Video Stories
ബാക്കി കള്ളി മലപ്പുറം പൂരിപ്പിക്കും
എഴുതാപ്പുറം
സി.പി സൈതലവി
ഇടതു സഹയാത്രികനും ചരിത്ര പണ്ഡിതനുമായ ഡോ. കെ.എന് പണിക്കര് കാല് നൂറ്റാണ്ട് പഴക്കമുള്ള ഒരനുഭവം പറയുന്നു: ”ഉത്തര്പ്രദേശിലെ മഥുര ശ്രീകൃഷ്ണ ജന്മഭൂമി പ്രശ്നവുമായി ബന്ധപ്പെട്ട് 1990ല് അവിടെ സന്ദര്ശിച്ചു. മഥുരയില് ഔറംഗസീബിന്റെ കാലത്ത് നിര്മിച്ച പള്ളിയും ക്ഷേത്രവും ഒരുമിച്ചാണ് സ്ഥിതിചെയ്യുന്നത്. ഇതിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ചും പള്ളി പൊളിച്ചുകളയണമെന്നുമുള്ള ഹിന്ദുത്വ ശക്തികളുടെ ആവശ്യത്തെ തുടര്ന്നുണ്ടായ വിവാദത്തിന്റെ പശ്ചാത്തലത്തില് തദ്ദേശവാസികളുമായി സംസാരിച്ച്, പ്രശ്നത്തിന്റെ നിജസ്ഥിതിയറിയാന് ഞങ്ങള് ഡല്ഹിയില് നിന്നും പോയതാണ്. തര്ക്കവിഷയം കൈകാര്യം ചെയ്യുന്നതിന് അവിടെ പ്രധാനമായും രണ്ട് സമിതികളുണ്ടായിരുന്നു. കൃഷ്ണ ജന്മഭൂമി സംരക്ഷണ സമിതിയും പള്ളി സംരക്ഷണ സമിതിയും.
ആദ്യം ഞങ്ങള്, പള്ളി സംരക്ഷണ സമിതിയുടെ പ്രസിഡണ്ടിനെ കാണാന് പോയി. അദ്ദേഹം താമസിക്കുന്നത് പരമ ദരിദ്രര് വസിക്കുന്ന ഒരു തെരുവിലാണ്. ഉന്തുവണ്ടിയില് പച്ചക്കറി കച്ചവടം നടത്തി കുടുംബം പോറ്റുന്ന ഒരു സാധു മുസ്ലിം. ഞങ്ങള് അദ്ദേഹത്തിന്റെ വീട്ടിലെത്തി. അവിടെ ഞങ്ങള്ക്ക് ഇരിക്കാന് ഒരു സ്റ്റൂള് പോലും തരാനില്ല. അദ്ദേഹത്തിന്റെ ഉന്തുവണ്ടിയില് കയറിയിരുന്നാണ് സംസാരിച്ചത്. അതിജീവനത്തിനുപോലും പ്രയാസപ്പെടുന്ന ഇവര്ക്ക് തര്ക്കത്തില് തങ്ങളുടെ പക്ഷം അവതരിപ്പിക്കാന് എന്ത് ശേഷിയാണുള്ളത്?
അതിനുശേഷം ഞങ്ങള് ക്ഷേത്ര സംരക്ഷണസമിതി അധ്യക്ഷന്റെ അടുത്തേക്കു പോയി. അദ്ദേഹം മഥുരയിലെ പ്രശസ്തനായ ഒരഭിഭാഷകനാണ്. പ്രദേശത്തെ സമ്പന്ന വിഭാഗം താമസിക്കുന്ന സ്ഥലത്ത് കൊട്ടാര സദൃശമായ ഭവനം. ഞങ്ങളെ അദ്ദേഹം സ്വീകരിച്ചിരുത്തി. ദേശീയവും പ്രാദേശികവുമായ രാഷ്ട്രീയ ചലനങ്ങള് നന്നായറിയാവുന്ന വ്യക്തി. ക്ഷേത്ര-പള്ളി പ്രശ്നവുമായി ബന്ധപ്പെട്ട നൂറ്റാണ്ടുകളായുള്ള രേഖകള്, ചിലതെല്ലാം വ്യാജമായിരുന്നെങ്കിലും അദ്ദേഹം ഞങ്ങള്ക്കു മുമ്പില് ഒരു വക്കീലിന്റെ പ്രാഗല്ഭ്യത്തോടെ അവതരിപ്പിച്ചു”.
നൂറ്റാണ്ടുകളുടെ ചരിത്ര പ്രൗഢിയുള്ള മിനാരങ്ങള്ക്കു മീതെ ഫാസിസം ചിറകുവിടര്ത്തി താണു പറക്കുമ്പോള് ഇരിയ്ക്കകൂര പോലുമില്ലാത്ത പള്ളിക്കമ്മിറ്റി പ്രസിഡണ്ടിനു എന്തു ചെയ്യാനാവും? നാലു കോടിയോളം മുസ്ലിംകള് ജീവിക്കുന്ന ഉത്തര്പ്രദേശിലെ പുണ്യനഗരമായ മഥുരാപുരി നല്കുന്ന ജീവിത ചിത്രമാണ് പണിക്കര് വരച്ചത്. കൊട്ടാരം കെട്ടി കൊടി പറത്തുന്ന ഫാസിസത്തോട് പിടിച്ചുനില്ക്കാന് ആ പാവം ഉന്തുവണ്ടിക്കാര്ക്കാവില്ലെന്ന്.
