Connect with us

Video Stories

അഹമദ്കുട്ടി ശിവപുരം തിരിച്ചുപോയി

Published

on

 

റഫീഖ് തിരുവള്ളൂര്‍

അഹമദ് കുട്ടി ശിവപുരം തിരിച്ചു പോയി എന്നേ എഴുതാനാകൂ. മരണം അദ്ദേഹത്തിനു തീര്‍ച്ചയായുമൊരു മടക്കയാത്ര മാത്രമാണ്. പറുദീസയില്‍ നിന്നും പുറത്താക്കപ്പെട്ട ആദമിന്റെ മക്കള്‍ നേടിയ ഭൂമിയിലെ ഇടവേളയാണ് ജീവിതം. തിരിച്ചു സ്വര്‍ഗത്തിലേക്കുള്ള പോക്കുവഴിയാണ് ഐഹിക ജന്മം. ഒരിക്കല്‍ നഷ്ടപ്പെട്ട സ്വര്‍ഗം തിരികെ നേടുന്നു. അദ്ദേഹം ഒരിക്കല്‍ നഷ്ടപ്പെട്ട സ്വര്‍ഗത്തിലേക്കു തിരിച്ചു പോയി.
പൊതു പൈതൃകമായ ഇബ്രാഹീമീ വംശാവലിയിലെ മരതകശോഭകള്‍ ചികഞ്ഞും മഹച്ചരിതങ്ങളുടെയും വേദങ്ങളുടെയും ഖനികളില്‍ കുഴിച്ചും ചരിത്ര പ്രവാഹങ്ങളില്‍ പേനയാല്‍ തുഴഞ്ഞും ആശയങ്ങളുടെ നിധിപേടകങ്ങള്‍ കണ്ടെത്തിയ ആ സൂഫി അന്വേഷിച്ചത് വെളിച്ചങ്ങളെല്ലാം ഉറവ പൊട്ടിയ പ്രഭവകേന്ദ്രവും അതിന്റെ പൊരുളുമായിരുന്നു. ഇബ്രാഹീം പ്രവാചകനായിരുന്നു അദ്ദേഹത്തിനു പിതാമഹന്‍. സത്യവേദ പുസ്തകമെന്നു കൂടി പേരുള്ള ബൈബിളിലായിരുന്നു അദ്ദേഹത്തിന്റെ അന്വേഷണങ്ങള്‍. ഇബ്രാഹീമീ കുടുംബമായ മൂന്നു മതങ്ങളുടെയും ദര്‍ശന സാകല്യങ്ങളിലായിരുന്നു ശ്രദ്ധ. ഹാജറയും ഇസ്മായീലും ഇസ്ഹാഖും ഈസായുമെല്ലാം ലോകത്തിനു മുഴുവനുമുള്ള കാരുണ്യത്തിന്റെ കണ്ണുകളായി അദ്ദേഹത്തെ നോക്കി. അതദ്ദേഹത്തിനു സൗഹാര്‍ദ്ദത്തിന്റെയും സത്യത്തിന്റെയും ഉന്നതമായ ദൃഷ്ടി നല്‍കി. ഇസ്‌ലാം ചരിത്രത്തിലെ ഒരടരല്ലെന്നും, കാലപ്രവാഹത്തിലെ നൈരന്തര്യമാണെന്നും അദ്ദേഹം അറിഞ്ഞു. അതു കൊണ്ട് ഭിന്നത അദ്ദേഹത്തിനറിയില്ലായിരുന്നു. ചുറ്റുപാടും വാപിളര്‍ന്ന ഉള്‍പിരിവുകള്‍ പോലും അദ്ദേഹത്തെ ബാധിച്ചതേയില്ല. ”ഒന്നിന്റെ ലോകത്തേക്ക്” എന്നതായിരുന്നു അദ്ദേഹത്തിന്റെ ഒരു പുസ്തകത്തിന്റെ ശീര്‍ഷകം. ‘അതിരുകള്‍ അറിയാത്ത പക്ഷി’ വേറൊന്നും.
