കെ മൊയ്തീന്‍ കോയ

ഈജിപ്ഷ്യന്‍ കോടതിയുടെ കൂട്ട വധശിക്ഷാവിധി മനഷ്യത്വത്തിന് എതിരെയുള്ള കുറ്റകൃത്യമായി ഹ്യൂമന്റൈറ്റ് വാച്ച് വിശേഷിപ്പിച്ചത് നൂറ് ശതമാനവും ശരിവെക്കുന്നതാണെന്ന് ഈജിപ്തിലെ രാഷ്ട്രീയാന്തരീക്ഷവും ഭരണകൂട ഭീകരതയും തെളിയിക്കുന്നു. ജനാധിപത്യ സര്‍ക്കാറിനെ 2013 ജൂലൈ മൂന്നിന് അട്ടിമറിച്ച ശേഷം സൈനിക ഭരണകൂടം നടത്തുന്ന നരനായാട്ട് ലോകത്തെ നടുക്കുന്നതാണ്. എതിരാളികളെ കൊന്നൊടുക്കുകയും ജയിലില്‍ അടയ്ക്കുകയുമാണ് അബ്ദുല്‍ഫത്താഹ് അല്‍സീസി എന്ന സൈനിക ഭരണാധികാരി.
2014ല്‍ നടന്ന പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ അല്‍സീസിയുടെ ‘വിജയം’ 90 ശതമാനം വോട്ട് ‘നേടി’യായിരുന്നു. അദ്ദേഹത്തിന് എതിരില്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച പ്രമുഖരെ അന്നുതന്നെ അയോഗ്യരാക്കി ജയിലില്‍ അടച്ചു. ഇപ്പോഴിതാ അന്നത്തെ സ്ഥാനാര്‍ത്ഥി ലിസ്റ്റിലുണ്ടായിരുന്ന ആറ് പേരും ജയിലില്‍ അടയ്ക്കപ്പെട്ടിരിക്കുന്നു. കോടതിയും സൈന്യവും അല്‍സീസിയുടെ ഉരുക്കുമുഷ്ടി ഭരണകൂടത്തിന്റെ ദല്ലാള്‍ പണി എടുക്കുന്നു. കഴിഞ്ഞ ദിവസം പുറത്തുവന്ന കോടതി വിധിയില്‍ 75 പേര്‍ക്ക് കൂട്ടവധ ശിക്ഷയാണ് നല്‍കിയത്. ലോക സമൂഹത്തിന്റെ ആകെ പ്രതിഷേധം ക്ഷണിച്ചുവരുത്തിയ വിധിക്ക് വിധേയരായവര്‍, സ്ഥാന ഭ്രഷ്ടനാക്കപ്പെട്ട പ്രസിഡണ്ട് മുഹമ്മദ് മുര്‍സിയുടെ ബ്രദര്‍ഹുഡ് നേതാക്കളാണ്. സംഘടനയുടെ ആത്മീയ നേതാവായി അറിയപ്പെടുന്ന മുഹമ്മദ് ബാദി ഉള്‍പ്പെടെ 47 പേര്‍ക്ക് ജീവപര്യന്തം തടവ് വേറെയുമുണ്ട്. ഇപ്പോള്‍ ചെയ്ത കുറ്റം അറിയുമ്പോഴാണ് വിചിത്ര ക്രൂരത പുറത്തുവരുന്നത്. ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡണ്ട് മുഹമ്മദ് മുര്‍സിയെ സൈന്യം അട്ടിമറിച്ചതില്‍ പ്രതിഷേധിക്കാന്‍ പതിനായിരങ്ങള്‍ കെയ്‌റോയിലെ റാബിഅ അല്‍അദവിയ സ്‌ക്വയറില്‍ തടിച്ചുകൂടിയിരുന്നു. ഇവര്‍ സമ്മേളിക്കുന്നതിന് പ്രേരണയും ആഹ്വാനവും നല്‍കിയത് ബ്രദര്‍ഹുഡ് നേതാക്കള്‍ ആയിരുന്നുവെന്നാണ് പ്രധാന ‘കുറ്റകൃത്യം’. പ്രക്ഷോഭത്തിന്റെ ഫോട്ടോ പകര്‍ത്തിയ പ്രമുഖ ഫോട്ടോഗ്രാഫര്‍ മുഹമ്മദ് അബു സൈദിനുമുണ്ട് അഞ്ച് വര്‍ഷം തടവ് ശിക്ഷ. സ്‌ക്വയറില്‍ അന്ന് സൈന്യം നടത്തിയ വെടിവെപ്പില്‍ എണ്ണൂറോാളം പേരാണ് കൊല്ലപ്പെട്ടത്. അവയൊന്നും കുറ്റമേ അല്ല. ‘പ്രതി’കളുടെ വാദം കേള്‍ക്കാതെയുള്ള ശിക്ഷാവിധി ലോകത്തൊരിടത്തും കേട്ടുകേള്‍വിയില്ലാത്ത പൈശാചികതയാണ്.
