകയെന്നതാണ് സുതാര്യമായ പരിഹാരം. എങ്കിലേ നിരന്തരം ഉയരുന്ന ഗസ്സയിലെ പതിനായിരങ്ങളുടെ രോദനം എന്നെന്നേക്കുമായി നിലച്ച് സമാധാനത്തിന്റെ പുതിയ സൂര്യോദയങ്ങള്‍ ഉദയം ചെയ്യൂ.
columns
പ്രവാചക നാമത്തിൻ്റെ പൊരുൾ
ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.

പാണക്കാട് സയ്യിദ് മുനവ്വറലി
ശിഹാബ് തങ്ങൾ
ലോകത്ത് വളരെ കൂടുതൽ ഉച്ഛരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു .തിരുനബിയുടെ നാമകരണ ചടങ്ങിൽ പ്രപിതാവായ അബ്ദുൽ മുത്തലിബിനോട് ബന്ധുക്കളായ ഖുറൈശികൾ ചോദിക്കുന്നുണ്ട്: കൊച്ചു മകനെ എന്ത് പേരാണ് വിളിക്കുന്നത്? അദ്ദേഹം മറുപടി നൽകി: പ്രിയങ്കരനായ പേര് മുഹമ്മദ് .ലോകാലോകങ്ങളിൽ ഉള്ളവർ അവനെ അനുധാവനം ചെയ്യണമെന്ന് ആഗ്രഹിക്കുന്നു.” വന്ധ്യവയോധികനായ ഉപ്പൂപ്പയുടെ ആഗ്രഹത്തിന് പടച്ചവൻ ഉത്തരം നൽകി. മണ്ണിൽ മനുഷ്യരും ആകാശത്ത് മാലാഖമാരും ആ പേര് ഉൾപ്പുള്കത്തോടെ ഉരുക്കഴിക്കുന്നു .തിരുനബിയുടെ നാമകീർത്തനം പാഠവത്കരിക്കുകയും അത് വിശ്വാസിയുടെ ഉത്തരവാദിത്തമാണെന്ന് നിർദ്ദേശിക്കുകയും ചെയ്ത ഖുർആൻ ഇങ്ങനെ പ്രഖ്യാപിച്ചു :നബിയുടെ മേൽ അല്ലാഹു അനുഗ്രഹം വർഷിക്കുന്നു, മലക്കുകൾ പ്രാർത്ഥിക്കുന്നു, സത്യവിശ്വാസികളെ നബിക്ക് അനുഗ്രഹം. സമാധാന വർഷത്തിനായി നിങ്ങളും പ്രാർത്ഥിക്കുക.
56 തലമുറകളിലൂടെ തുടരുന്ന ഈ മുഹമ്മദീയ പ്രകീർത്തനത്തിൻറെ പൊരുൾ എന്താണ് ?അനുയായികളാൽ ആപാദചൂഢം പിന്തുടരുന്ന ഒന്നായി മുഹമ്മദ് എന്ന നാമവും നബിയുടെ ചര്യകളും മാറുന്നതെന്തുകൊണ്ട് എന്നത് വിമർശകരെ പോലും വിസ്മയിപ്പിക്കുന്നതാണ്. കൗമാരപ്രായത്തിൽ കേട്ട മുഹമ്മദ് എന്ന നാമത്തിന്റെ സൗന്ദര്യത്തിന് പിന്നാലെ സഞ്ചരിക്കുകയും ചരിത്രത്തിലും കവിതയിലും നാടകത്തിലും ആവർത്തിക്കുന്ന ആ പേരിൻറെ ആവിഷ്കാരങ്ങളെ നാലു പതിറ്റാണ്ടുകളിലൂടെ നീളം പഠിക്കുകയും ചെയ്ത ജർമൻ ഓറിയന്റലിസ്റ്റ് ആൻമേരി ഷിമ്മൽ രചിച്ച ‘ മുഹമ്മദ് ദൈവത്തിൻറെ തിരുദൂതർ ‘എന്ന പുസ്തകം പ്രസിദ്ധമാണ്. മധ്യകാലത്ത് നിലനിന്ന നബിനിന്ദക്കുള്ള പണ്ഡിതോചിതമായ പ്രായശ്ചിത്തമായി വേണം ഈ പുസ്തകത്തെ കണക്കാക്കാൻ. സെമറ്റിക്പാരമ്പര്യത്തിലും ആഫ്രിക്കാൻ പാശ്ചാത്യ പൗരസ്ത്യ ദേശങ്ങളിലും നബി ചരിത്രരചനയുടെയും കീർത്തനങ്ങളുടെയും കുത്തൊഴുക്ക് വലിയൊരു പഠന മേഖലയാണ് തോമസ് കാർലൈൽ 19-)0 നൂറ്റാണ്ടിന്റെ ആദ്യത്തിൽ ലണ്ടനിൽ നടത്തിയ മൂന്നു പ്രഭാഷണങ്ങളിൽ ഒന്ന് ഹീറോ ആസ് എ പ്രോഫറ്റ് ‘ എന്ന തലവാചകത്തിൽ മുഹമ്മദ് നബിയെ കുറിച്ചായിരുന്നു .