പക്ഷേ അവര്ക്കുവേണ്ടി മറ്റാരെങ്കിലും സംസാരിക്കുന്നത് പോലും വര്ഗീയതയാണെന്ന് വരുത്തുന്നതില് ഒരു ചതിക്കുഴിയുണ്ട്. മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പ് സ്പെഷ്യലായി സി.പി.എം മലപ്പുറം ജില്ലാ സെക്രട്ടറി പി.പി വാസുദേവന് നടത്തിയ പ്രസ്താവന അതിന്റെ മുന്നറിയിപ്പാണ്. ‘ആര്.എസ്.എസ് ഭീകരതക്കു പ്രതിരോധം മുസ്ലിം ഏകീകരണമാണോ. കൊടിഞ്ഞിയും കാസര്ക്കോടും സംബന്ധിച്ച ഇല്ലാ കഥകളും കള്ളക്കഥകളും പ്രചരിപ്പിച്ച് അവര് (മുസ്ലിംലീഗ്) നടത്തുന്ന ശ്രമം മുസ്ലിം ഏകീകരണം ലക്ഷ്യം വെച്ചാണ്. മലപ്പുറം ഉപതെരഞ്ഞെടുപ്പിലെ ജയം മാത്രമല്ല മുസ്ലിം ഏകീകരണവും അതിന്റെ നേതൃത്വവുമാണ് അവര് സ്വപ്നം കാണുന്നത്. ഇവ്വിധം അത്യന്തം പ്രകോപനപരമായ പ്രസ്താവനയാണ് സി.പി.എം ജില്ലാ സെക്രട്ടറി ദേശാഭിമാനിയിലൂടെ പുറത്തുവിട്ടിരിക്കുന്നത്. പത്രത്തിന്റെയും പ്രസ്താവന നടത്തിയ ആളുടേയും പേരില്ലായിരുന്നുവെങ്കില് ഒരു സംഘ്പരിവാര് നേതാവിന്റെ പ്രതികരണമായി ആരും കരുതിപ്പോകുന്നത്ര തീവ്രതയും ചേരുവയുമുള്ള വരികള്. മലപ്പുറം ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് വേദിയിലൊരിടത്തും വാക്കിലോ വരയിലോ ഇത്തരമൊരു പ്രചാരണമുണ്ടായിട്ടില്ലെന്നിരിക്കെ സി.പി.എം സെക്രട്ടറിയുടേത് തോക്ക് അബദ്ധത്തില് പൊട്ടിയ വെടിയല്ല. കൃത്യമായ ഉന്നംവെച്ചാണ്.
മതേതര, ജനാധിപത്യ വിശ്വാസികളുടെ വിശാല ഐക്യമാണ് മുമ്പെന്നപോലെ ഈ തെരഞ്ഞെടുപ്പിലും യു.ഡി.എഫ് അഭ്യര്ത്ഥിക്കുന്നത്. എന്നിട്ടുമെങ്ങനെയാണ് സി.പി.എം ജില്ലാ സെക്രട്ടറിയില് നിന്ന് ഇത്തരമൊരു പ്രസ്താവന പുറത്തുചാടിയത്. ‘മുസ്ലിം ഏകീകരണം നടക്കുമ്പോള് ഒരു ഹിന്ദു ഏകീകരണവും നടക്കും’ എന്ന മാര്ക്സിസ്റ്റ് നേതാവിന്റെ വാക്കുകളില് തുളുമ്പുന്നുണ്ട് ഉള്ളിലിരിപ്പ്. മുപ്പത് വര്ഷം മുമ്പ് 1987ലെ തെരഞ്ഞെടുപ്പ് കാലത്ത്, ശരീഅത്തും മറ്റും പറഞ്ഞ് ഇ.എം.എസ് നമ്പൂതിരിപ്പാട് നടത്തിയിരുന്ന പ്രസ്താവനകളുടെ അതേ ഛായയാണ് ഏലംകുളം മനയുടെ ദേശത്ത് നിന്നുള്ള ഇപ്പോഴത്തെ സി.പി.എം ജില്ലാ സെക്രട്ടറിയുടെ വാക്കുകളിലും മിന്നുന്നത്. കലര്പ്പറ്റ ഗുരുപാത.
യു.ഡി.എഫിനൊപ്പം നില്ക്കാമെന്ന് മത, സമുദായ സംഘടനകള് ഐക്യവേദി ചേര്ന്ന് പ്രസ്താവന നടത്തിയിട്ടില്ല മലപ്പുറത്ത്. മുന്കാലങ്ങളില് ഇടതുമുന്നണി അങ്ങനെ കാര്യം നേടിയിരുന്നു. അഥവാ രാജ്യത്തിന്റെ രാഷ്ട്രീയ സാഹചര്യങ്ങള് കണക്കിലെടുത്ത് മനുഷ്യാവകാശ തല്പരരായ, മതേതരത്വം ഉയര്ത്തിപ്പിടിക്കുന്ന വല്ല സംഘടനകളും വ്യക്തികളും വന്ന് പിന്തുണക്കുകയാണെങ്കില് എല്.ഡി.എഫിനു മാത്രം അത് സ്വീകരിക്കാമെന്നും മറ്റുള്ളവര്ക്കു പാടില്ലെന്നുമുള്ളത് ആരുണ്ടാക്കിയ നിയമമാണ്.