ഏകാധിപതിയുടെ സര്‍വ സ്വഭാവവും അല്‍സീസി ഭരണകൂടത്തിനുണ്ട്. എതിര്‍ ശബ്ദം പൊറുപ്പിക്കില്ല. സൈനിക ഭരണകൂടത്തിന്റെ ഒത്താശക്കാരനായി ഒരിക്കല്‍ പ്രത്യക്ഷപ്പെട്ട ലോക പ്രശസ്തനായ തന്ത്രജ്ഞന്‍ മുഹമ്മദ് അല്‍ബറാദി സീസിയുടെ ആക്രമണം ഭയന്ന് ഈജിപ്തില്‍ നിന്ന് ഒളിച്ചോടി. യു.എന്‍ നിയന്ത്രിത അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ ഡയരക്ടര്‍ ജനറല്‍ ആയിരുന്നു ദീര്‍ഘകാലം അല്‍ബറാദി. അതിന് മുമ്പ് ഈജിപ്തില്‍ വിദേശകാര്യ മന്ത്രിയായിരുന്നു. മുല്ലപ്പൂ വിപ്ലവത്തെ തുടര്‍ന്ന് ഈജിപ്തില്‍ തിരിച്ചെത്തിയ അല്‍ബറാദി സൈനിക ഭരണകൂടത്തില്‍ വൈസ് പ്രസിഡണ്ട് സ്ഥാനത്തിരിക്കുമ്പോഴായിരുന്നു ഒളിച്ചോട്ടം. പ്രസിഡണ്ട് സ്ഥാനം സ്വപ്‌നം കണ്ട ബറാദിക്കെതിരെ അല്‍സീസി കരുക്കള്‍ നീക്കുന്നതറിഞ്ഞായിരുന്നു രക്ഷപ്പെടല്‍. മുഹമ്മദ് മുര്‍സി ഭരണകൂടത്തിന് എതിരെ സൈനിക അട്ടിമറിക്ക് അവസരമൊരുക്കി കൊടുത്ത സലഫിസ്റ്റ് അന്നൂര്‍ പാര്‍ട്ടി ഉള്‍പ്പെടെ പിന്നീട് അല്‍സീസിയുടെ ഉരുക്കുമുഷ്ടിയുടെ കരുത്ത് അറിഞ്ഞ് മാളത്തിലൊളിച്ചു. യഥാര്‍ത്ഥ ജനാധിപത്യം പുനസ്ഥാപിക്കാന്‍ അല്‍സീസി തയ്യാറാകണമെന്ന ആവശ്യവുമായി മതേതര, ഇടത് പാര്‍ട്ടികള്‍ രംഗത്ത് വന്നതാണ് പ്രതീക്ഷക്ക് വക നല്‍കുന്ന പുതിയ സംഭവ വികാസം. മുന്‍ പ്രസിഡണ്ട് അന്‍വര്‍ സാദാത്തിന്റെ പൗത്രന്‍ മുഹമ്മദ് അന്‍വര്‍ സാദാത്ത് ഈ പ്രസ്ഥാനത്തിന്റെ നായകരില്‍പെടും. 