നോമ്പിന്റെ രണ്ടാമത്തെ പത്തില്‍ ഒരു രാത്രി ഞാന്‍ കുട്ടികള്‍ക്കൊപ്പം ആശഹമഹ അ ചലം ആൃലലറ ീള ഒലൃീ എന്ന ആനിമേറ്റഡ് മൂവി കണ്ടിരുന്നു. മോനോട് സങ്കല്‍പ കഥാപാത്രങ്ങളേക്കാള്‍ വലിയ നായകന്മാരുണ്ട് യഥാര്‍ത്ഥ ജീവിതത്തില്‍, അവരിലൊരാളാണ് ബിലാല്‍ ബിനു റബാഹ എന്ന സഹാബി എന്നൊക്കെ പറഞ്ഞ ശേഷമായിരുന്നു ഞങ്ങളൊരുമിച്ചിരുന്നാ സിനിമ കണ്ടത്. അപ്പോള്‍ ഞാനവനോട് ബിലാലിന്റെ കഥ വായിച്ച എന്റെ കുട്ടിക്കാലത്തെ പറ്റി പറഞ്ഞിരുന്നു. വായിക്കുമ്പോള്‍ നമ്മുടെ ഭാവന നടത്തുന്ന കഥാപാത്ര സൃഷ്ടി, ഇത്തരം ചലചിത്ര ദൃശ്യങ്ങള്‍ക്കു നമ്മളിലുണ്ടാക്കാനാവില്ലെന്നു അവനെ ബോധ്യപ്പെടുത്താന്‍ ഞാന്‍ കുട്ടിക്കാലത്തു ‘ബിലാലിന്റെ ഓര്‍മകള്‍’ എന്ന പുസ്തകം വായിച്ച കാര്യം അവനോട് പറയുകയുണ്ടായി. വായിക്കാന്‍ തുടങ്ങിയ ഒരു കുട്ടിയെ പ്രതിപാദന ചാരുത കൊണ്ട് വശീകരിക്കാനുള്ള നൈപുണികളെല്ലാം അഹമദ് കുട്ടി ശിവപുരത്തിനുണ്ടായിരുന്നു. പില്‍ക്കാലത്താണു ഭാഷയുടെ കനം ഒന്നു കൂടി കൂടിയത്. എന്റെ ഓര്‍മ്മയില്‍ അഹമദ് കുട്ടി ശിവപുരം അവസാനം വന്നു പോയത് ആ രാത്രിയായിരുന്നു.
കുട്ടിക്കാലത്തേ എനിക്കു കറുപ്പിനെ ഹൃദയത്തിന്റെ നിറമാക്കി നല്‍കിയ പുസ്തകമാണ് ബിലാലിന്റെ ഓര്‍മ്മകള്‍. ദാറുല്‍ ഹുദായില്‍ ഞാന്‍ ചേരുമ്പോള്‍ അത്ര കണ്ടു സമ്പന്നമൊന്നുമല്ലാത്ത അക്കാലത്തെ അവിടത്തെ പുസ്തക ശാലയില്‍ അഹമ്മദ് കുട്ടി ശിവപുരത്തിന്റെ രണ്ടു പുസ്തകങ്ങളുണ്ടായിരുന്നു. ബിലാലിന്റെ ഓര്‍മ്മകളായിരുന്നു എനിക്കാദ്യം വായിക്കാന്‍ കിട്ടിയത്. വെളുത്ത പുറംചട്ടയില്‍ കറുത്തൊരു കല്ലിന്റെയും പേശികള്‍ വലിയുന്നൊരു മനുഷ്യരൂപത്തിന്റെയും മുദ്രണം ആയിരുന്നു ആ പുസ്തകത്തിന്. ആമിനാ ബുക്ക് സ്റ്റാളും തിരൂരങ്ങാടി ബുക്ക് സ്റ്റാളുമൊക്കെ പ്രസിദ്ധപ്പെടുത്തി പോരുന്ന സാധാരണ ഇസ്‌ലാമിക സാഹിത്യങ്ങളുടെ കൂട്ടത്തില്‍ പെടുത്താവുന്ന ഒന്നായിരുന്നില്ല ആ കൃതി. അതിന്റെ ഭാഷ വേറെയായിരുന്നു.