കോണ്ഗ്രസ് നയിക്കുന്ന ഒരു മതേതര ചേരിയല്ലാതെ ഇന്ത്യയില് ഫാസിസത്തെ പ്രതിരോധിക്കാന് ഒരു മറുമരുന്നില്ലെന്ന് ഏത് മാര്ക്സിസ്റ്റുകാരനാണ് അറിയാത്തത്? കേരളത്തിലും ത്രിപുരയിലും ഒരു കഴഞ്ച് ബംഗാളിലുമല്ലാതെ വിപണിയിലില്ലാത്ത ഇടതുമുന്നണി കൂട്ടിയാല് കൂടുമോ രാജ്യത്തെ ഫാസിസ്റ്റ് പ്രതിരോധം. ഉത്തര്പ്രദേശില് കോണ്ഗ്രസ് ഉള്പ്പെടെ ജനാധിപത്യ പ്രസ്ഥാനങ്ങളെ ദുര്ബലപ്പെടുത്തി സ്വയം ശക്തിയാവാന് ഇടതുപക്ഷം നടത്തിയ വിഫലശ്രമങ്ങള് കൂടിയാണ് ബി.ജെ.പിക്ക് ആ കസേരയിട്ട് കൊടുത്തത് എന്ന് ശരാശരി രാഷ്ട്രീയം പഠിച്ച ഏതു മലയാളിക്കും ബോധ്യമുണ്ട്. മലപ്പുറം ലോക്സഭാ മണ്ഡലത്തിലെ സമ്മതിദായകര്ക്കു മുന്നില് ഉത്തര്പ്രദേശിന്റെ ആവി പറക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ഫലമുണ്ട്. ഇന്ത്യനവസ്ഥയുണ്ട്.
ദാര്ശനികതയുടെ ഉയരവും ഉള്ക്കാമ്പും കൊണ്ട് തസ്രാക്കിലെ കരിമ്പന പോലെ മലയാള സാഹിത്യത്തില് ഒറ്റമരമായി ഉലയാതെ നിന്ന ഒ.വി വിജയന് (ഇന്ന് ആ വേര്പാടിന് 12 വര്ഷം) എഴുതി: ഇന്ദ്രപ്രസ്ഥത്തില് കാഷായം ധരിച്ച സന്യാസിമാരെ കാണാന് ഞാന് ഇഷ്ടപ്പെടുന്നു. എന്നാല് നമ്മുടെ രാഷ്ട്രീയ കൊടിമരത്തില് കാവിക്കൊടി കയറ്റി കാണാന് ഞാന് ഇഷ്ടപ്പെടുന്നില്ല. അത് നടക്കുന്ന ഭാരതം എന്റെ ജന്മദേശവുമല്ല’. പക്ഷേ അത് നടന്നു. അധികാര കൊട്ടാരങ്ങള്ക്കുമീതെ കാവി പറക്കുന്നു. അനന്തരം കാവിയായാലെന്ത്; തത്സമയം അധികാരക്കൊടിമരത്തില് ചുവപ്പ് കയറണം എന്ന സി.പി.എമ്മിനെ പോലുള്ളവരുടെ താല്ക്കാലിക ലാഭ ചിന്തയും കൂടിയാണ് സംഘ് പരിവാറിന് പല ദേശങ്ങളും വളക്കൂറുള്ളതാക്കിയത്. യു.ഡി.എഫും മുസ്ലിംലീഗും വര്ഗീയ ഏകീകരണത്തിന് ശ്രമിക്കുന്നു എന്ന് മലയാളി പൊതുബോധത്തില്, നിരന്തരം വിഷ വിത്ത് വിതച്ചാല് അതിന്റെ വിള കൊയ്യുക സി.പി.എമ്മായിരിക്കില്ല; താമര പറിക്കാന് വരമ്പത്ത് നില്ക്കുന്ന മറ്റു ചിലരായിരിക്കുമെന്ന് ഗണിതം വെച്ച് പറയാനാവും.
ഒന്നുകില് രാജ്യത്തിന്റെ ഭാവി; അല്ലെങ്കില് ഏതെങ്കിലും ജനവിഭാഗത്തിന്റെ ദുരിതം മനസില് തട്ടിയ വേദനയാകുമ്പോഴേ രാഷ്ട്രീയ പാര്ട്ടികള്ക്ക് മാനുഷികവും ദീര്ഘവീക്ഷണപരവുമായ നിലപാടെടുക്കാന് കഴിയൂ. ഒരു സംസ്ഥാനത്തിന്റെ ഭരണസിംഹാസനം എന്നതിനപ്പുറത്തേക്ക് ചിന്തയില്ലാത്തവര്ക്ക് ദേശീയ രാഷ്ട്രീയവും അതുമായി ബന്ധപ്പെട്ട തെരഞ്ഞെടുപ്പുകളുമൊന്നും ഗൗരവമായി കാണാനാവില്ല.