1973ല്‍ ഇസ്രാഈലുമായുള്ള യുദ്ധത്തില്‍ സൈനിക സേവനമനുഷ്ഠിക്കുകയും ഹുസ്‌നി മുബാറക്ക് ഭരണകൂടത്തില്‍ വിദേശ മന്ത്രിയാവുകയും ചെയ്ത മൗസും മര്‍സൂഖിന്റെ അറസ്റ്റാണ് ജനാധിപത്യ വാദികളെ പ്രകോപിപ്പിച്ചിട്ടുള്ളത്. രാഷ്ട്രീയ എതിരാളികളെ പീഡിപ്പിക്കുന്നതിനും യഥാര്‍ത്ഥ ജനാധിപത്യം പുനസ്ഥാപിക്കുന്നതിനും ആഗസ്റ്റ് അഞ്ചിന് തഹ്‌രീര്‍ സ്‌ക്വയറില്‍ (വിമോചന ചത്വരം) സമ്മേളിക്കാനുള്ള മര്‍സൂഖിന്റെ ആഹ്വാനം അല്‍സീസി ഭരണത്തെ അസ്വസ്ഥമാക്കി. 2011ല്‍ മുല്ലപ്പൂ വിപ്ലവത്തിന്റെ ഭാഗമായി പതിനായിരങ്ങള്‍ ദിവസങ്ങളോളം തമ്പടിച്ചപ്പോഴാണ് മുപ്പത് വര്‍ഷത്തെ ഭരണം മതിയാക്കി ഹുസ്‌നിമുബാറക്കിന് രാജിവെച്ചൊഴിയേണ്ടിവന്നത്. തുടര്‍ന്ന് ജനാധിപത്യാടിസ്ഥാനത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ മുഹമ്മദ് മുര്‍സി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. എന്നാല്‍ മുര്‍സി ഒരു വര്‍ഷം പൂര്‍ത്തിയാക്കുമ്പോഴേക്കും പ്രതിപക്ഷം തെരുവിലിറങ്ങി. സൈന്യത്തിന് അവസരം ഒരുക്കാനുള്ള ഒത്തുകളിയായിരുന്നു ഈ നീക്കമെങ്കിലും മുര്‍സിയും ബ്രദര്‍ഹുഡും അവസരത്തിന്നനുസരിച്ച് ഉയര്‍ന്നില്ല. ജനാധിപത്യം നിലനിര്‍ത്താനുള്ളതന്ത്രം ആസൂത്രണം ചെയ്യുന്നതില്‍ ബ്രദര്‍ഹുഡുകാര്‍ പരാജയപ്പെട്ടു. അതേസമയം മുല്ലപ്പൂ വിപ്ലവത്തിന് തുടക്കം കുറിച്ച തുണീഷ്യയില്‍ സമാന സംഭവം അരങ്ങേറാനുള്ള സാധ്യത ഒഴിവാക്കി റഷീദ് ഗാമൂഷിയുടെ അന്നഹ്ദ പാര്‍ട്ടി ഭരണം ദേശീയ ഐക്യസര്‍ക്കാറിന് കൈമാറുകയാണുണ്ടായത്. എന്നാല്‍ ഈജിപ്തില്‍ മുബാറക്കിന് എതിരെ രംഗത്തുണ്ടായിരുന്ന സലഫിസ്റ്റുകളെ പോലും ഭരണകൂടത്തില്‍ പങ്കാളികളാക്കാന്‍ മുര്‍സിയക്കും ബ്രദര്‍ഹുഡിനും കഴിയാതെപോയി.