ഭാവനാ രൂപത്തിലുള്ള ആ ഗദ്യം നിറയെ കാവ്യ ബിംബങ്ങളുണ്ടായിരുന്നു. അനുഭവ ലോകത്തെ ചിത്രണം ചെയ്യുന്ന സൂത്രമുണ്ടായിരുന്നു. പതിവില്ലാത്ത രചനാരീതിയിലുള്ള പുസ്തകങ്ങളെ ഭാഷയെ ധ്യാനിച്ചു കൊണ്ടു വായിക്കാനുള്ള പ്രേരണ എന്നിലുണ്ടാക്കിയ ഒരു പുസ്തകം ആയിരുന്നു അത്. ചരിത്രത്തെ കഥാസാഹിത്യമാക്കി മാറ്റുന്ന എഴുത്തു വിദ്യ അതിലുണ്ടായിരുന്നു. ബിലാല്‍ സ്വന്തം കഥ പറയുകയാണ്. ഭാവനയില്‍ ചരിത്രം കഥയായി പുന:സൃഷ്ടിക്കാന്‍ അതുവരെ ധൈര്യപ്പെട്ടവര്‍ കിളികളെ കൊണ്ടോ മറ്റോ കഥ പറയിക്കാറാണു പതിവ്. ബിലാലിന്റെ കഥ ബിലാലിനെ കൊണ്ടു പറയിക്കുകയാണ് അഹമദ് കുട്ടി. അദ്ദേഹത്തിന്റെ ഭാവനയിലെ ബിലാലാണു സംസാരിക്കുന്നത്.
‘പുലരികളെ കുറിച്ച് എപ്പോഴും ഓര്‍ത്തു
കൊണ്ടിരിക്കുക എന്റെ പതിവായിരുന്നു.
പ്രഭാതം.. അത് പൊട്ടി വിടരാതിരിക്കട്ടെ,
തണല്‍ ! ഞങ്ങളുടെ സ്വര്‍ഗ്ഗവും ആശയുമായിരുന്നു അത്.
എന്തിന്റെയെങ്കിലും നിഴലില്‍ അല്‍പനേരം
വെയിലേല്‍ക്കാതിരിക്കുക എന്നത്.
ദാഹിക്കുന്ന മനുഷ്യന് വെള്ളമെന്ന
പോലെയാണ് ഞങ്ങള്‍ക്കത്.
വിശക്കുന്നവന് ഒരു ചുള കാരക്കയെന്ന പോലെ.
പണിയെടുത്തു ക്ഷീണിച്ചവന് ഒരു കഷ്ണം
വിശ്രമമെന്ന പോലെ.
അവിടെ മരങ്ങളുണ്ടായിരുന്നില്ല. പൂക്കളില്ല.
പുല്ലു പോലും എവിടെയും കാണില്ല.
ഭയാനകമായ വെയില്‍. കുത്തനെ നില്‍ക്കുന്ന മൊട്ടക്കുന്നുകള്‍ തീ വിസര്‍ജ്ജിച്ചിരുന്നു.
കരിക്കുന്ന സൂര്യന്‍. കടുത്ത രശ്മികള്‍
പാറകളില്‍ തട്ടി തീപ്പൊരികള്‍ സൃഷ്ടിച്ചു.
കണ്ണഞ്ചിപ്പോകും. രോമം കരിഞ്ഞു പോകും.
എന്നിട്ടും ജനം അവിടെ സാന്ദ്രീകരിച്ചു.’
ബിലാലിന്റെ ഓര്‍മ്മകളിലെ ഈ ഉദ്ധരണി വായിക്കുന്നേരം ഇപ്പോളതു ഞാന്‍ തിരിച്ചറിയുന്നു. ബിലാലിനെയും അദ്ദേഹം ഇബ്രാഹീമീ കുടുംബത്തിലേക്ക് കണ്ണി ചേര്‍ക്കുന്നുണ്ട്. ‘മാമരങ്ങളും പറവകളും പൂക്കളും ശലഭങ്ങളുമില്ലാത്ത വരണ്ടു തവിട്ടു നിറമാര്‍ന്ന ചുട്ടുപഴുത്ത ഈ മണ്ണിനെ മനുഷ്യന്‍ എന്ത് കൊണ്ടിത്രമാത്രം സ്നേഹിക്കുന്നു’ എന്നതു ബിലാലിന്റെ ചോദ്യമാണ്. അതു എഴുത്തുകാരന്റെയും ചോദ്യമാണ്. ഉത്തരം ആരാണു പറയുന്നത്, ബിലാലാണോ, എഴുത്തുകാരനാണോ. ‘എന്നെപ്പോലെ കറുത്ത തൊലിയുള്ളൊരു പെണ്ണിന്റെ കഥയുണ്ടിവിടെ’. അതു ഹാജറയുടെ കഥയാണ്. ‘സംസം കഥ പറയുമ്പോള്‍’ എന്ന പുസ്തകം ആ കഥകൂടിയായിരുന്നു.