ഇന്ത്യന് ജനാധിപത്യത്തിന്റെ കലത്തില് ഇനിയുള്ള കാലം മതേതരത്വത്തിന്റെ അരി എത്രത്തോളം വേവുമെന്നറിയാന് മലപ്പുറം ഉപതെരഞ്ഞെടുപ്പിലെ രണ്ടു വറ്റ് മതി. ഇരുപത് കോടി ജനങ്ങളുള്ള ഉത്തര്പ്രദേശിന്റെ ഭാവി ഭാഗധേയം നിര്ണയിക്കാന് ഒരുങ്ങിപ്പുറപ്പെട്ട രാജ്യം ഭരിക്കുന്ന കക്ഷി, ജനസംഖ്യയുടെ ഇരുപത് ശതമാനം- നാലു കോടിയോളം, വരുന്ന ജനവിഭാഗത്തില് നിന്ന് ഒരു സ്ഥാനാര്ത്ഥിയെയും മത്സരിപ്പിച്ചില്ലെന്ന ബഹുകേമത്തത്തില് മൃഗീയ ഭൂരിപക്ഷവുമായി അധികാരമേറിക്കഴിഞ്ഞു. ഇത് ഒരു ആഹ്വാനവും താക്കീതുമാണ്. അതില് എല്ലാതരം ധാര്ഷ്ട്യവും അടയിരുപ്പുണ്ട്. ജനസംഖ്യയുടെ കോടിക്കണക്കുകളല്ല; രാഷ്ട്രീയ പ്രബുദ്ധതയാണ് ജയാപചയങ്ങള് നിര്ണയിക്കുകയെന്ന് യു.പിയുടെ പാഠം. നിഷേധാത്മക രാഷ്ട്രീയമല്ല, ക്രിയാത്മക രാഷ്ട്രീയമാണ് ഒരു ജനസമൂഹത്തിന്റെ സുസ്ഥിരതയെന്ന് കേരള പഠനവും. യു.ഡി.എഫിന്റെ സ്ഥാനാര്ത്ഥി നിര്ണയും പോലും രാജ്യത്തിന് നല്കിയത് ആ ക്രിയാത്മകതയുടെ സന്ദേശമാണ്.
ഇ. അഹമ്മദ് എന്ന ലോകത്തിന്റെ അതിരുകളിലേക്ക് പടര്ന്ന ഒരു മഹാനേതാവിന്റെ വേര്പാടിനെ തുടര്ന്നുള്ള ശൂന്യത നികത്താന് പടനായകരില് കരുത്തനെ തന്നെ നിയോഗിക്കുക. മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള് ലോക്സഭയിലേക്ക് പി.കെ കുഞ്ഞാലിക്കുട്ടിയെ സ്ഥാനാര്ത്ഥിയായി പ്രഖ്യാപിച്ചത്, രാജ്യം ആപത്സന്ധിയോട് മുഖാമുഖം നില്ക്കുന്ന നേരത്തുള്ള ഈ തെരഞ്ഞെടുപ്പിനെ യു.ഡി.എഫും മുസ്ലിംലീഗും കാണുന്നത് എത്ര ഗൗരവപൂര്വവും ഉത്തരവാദിത്ത ബോധത്തോടെയുമാണെന്നതിന്റെ വിളംബരമാണ്. അതില് ചരിത്രത്തിന്റെ ആവര്ത്തനമുണ്ട്. ഇന്ത്യന് യൂനിയന് മുസ്ലിംലീഗ് സ്ഥാപക അധ്യക്ഷന് മഹാനായ ഖാഇദേമില്ലത്ത് വിടവാങ്ങിയ ഒഴിവിലേക്ക് സ്ഥാനാര്ത്ഥിയായി സി.എച്ച് നിയുക്തനായ പോലെ. കേരളത്തിലെ ജനാധിപത്യ ചേരിയുടെ കേന്ദ്ര ബിന്ദുവായി സി.എച്ച് നില്ക്കുമ്പോഴാണ് സയ്യിദ് അബ്ദുറഹിമാന് ബാഫഖി തങ്ങളുടെ പ്രഖ്യാപനം. ഇപ്പോള് ദേശീയ സാരഥി വെളിച്ചം വിതറിയ അരങ്ങിലേക്ക്, കേരളത്തിലെ ജനാധിപത്യ മുന്നണി രാഷ്ട്രീയത്തിന്റെ മാധ്യസ്ഥന് കടന്നുചെല്ലുന്നു. അന്ന് സി.എച്ചിന്റെ മുഖ്യമന്ത്രിയായ അച്യുത മേനോന് ബാഫഖി തങ്ങളെ കണ്ടു പറഞ്ഞു; സി.എച്ചിന്റെ സാന്നിധ്യം കേരളത്തിന് നഷ്ടപ്പെടരുതെന്ന്. പി.കെ കുഞ്ഞാലിക്കുട്ടിയുടെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്ചാണ്ടി പറഞ്ഞതും അതുതന്നെ. മുസ്ലിംലീഗ് എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന് മുന്നണി വേദിയില് കിട്ടുന്ന പദവിയും ഒരു മുസ്ലിംലീഗ് നേതാവിനുള്ള പ്രസക്തിയുമാണത്.