മര്‍ദ്ദക ഭരണകൂടത്തിന് എതിരെ ജനാധിപത്യ വാദികളുടെ ജനകീയ പ്രസ്ഥാനം വളര്‍ന്നുകഴിഞ്ഞു. നിരോധിക്കപ്പെട്ട ബ്രദര്‍ഹുഡും സലഫിസ്റ്റ് പാര്‍ട്ടിയുമൊക്കെ യോജിച്ച മുന്നേറ്റത്തിന് തയാറായാല്‍ അല്‍സീസിക്കും താങ്ങിനിര്‍ത്തുന്ന പാശ്ചാത്യ ശക്തികള്‍ക്കും മുട്ടുമടക്കേണ്ടിവരുമെന്നാണ് ഈജിപ്തിന്റെ സമീപകാല രാഷ്ട്രീയം തെളിയിക്കുന്നത്.
അമേരിക്കയുടെ വന്‍ സാമ്പത്തിക സഹായം ലഭിക്കുന്ന രാഷ്ട്രമാണ് ഈജിപ്ത്. പ്രത്യേകിച്ച് ഈജിപ്ഷ്യന്‍ സൈന്യത്തിന് അമേരിക്കയുടെ ആയുധവും ഫണ്ടും ലഭിക്കുന്നുണ്ട്. അമേരിക്കന്‍ താല്‍പര്യം വളരെ പ്രധാനമാണ്. സഹോദര അറബ് രാഷ്ട്രങ്ങളെ തള്ളി പറഞ്ഞ് ഇസ്രാഈലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കാന്‍ ക്യാമ്പ് ഡേവിഡ് കരാറില്‍ ഒപ്പ്‌വെച്ചത് അമേരിക്കയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ്. ഗസ്സയില്‍ നരകതുല്യം ജീവിക്കുന്ന ഫലസ്തീന്‍ സഹോദരരെ ശത്രുവിനോട് എന്ന നിലയിലാണ് ഈജിപ്ത് ഭരണകൂടത്തിന്റെ സമീപനം. ഗസ്സയിലേക്ക് മരുന്നും ഭക്ഷണവും എത്തിക്കേണ്ട ‘റഫ’ കവാടം ഇസ്രാഈല്‍ ഭീഷണിക്ക് വഴങ്ങി അടച്ചിടുക ഈജിപ്തിന്റെ പതിവ് നിലപാടാണ്. ഖത്തറിനെയും കുവൈത്തിനെയും തമ്മിലടിപ്പിക്കാന്‍ ഈജിപ്ഷ്യന്‍ ഇന്റലിജന്‍സ് നടത്തിയ നീക്കം ഏതാനും മാസം മുമ്പാണ് പുറത്തുവന്നത്. തമ്മിലടിപ്പിക്കുന്ന വാര്‍ത്ത കൃത്രിമമായി തയാറാക്കാന്‍ മാധ്യമ മേധാവിയോട് ഇന്റലിജന്‍സ് ഓഫീസര്‍ നിര്‍ദ്ദേശിക്കുന്ന ഓഡിയോ ക്യാപ്പ് തുര്‍ക്കി ടി.വി ‘മെകാമിലിന്‍’ പുറത്തു വിട്ടതോടെ അറബ് ലോകത്ത് ഈജിപ്തിന്റെ പ്രതിച്ഛായ തകര്‍ന്നു. ഇസ്രാഈലി ഭരണ കൂടത്തോട് സൗഹൃദം പുലര്‍ത്തുന്നതില്‍ അല്‍സീസി മുന്നിലാണ്. മര്‍ദ്ദക ഭരണവും കുതന്ത്രവും അല്‍സീസിയെ എത്രനാള്‍ പിടിച്ച്‌നിര്‍ത്തുമെന്ന് പ്രവചിക്കാനാവില്ല. അറബ് ലോകത്തെ ഏകാധിപതികള്‍ക്കുണ്ടായ തിരിച്ചടി (ഏത് പാശ്ചാത്യ ശക്തികള്‍ സഹായിക്കാനുണ്ടെങ്കിലും) അല്‍സീസിയെയും കാത്തിരിക്കുകയാണ്.