അതുവരെ പ്രചരിക്കപ്പെട്ടിരുന്ന എല്ലാ ആരോപണങ്ങൾക്കും വസ്തുതകൾ അപഗ്രഥിച്ച് യുക്തിസഹമായി മറുപടി പറഞ്ഞു .ഇസ്ലാം വാളുകൊണ്ട് പ്രചരിപ്പിക്കപ്പെട്ട മതമാണെന്ന വിമർശനത്തിന് അദ്ദേഹം നൽകിയ മറുപടി പ്രസക്തമാണ്. കാറിൽ പറയുന്നു ,ഏതൊരു രാഷ്ട്രീയവും ഒരാളുടെ മനസ്സിൽ ആണല്ലോ ആദ്യമായി ഉദിക്കുക.മുഹമ്മദിന് ലഭിച്ച ഇസ്ലാം എന്ന ആശയം പ്രചരിപ്പിക്കാൻ ലോകത്ത് അപ്പോൾ മുഹമ്മദ് മാത്രമേയുള്ളൂ .തന്റെ കയ്യിൽ ഒരു വാളും. ഈ അവസ്ഥയിൽ എങ്ങനെയാണ് മുഹമ്മദിന് ലോകം കീഴടക്കാൻ സാധിക്കുക? വാളുകൊണ്ട് പ്രചരിപ്പിക്കാൻ ആണെങ്കിൽ വേണ്ടത്ര വാളുകളും പ്രയോഗിക്കാൻ അനുയായികളും വേണം. മുഹമ്മദിന് അതിനായി അനുയായികൾ ഉണ്ടായേ പറ്റൂ. ഈ വസ്തുത തെളിയിക്കുന്നത് വാളുകൊണ്ടല്ല ഇസ്ലാം പ്രചരിച്ചത് എന്ന സത്യമാണ് .തിരുനബിനൽകിയ രണ്ട് സന്ദേശങ്ങൾ എടുത്തു പറയേണ്ടതാണ്. ഒന്ന് ,ഐഹികവും പാരത്രികവുമായ അഥവാ ഭൗതികവും ആധ്യാത്മവുമായ രണ്ട് തലങ്ങൾ ഉൾച്ചേർന്നതാണ് ജീവിതം എന്ന കാഴ്ചപ്പാട്. മതമെന്നത് പ്രാർത്ഥനകളുടെയും ആരാധനകളുടെയും (സഷ്ടാവുമായുള്ള കെട്ടുപാടുകളുടെയും കേവലസംഹിതം മാത്രമല്ല, മറിച്ച് നാഗരിക രാഷ്ട്രീയ നിർമാണത്തിന്റെ ബഹുപാOങ്ങൾ ചേർത്ത് സർഗാത്മകവും സാമൂഹികോ ന്മുഖവുമാക്കേണ്ടതാണെന്ന് തിരുനബി പഠിപ്പിച്ചു. ഇത് കൂടുതൽ ജനപ്രിയമായ ഒരു മതത്തിന്റെയും ജനോപകരമായ ജീവിത പദ്ധതിയുടെയും ഉയർപ്പിന് കാരണമായി.അബ്ബാസിയ ഖിലാഫത്തിൻ്റെയും സ്പാനിഷ് മുസ്ലിം ഭരണത്തിന്റെയും കാലത്ത് തുടക്കം കുറിച്ച വൈജ്ഞാനിക പുരോഗതിയുടെയും നാഗരിക വളർച്ചയുടെയും പാരമ്പര്യം ഈ സാമൂഹിക കാഴ്ചപ്പാടിന്റെ ഭാഗമായിരുന്നു. നവോത്ഥാനകാലത്ത് ഉയർന്നു വരാൻ യൂറോപ്പിന് സകല സാധ്യതയും നൽകിയതിൽ തിരുനബിയുടെ പിന്തുണക്കാരിലൂടെ വളർന്ന വൈജ്ഞാനിക വിപ്ലവത്തിന് ചെറുതല്ലാത്ത പങ്ക് ഉണ്ടായിരുന്നു .