കാമ്പസ് കാലത്ത് കലുഷമായ കണ്ണൂര് രാഷ്ട്രീയം കണ്ടുവളര്ന്ന്, തളിപ്പറമ്പ് സര് സയ്യിദ് കോളജ് എം.എസ്.എഫ് യൂനിറ്റ് പ്രസിഡണ്ട് പദവി മുതല് സംസ്ഥാന എം.എസ്.എഫ് ട്രഷറര് പദവി വരെ വഹിച്ച് വിദ്യാര്ത്ഥി രാഷ്ട്രീയത്തിലൂടെ ചുവടുവെച്ച നാല് പതിറ്റാണ്ടിന്റെ വിശ്രമ രഹിതമായ പൊതുജീവിതമാണ് പി.കെ കുഞ്ഞാലിക്കുട്ടി. ദൂരെനിന്ന് ബാഫഖിതങ്ങളെയും അരികത്തുനിന്ന് പൂക്കോയ തങ്ങളെയും കണ്ടുവളര്ന്നു. ബാല്യകൗമാരങ്ങളില് പൂക്കോയതങ്ങളുടെ രക്ഷാകര്തൃത്വവും. സി.എച്ചിന്റെ അനുയായി. സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ സന്തതസഹചാരി. നാടിന്റെ നന്മക്കും സമാധാനത്തിനും വേണ്ടിയെടുത്ത ഉറച്ച നിലപാടുകളുടെ പേരില് ഭീഷണികളും നിശിതമായ മാധ്യമ വിചാരണകളും അഭിമുഖീകരിച്ച്, ഭയവും നിരാശയും പിന്തിരിപ്പിക്കാതെ ഒരു ചടുല ജീവിതം. വേദിയിലും സദസ്സിലും സഭയിലും സൗഹൃദത്തിലും ഒരേ ഭാഷ.
പൊതുജീവിതത്തിലെ മികവിന്റെ മുദ്രകള് തൊട്ടറിഞ്ഞ്, വിഖ്യാത ചലച്ചിത്രകാരന് അടൂര് ഗോപാലകൃഷ്ണന് ഒരു മാധ്യമ വിലയിരുത്തലില് പറഞ്ഞു: ‘കുഞ്ഞാലിക്കുട്ടി വളരെ സമര്ത്ഥനായിട്ടുള്ള ഒരു നേതാവാണ് എന്ന് എനിക്കെപ്പോഴും തോന്നിയിട്ടുണ്ട്. പല മന്ത്രിമാരുമുണ്ട്. അവര് വലിയ പ്രസംഗമൊക്കെ പറയും. പക്ഷേ അവര് ഇഫക്ടീവ് ആകുന്നില്ല പലപ്പോഴും. അദ്ദേഹം വളരെ സൂക്ഷ്മദൃഷ്ടിയുള്ള വളരെ കഴിവുള്ള മന്ത്രിയാണ്. ഒപ്പം തന്നെ ജനകീയനും’.
മികച്ച മന്ത്രിയായി പി.കെ കുഞ്ഞാലിക്കുട്ടിയെ തെരഞ്ഞെടുത്ത ചാനല് പരിപാടിയില് മുന് അഡീഷണല് ചീഫ് സെക്രട്ടറിയും എഴുത്തുകാരനുമായ ഡോ. ഡി. ബാബുപോള് വിശകലനം ചെയ്തു: ഇന്ത്യയിലെ 500ലധികം ജില്ലകളില് 50 ജില്ലകളാണ് ഇ-ഡിസ്ട്രിക്റ്റ് ആയത്. ആ അമ്പതില് പതിനാലും കേരളത്തിലാണ്: എന്നു വെച്ചാല് കേരളത്തിലെ എല്ലാ ജില്ലകളും. ഇത് കുഞ്ഞാലിക്കുട്ടിയുടെ തൊപ്പിയിലെ ഒരു തൂവലാണ്. ഐ.ടി മേഖലയില് ഒരു ലക്ഷം യുവാക്കള്ക്ക് നേരിട്ട് തൊഴില്. 3000 ല് നിന്ന് 15000 കോടിയിലേക്ക് അതിന്റെ കയറ്റുമതിയുടെ വികസനം. ഇന്ത്യക്കൊക്കെ മാതൃകയായി കളമശ്ശേരിയില് ആരംഭിച്ച സ്റ്റാര്ട്ടപ്പ് വില്ലേജ്. ഇന്ത്യയില് ആദ്യമായി കുഞ്ഞാലിക്കുട്ടി തുടക്കമിട്ട യുവസംരംഭകത്വ സംഗമം (യങ് എന്റര്പ്രണേഴ്സ് സമ്മിറ്റ്). ഇടതു ഭരണത്തില് അഞ്ചു വര്ഷം കൊണ്ട് 3200 വ്യവസായ യൂനിറ്റുകള് സ്ഥാപിച്ച സ്ഥാനത്ത് കുഞ്ഞാലിക്കുട്ടി നാലു വര്ഷംകൊണ്ട് 60000 യൂനിറ്റുകള് സ്ഥാപിച്ചു. അതേ കാലയളവില് 3250 കോടി നിക്ഷേപത്തിന്റെ സ്ഥാനത്ത് 8500 കോടിയുടെ നിക്ഷേപം കൊണ്ടുവന്നു’.
