എം.പി അബ്ദുസമദ് സമദാനി

രു മഹാവ്യക്തിയുടെയോ ശക്തനായ ഒരു നേതാവിന്റേയോ വിയോഗം മാത്രമല്ല അഭിവന്ദ്യനായ ഇ. അഹമ്മദിന്റെ നിര്യാണം. സംഭവബഹുലമായ ഒരു കാലഘട്ടത്തിന്റെ അന്ത്യംകൂടിയാണിത്. ആവര്‍ത്തിക്കാന്‍ കഴിയാത്ത മഹത്തായ ഒരു ചരിത്രത്തിന്റെ അന്ത്യം. കര്‍മ്മനിരതമായ ജീവിതമാണ് അഹമ്മദിന്റെ കാലഘട്ടത്തെ ഇത്രമേല്‍ ധന്യമാക്കിയത്. അദ്ദേഹം സദാകര്‍മ്മരംഗത്തായിരുന്നു. ദിനംപ്രതി അദ്ദേഹം പ്രവര്‍ത്തിച്ചുകൊണ്ടേയിരുന്നു. തന്റെ ജനതക്കും രാജ്യത്തിനും വേണ്ടിയായിരുന്നു ആ പ്രവര്‍ത്തനങ്ങളത്രയും. അതിനിടയില്‍ വിശ്രമം എന്തെന്ന് അദ്ദേഹം അറിഞ്ഞില്ല.

ആ കര്‍മ്മസമരം സമൂഹത്തിനും രാഷ്ട്രത്തിനും അഭൂതപൂര്‍വമായ നേട്ടങ്ങള്‍ ഉണ്ടാക്കിക്കൊടുത്തു. ജനസേവനത്തിന്റെ പാതയില്‍ അഹമ്മദ് നടത്തിയത് ഒരു ജൈത്രയാത്ര തന്നെയായിരുന്നു. കേരളത്തിലെ കണ്ണൂരിന്റെ മണ്ണില്‍ നിന്നു ചിറകടിച്ചുയര്‍ന്ന ഈ രാജാളിപ്പക്ഷി ഒരു രാജാവിനെപ്പോലെത്തന്നെ, ഉന്നത പദവികളുടെ വാനവീഥികളിലൂടെ പറന്നുയര്‍ന്നു രാജ്യത്തിന്റെയും ലോകത്തിന്റെയും ഉന്നത വേദികളില്‍ ഉപവിഷ്ടനായി. അവശതകള്‍ അനുഭവിക്കുന്ന ഇന്ത്യയിലെ ന്യൂനപക്ഷ, പിന്നോക്ക വിഭാഗങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടത്തിന്റെ മാര്‍ഗത്തിലായിരുന്നു ആ കര്‍മ്മസമരവും ജൈത്രയാത്രയും.

അഹമ്മദിന്റെ രാഷ്ട്രീയം അടിമുടി അവര്‍ക്ക് വേണ്ടി സമര്‍പ്പിക്കപ്പെട്ടതായിരുന്നു. അദ്ദേഹത്തിന്റെ ഉയര്‍ച്ചകളത്രയും അവരുടെ ഉയര്‍ച്ചകളായിരുന്നു. ജനതയുടെ ഉത്ഥാനവും അതിനുവേണ്ടിയുള്ള നിത്യപ്രയത്‌നവുമാണ് രാഷ്ട്രീയം എന്ന് ആ ജീവിതയാത്ര ബോധ്യപ്പെടുത്തുന്നു. മുമ്പേ കടന്നുപോയ അനേകം പൂര്‍വികരെപ്പോലെ ന്യൂനപക്ഷ സുരക്ഷയും രാഷ്ട്രക്ഷേമവും ഒരുപോലെ പ്രധാനമായിക്കണ്ട രാഷ്ട്രീയ ദര്‍ശനത്തെ

ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിംലീഗിലൂടെ അതിശക്തമായി സാക്ഷാല്‍ക്കരിക്കാന്‍ സാധിച്ചതാണ് ഇ. അഹമ്മദിന്റെ രാഷ്ട്രീയ ജീവിതത്തിന്റെയും ആകെ ജീവിതത്തിന്റെ തന്നെയും ഏറ്റവുംവലിയ നേട്ടം. ഇന്ത്യയിലെ ന്യൂനപക്ഷ, പിന്നോക്ക വിഭാഗങ്ങളെ രാജ്യത്തിന്റെ മുഖ്യധാരയില്‍ കൊണ്ടുവന്നു നിര്‍ത്താനുള്ള രാഷ്ട്രീയ പോരാട്ടമാണ് മുസ്‌ലിംലീഗ് എന്ന് നന്നായി മനസിലാക്കിയ അഹമ്മദ് പാര്‍ട്ടിയെ ഏറെദൂരം മുന്നോട്ടു കൊണ്ടുപോയി.

ഇന്ത്യന്‍ ന്യൂനപക്ഷത്തിന്റെ അവകാശ സമരത്തിലെ പോരാളി ഇന്ത്യയുടെ ദേശീയ ജിഹ്വയായി. ഇന്ത്യയുടെ സ്വരം ആ നാവിലൂടെ ലോകവേദികളില്‍ മുഴങ്ങി. ജനാധിപത്യവും മതേതരത്വവുമാണ് ഇന്ത്യയുടെ മാത്രമല്ല, ഇന്ത്യന്‍ ജനതയിലെ ഏതു വിഭാഗത്തിന്റെയും ഉന്നമനത്തിനുള്ള മന്ത്രങ്ങളെന്ന തത്വവും സത്യവും വാക്കിലും പ്രവര്‍ത്തിയിലും അദ്ദേഹം മുറുകെപിടിച്ചു.