ഇസ്ലാം തുടങ്ങിയത് പൂർത്തീകരിക്കുക അല്ലാതെ യൂറോപ്പിന് മറ്റൊന്ന് ചെയ്യാൻ ഉണ്ടായിരുന്നില്ല എന്ന് ഫിലിപ് കെ ഹിറ്റി ഈ ചരിത്രത്തെ പറ്റി എഴുതുന്നുണ്ട് .ഇത്തരത്തിൽ ആഘോഷിക്കപ്പെട്ട ഒരു ജനകീയ പ്രവാചകൻ ലോകത്തിനു മുമ്പിൽ ഉണ്ട്. അതിലൂടെയാണ് മുഹമ്മദ് എന്ന സ്തുതിക്കപ്പെട്ട നബി രൂപപ്പെട്ടുവന്നത്. രണ്ടാമതായി എടുത്തു പറയേണ്ടത്, സഹിഷ്ണുത എന്ന വലിയ മൂല്യത്തെ യാഥാർത്ഥ്യമാക്കുന്നതിലും ജനകീയമാക്കുന്നതിലും മുഹമ്മദ് നബി വഹിച്ച പങ്കാണ് പതിറ്റാണ്ടുകൾ യുദ്ധത്തിൽ ഏർപ്പെട്ടുപോകുന്ന ഗോത്രങ്ങളെ തമ്മിലടുപ്പിക്കിയും സഹോദര മതക്കാരെ വിശ്വാസത്തിൽ എടുത്തും മദീനയിൽ നിർമ്മിച്ച രാഷ്ട്രത്തിൻറെ അത്ഭുതം എടുത്തു പറയേണ്ടതാണ് .വിടവാങ്ങൽ പ്രസംഗത്തിൽ ലോക മനസ്സാക്ഷിക്ക് നൽകിയ സമഭാവനയുടെ ഉൾക്കാഴ്ചകൾ അവസാനമില്ലാത്തതാണ്. ഇത്തരത്തിൽ ഇന്ന് കാണുന്ന ലോകത്തെ സമാധാനപൂർണ്ണമായ നിലനിർത്തുന്നതിൽക്കുള്ള പങ്കാളിത്തത്തിന്റെ പേരിൽ കൂടിയാണ് മുഹമ്മദ് സ്തുതിക്കപ്പെട്ടവൻ എന്ന പേര് അർത്ഥപൂർണ്ണം ആകുന്നത്
(മലയാള മനോരമ ദിനപത്രത്തിൽ 28-09-2023 ന് പ്രസിദ്ധീകരിക്കപ്പെട്ടത് )
-
film3 days ago
രാമനെ അറിയില്ല, രാവണനാണ് നായകന്; പുതിയ റാപ്പിനെ കുറിച്ച് റാപ്പര്‍ വേടന്
-
kerala3 days ago
തമിഴ്നാട്ടില്‍ ലഡുവിന് ടൊമാറ്റോ സോസ് നല്‍കാത്തതില്‍ മലയാളി ഹോട്ടല്‍ ജീവനക്കാര്‍ക്ക് മര്‍ദനം
-
kerala3 days ago
കരുവന്നൂര്‍ കള്ളപ്പണക്കേസ്: ഇഡി അന്തിമ കുറ്റപത്രം സമര്‍പ്പിച്ചു, 3 സിപിഎം മുന്‍ ജില്ലാ സെക്രട്ടറിമാര്‍ പ്രതികള്‍
-
kerala3 days ago
വരും ദിവസങ്ങളിലും സംസ്ഥാനത്ത് മഴ ശക്തമാകും
-
kerala3 days ago
ആലപ്പുഴയില്‍ ശക്തമായ മഴയിലും കാറ്റിലും കടയുടെ മേല്‍ക്കൂര വീണ് പതിനെട്ടുകാരി മരിച്ചു
-
india3 days ago
പാകിസ്ഥാന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുമായി തന്ത്രപ്രധാനമായ വിവരങ്ങള്‍ പങ്കുവെച്ചു; സിആര്‍പിഎഫ് ഉദ്യോഗസ്ഥനെ എന്‍ഐഎ അറസ്റ്റ് ചെയ്തു
-
kerala3 days ago
ഡ്രൈവിങ്ങിനിടെ ഫോണിലൂടെ സംസാരിച്ച കെഎസ്ആര്‍ടിസി ഡ്രൈവറെ സസ്പെന്‍ഡ് ചെയ്തു
-
kerala3 days ago
ഐബി ഉദ്യോഗസ്ഥയുടെ മരണം; സുകാന്ത് സുരേഷിന് പങ്ക് വ്യക്തമാക്കി ഹൈക്കോടതി