സംസ്ഥാനത്തെ വ്യവസായ വികസനത്തില് വികസിത രാഷ്ട്ര മാതൃകയില് പദ്ധതികളാവിഷ്കരിച്ച മന്ത്രിയാണ് പി.കെ കുഞ്ഞാലിക്കുട്ടി. 1993ല് രൂപീകരിച്ച കേരള ഇന്ഡസ്ട്രിയില് ഇന്ഫ്രാസ്ട്രക്ചര് ഡവലപ്മെന്റ് കോര്പ്പറേഷനും 2003ല് കൊച്ചിയില് തുടക്കമിട്ട ആഗോള നിക്ഷേപ സംഗമ(ജിം)വും ടെക്നോപാര്ക്കിന്റെ ആധുനികവത്കരണ പദ്ധതികളും ഐ.ടി വകുപ്പ് പ്രത്യേകമായി രൂപീകരിച്ചതും ഇതിന്റെ ചുവടുകളായിരുന്നു. കൊച്ചിയില് ഇന്ഫോപാര്ക്ക് തുടങ്ങി. ദുബൈയിലെ ടീകോം ഇന്വെസ്റ്റ്മെന്റ് കമ്പനിയുമായി ചേര്ന്ന് സ്മാര്ട്ട്സിറ്റിക്ക് തുടക്കമിട്ടു. കോഴിക്കോട് സൈബര് പാര്ക്കിന്റേയും സ്ഥാപകനായി. സാധാരണക്കാരെ കമ്പ്യൂട്ടര് സാക്ഷരരാക്കുന്ന വിപ്ലവമായി 2002ല് ഇന്ത്യന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത അക്ഷയ പദ്ധതി ലോകശ്രദ്ധയും ദേശാന്തര പുരസ്കാരങ്ങളും നേടി. ദശകങ്ങള്ക്ക് മുമ്പ് മലപ്പുറത്തെ ഗ്രാമീണ കര്ഷകന് കമ്പ്യൂട്ടര് മൗസില് വിരലമര്ത്തുന്ന ആ അത്ഭുതം അന്താരാഷ്ട്ര മാധ്യമങ്ങളുടെ പോലും കൗതുക വാര്ത്തയായപ്പോള് അതിന്റെ ശില്പിയായ കുഞ്ഞാലിക്കുട്ടിയും ഏറെ അഭിനന്ദനങ്ങള്ക്കര്ഹനായി. അക്ഷയ പിന്നീട് കേരളത്തിന്റെ അനിവാര്യതയായി.
പൊതുമേഖലാ സ്ഥാപനങ്ങളുടെ ലാഭ വിഹിതത്തില് നിന്നു മൂന്നു ശതമാനം ജീവകാരുണ്യ പ്രവര്ത്തനങ്ങള്ക്ക് നീക്കിവെക്കണമെന്ന് ഉത്തരവിട്ട വ്യവസായ മന്ത്രിയാണ് കുഞ്ഞാലിക്കുട്ടി. സര്ക്കാറിന്റെ നയരൂപീകരണത്തില് പോലും ഈ ജീവകാരുണ്യത്തിന്റെ ഇടപെടല് മുദ്രകള് നിരവധി. കടബാധ്യതകള് കഴുത്തില് കുരുക്കായി മുറുകി ആത്മഹത്യാ മുനമ്പിലെത്തിയ അനേകം കുടുംബങ്ങള് ഈ പൊതുപ്രവര്ത്തകന്റെ വ്യക്തിപരമായ ഇടപെടലിലൂടെ ബാധ്യതകള് തീര്ത്ത് സ്വസ്ഥ ജീവിതത്തിലേക്ക് തിരികെ യെത്തിയ കഥകള് പലര്ക്കുമുണ്ട് പറയാന്.
1980ലെ ഭാഷാ സമരത്തിലെ പൊലീസ് വേട്ടയിലും കള്ളക്കേസുകളിലും പൊറുതിമുട്ടിയ മലപ്പുറം ജില്ലയിലെ പാര്ട്ടി പ്രവര്ത്തകര്ക്ക് വിളിപ്പുറത്തെത്തുന്ന ആശ്രയവും ആത്മധൈര്യവുമായി തുടക്കമിട്ടു ആ രാഷ്ട്രീയ ഇടപെടലുകള്. മലപ്പുറത്തെ നഗരസഭാ ചെയര്മാന് മാത്രമാണന്ന്. ടാഡയും പോട്ടയും കരിനിയമങ്ങളും നിരപരാധികളെ വേട്ടയാടുമ്പോള് അധികാരത്തിലും പുറത്തും നിസ്സങ്കോചം എതിര്ത്തു. വര്ഗീയതയും തീവ്രവാദവും കേരളത്തിന്റെ മണ്ണില് വേരൂന്നാതിരിക്കാന് ആക്ഷേപ ശരങ്ങളേറ്റുവാങ്ങിയും ചെറുത്തുനിന്നു. ആവേശതരംഗമായും പ്രതിസന്ധികളില് ധീര നേതൃത്വമായും ജനങ്ങള്ക്കൊപ്പമുണ്ട് കുഞ്ഞാലിക്കുട്ടി. ബാബരി മസ്ജിദ് തകര്ക്കപ്പെട്ടതിന്റെ അനുബന്ധ നാളുകളില് കേരളം കത്താതെ കാക്കാന് മതമൈത്രിയുടെ സന്ദേശവുമായി സയ്യിദ് മുഹമ്മദലി ശിഹാബ്തങ്ങള്ക്കൊപ്പം കരുതലോടെ ഓടിനടന്നു. ഇതര സംസ്ഥാനങ്ങളിലും ജീവകാരുണ്യത്തിന്റെ കയ്യൊപ്പുമായി പതിത ജനതക്കാശ്വാസമേകാനെത്തി. വാക്കുകളില് മിതത്വം മുദ്രയാക്കി. പ്രതിഷേധത്തിന്റെ രോഷക്കൊടുമുടിയില് പോലും എതിരാളിയെ അതിരുവിട്ട് വിമര്ശനമില്ല. മുന്നണി ഘടകകക്ഷികള്ക്കിടയിലെ മികച്ച മാധ്യസ്ഥനായി ഒത്തുതീര്പ്പിന്റെ എഞ്ചിനീയറിങ് വിദ്യ ഫലപ്രദമായി പ്രയോഗിച്ചു.
യു.ഡി.എഫിനു വിള്ളലുകള് വീഴാതെ പ്രതിരോധ ഭടനായി നിലകൊണ്ടു. മുന്നണിയില് നിന്നകന്നവരിലും ആത്മബന്ധത്തിന്റെ ഇഴയടുപ്പം സൂക്ഷിച്ചു. പ്രകോപനമില്ലാത്ത ഏകോപന തന്ത്രത്തിലാണ് കുഞ്ഞാലിക്കുട്ടിയുടെ നൈപുണ്യം. ഇന്ദ്രപ്രസ്ഥത്തിലും ഇവ്വിധമൊരു എഞ്ചിനീയറിങ് വൈദഗ്ധ്യം ഫലിക്കുമെങ്കില് ഫാസിസത്തിനെതിരായ മുന്നേറ്റത്തിന് അത് ഊര്ജ്ജമാകും. ഇ. അഹമ്മദ് സാഹി ബ് ഉയര്ത്തിയ ആദര്ശ പതാകക്ക് അത് പകിട്ടേകും. നാമനിര്ദ്ദേശ പത്രികയിലെ വിട്ടുപോയ ഭാഗമല്ല, മതേതര ഇന്ത്യയുടെ ഭാവിയാണ് ജനങ്ങളുടെ ഉത്കണ്ഠ. അതിനാല് ബാക്കി കള്ളി മലപ്പുറം പൂരിപ്പിക്കും.
News
രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്ത്തഡോക്സ് സഭ
അതിര്ത്തി സംരക്ഷിക്കുന്ന സൈനികര് സുരക്ഷിതരായിരിക്കാന് പ്രാര്ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന് വേണ്ടി പ്രാര്ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്ത്ഥന നടത്താന് ആഹ്വാനവുമായി മലങ്കര ഓര്ത്തഡോക്സ് സഭ. ഭാരതത്തിനും, സൈനികര്ക്കും, അതിര്ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്ത്തോമ്മാ മാത്യൂസ് തൃതീയന് കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.
അതിര്ത്തി സംരക്ഷിക്കുന്ന സൈനികര് സുരക്ഷിതരായിരിക്കാന് പ്രാര്ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന് വേണ്ടി പ്രാര്ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്ബാന മധ്യേ മലങ്കരസഭയിലെ മുഴുവന് പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഇന്ത്യയുടെ തിരിച്ചടിയില് പാകിസ്താന് വന് നാശനഷ്ടമുണ്ടായതായും റിപ്പോര്ട്ടുണ്ട്.
kerala
താമരശ്ശേരി ഷഹബാസ് കൊലക്കേസ്: കുറ്റാരോപിതരായ വിദ്യാര്ത്ഥികളുടെ എസ്.എസ്.എല്.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല
വിദ്യാര്ത്ഥികള് കേസില് പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്.

താമരശ്ശേരി ഷഹബാസ് കൊലക്കേസില് കുറ്റാരോപിതരായ ആറ് വിദ്യാര്ത്ഥികളുടെയും എസ്.എസ്.എല്.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല. വിദ്യാര്ത്ഥികള് കേസില് പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്. അതേസമയം ഇവരുടെ ഫലം പ്രസിദ്ധീകരിക്കാത്തത് എന്തുകൊണ്ടെന്ന് അറിയില്ലെന്ന് താമരശ്ശേരി ജി വി എച്ച് എസ് എസ് അധികൃതര് വ്യക്തമാക്കി.
കേസില് കുറ്റാരോപിതരായ് വിദ്യാര്ത്ഥികള് നിലവില് വെള്ളിമാടുകുന്ന് ഒബ്സര്വേഷന് ഹോമിലാണ്. വിദ്യാര്ത്ഥികളെ എസ്.എസ്.എല്.സി പരീക്ഷ എഴുതാന് അനുവദിച്ചത് വലിയ വിവാദത്തിലേക്ക് നയിച്ചിരുന്നു. പരീക്ഷാ സെന്ററുകളിലേക്കടക്കം വിദ്യാര്ഥി -യുവജന സംഘടനകള് കടുത്ത പ്രതിഷേധം നടത്തിയിരുന്നു.
എളേറ്റില് വട്ടോളി എം.ജെ. ഹയര്സെക്കന്ഡറി സ്കൂള് പത്താം ക്ലാസ് വിദ്യാര്ഥിയായിരുന്നു മരിച്ച മുഹമ്മദ് ഷഹബാസ്.
Video Stories
പഞ്ചാബിലെ എസ്ബിഎസ് നഗറില് നിന്ന് 2 ആര്പിജികളും 5 ഹാന്ഡ് ഗ്രനേഡുകളും കണ്ടെടുത്തു

പഞ്ചാബിലെ എസ്ബിഎസ് നഗറില് നിന്ന് 2 ആര്പിജികളും 5 ഹാന്ഡ് ഗ്രനേഡുകളും കണ്ടെടുത്തു. എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല് കുലാര് റോഡിന് സമീപമുള്ള വനമേഖലയില് നിന്ന് രണ്ട് റോക്കറ്റ് പ്രൊപ്പല്ഡ് ഗ്രനേഡുകളും അഞ്ച് ഹാന്ഡ് ഗ്രനേഡുകളും ഉള്പ്പെടെ വെടിമരുന്ന് ശേഖരം കണ്ടെടുത്തതായി സംസ്ഥാന പോലീസ് മേധാവി ചൊവ്വാഴ്ച പറഞ്ഞു.
പഞ്ചാബിലെ സ്ലീപ്പര് സെല്ലുകളെ പുനരുജ്ജീവിപ്പിക്കാന് പാകിസ്ഥാനിലെ ഭീകരസംഘടനകള് നടത്തിയ കോര്ഡിനേറ്റഡ് ഓപ്പറേഷനാണ് പ്രാഥമിക അന്വേഷണം സൂചിപ്പിക്കുന്നത്,” ഡയറക്ടര് ജനറല് ഓഫ് പോലീസ് ഗൗരവ് യാദവ് എക്സില് ഒരു പോസ്റ്റില് പറഞ്ഞു.
ഒരു കേന്ദ്ര ഏജന്സിയുമായി ചേര്ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനില്, എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല് കുലാര് റോഡിന് സമീപമുള്ള വനമേഖലയില് നിന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നേതൃത്വത്തില് നടത്തിയ ഓപ്പറേഷനില് പഞ്ചാബ് പോലീസ് തീവ്രവാദ ഹാര്ഡ്വെയര് ശേഖരം കണ്ടെടുത്തു.
രണ്ട് ആര്പിജികള്, രണ്ട് ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസുകള് (ഐഇഡി), അഞ്ച് ഹാന്ഡ് ഗ്രനേഡുകള്, ഒരു വയര്ലെസ് കമ്മ്യൂണിക്കേഷന് സെറ്റ് എന്നിവ കണ്ടെടുത്തതായി അദ്ദേഹം പറഞ്ഞു.
അമൃത്സറിലെ സ്റ്റേറ്റ് സ്പെഷ്യല് ഓപ്പറേഷന് സെല്ലിന്റെ പോലീസ് സ്റ്റേഷനില് ബന്ധപ്പെട്ട വകുപ്പുകള് പ്രകാരം കേസ് രജിസ്റ്റര് ചെയ്തിട്ടുണ്ട്.
-
india2 days ago
‘സോഫിയ ഖുറേഷിയെ തീവ്രവാദിയുടെ സഹോദരിയെന്ന് വിളിച്ചവർ ഒരു നിമിഷം പോലും പദവിയിൽ തുടരാൻ അർഹതയില്ല’: ഷാഫി പറമ്പില്
-
kerala2 days ago
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; നാല് ജില്ലകളില് യെല്ലോ അലേര്ട്ട്
-
News1 day ago
ട്രംപ് ഭരണകൂടം തടവിലാക്കിയ ഇന്ത്യന് വിദ്യാര്ത്ഥിയെ മോചിപ്പിക്കാന് ജഡ്ജി ഉത്തരവിട്ടു
-
kerala3 days ago
തിരുവല്ലയിൽ ബിവറേജസ് ഗോഡൗണിലും ഔട്ട്ലെറ്റിലും വൻ തീപിടുത്തം; ലക്ഷങ്ങളുടെ മദ്യം കത്തിനശിച്ചു
-
india2 days ago
‘ഞങ്ങള് രാഷ്ട്രത്തോടൊപ്പം നില്ക്കുന്നു’: ദേശീയ സുരക്ഷ ചൂണ്ടിക്കാട്ടി തുര്ക്കിയിലെ സര്വകലാശാലയുമായുള്ള കരാര് റദ്ദാക്കി ജെഎന്യു
-
kerala2 days ago
പള്ളിയിലെ കിടപ്പുമുറിയില് വൈദികനെ മരിച്ച നിലയില് കണ്ടെത്തി
-
india2 days ago
സോഫിയ ഖുറേഷിക്കെതിരായ വിവാദ പരാമര്ശം; വനിതാ കമ്മിഷനില് പരാതി നല്കി ദേശീയ വനിതാ ലീഗ്
-
GULF2 days ago
മസ്കത്ത് കെ എം സി സി അല് ഖൂദ് ഏരിയയുടെ പുതിയ കമ്മിറ്റി രൂപീകരിച്ചു