ഇസ്‌ലാമിനു രണ്ടു ചരിത്രമുണ്ട്. ഒന്നു മുഹമ്മദ് നബിക്കു മുമ്പും മറ്റേത് ശേഷവും. ആദ്യത്തേത് പിന്നിലേക്ക് ഈസാ മൂസാ ഇബ്രാഹിം നൂഹ് എന്നിങ്ങനെ പല സഹസ്രം പ്രവാചകരിലൂടെ ആദമിലേക്ക്, സ്വര്‍ഗത്തിലേക്ക്. രണ്ടാമത്തേത് മുഹമ്മദ് നബിക്കു ശേഷമുള്ള നമ്മുടെ ചരിത്രവും. ഇസ്‌ലാമിന്റെ ചരിത്ര പഥം ഖുര്‍ആനിലെ പൂര്‍വ പ്രവാചകരുടെ കഥകളും സ്മൃതികളുമാണ്. കേവലാര്‍ത്ഥങ്ങള്‍ക്കപ്പുറം വശ്യതയുടെ മഹാ ലോകങ്ങളുള്ള അനേകം കൃതികളുണ്ട് കഴിഞ്ഞ കാലമാകെ. ഈ ഈടുവെപ്പുകളില്‍ ആത്മാവും ഹൃദയവും തമ്മിലുള്ള സ്നേഹ സല്ലാപങ്ങളുടെ ആഖ്യാന രൂപങ്ങള്‍ കണ്ടെത്തുകയായിരുന്നു അദ്ദേഹത്തിനു ഇബാദത്ത്. കാവ്യ തല്ലജമായ അല്ലഫല്‍ അലിഫിനെ കുറിച്ചെഴുതിയ കുറിപ്പില്‍ അക്ഷരങ്ങളുടെ വശ്യതക്കൊപ്പം മനോവ്യാപാരങ്ങളുടെ സന്തുലിതത്വവും ഹൃദയത്തിന്റെ ഉള്‍പുളകവുമാണത് എന്നദ്ദേഹം പറയുന്നുണ്ട്. അദ്ദേഹത്തിന്റെ എഴുത്തിന്റെ പ്രാണന്‍ ഇപ്പറഞ്ഞവയായിരുന്നു.
ചരിത്രത്തിന്റെ രൂപത്തില്‍ എഴുതപ്പെട്ടതു മാത്രമല്ല ചരിത്രം, നോവലുകളുടെ രൂപത്തിലും ചരിത്രം എഴുതപ്പെടാറുണ്ട്. ചരിത്രത്തിന്റെ അനുഭവ സാന്ദ്രത പകരുന്ന വായന പകരാന്‍ ഫിക്ഷനേ കഴിയൂ. ‘ബിലാലിന്റെ ഓര്‍മ്മകള്‍’ മലയാളത്തിലെ ആദ്യത്തെ ഫിക്ഷനായിരുന്നു എന്നു തോന്നുന്നു. ചരിത്രത്തിന്റെ കാലത്തിലേക്കും ചരിത്ര പുരുഷന്മാരുടെ ജീവിതത്തിലേക്കും ചുഴിഞ്ഞിറങ്ങി സ്വഭാവാവിഷ്‌കാരം നടത്തുന്ന നോവലുകള്‍ ഇസ്‌ലാമിക ചരിത്രത്തില്‍ നിന്ന് എഴുതിയെടുക്കുന്ന അടുത്ത ചുവടു വെക്കുന്ന എഴുത്തുകാര്‍ക്ക്, സത്യത്തിന്റെ സൗന്ദര്യാനുഭവം തേടിയുള്ള യാത്രയില്‍ കൂടെ കരുതാവുന്ന ഊന്നുവടി പോലെ നില്‍ക്കുകയാണ് അഹമദ് കുട്ടി ശിവപുരത്തിന്റെ എഴുത്തുജീവിതം.
ദാറുല്‍ഹുദക്കാലം കഴിഞ്ഞു കോഴിക്കോട്ട് ഒരു പുസ്തക പ്രസാധനാലയം എന്ന കിനാവുമേറ്റി കുറച്ചു നാള്‍ നടന്നിട്ടുണ്ട് ഈയുള്ളവന്‍. ബുക്ക് ഇവന്റ്സ് എന്ന പേരിലൊരു പ്രസാധന സംരംഭവുമുണ്ടായി. എന്നെ അതിനു പറ്റില്ലെന്ന് പറഞ്ഞു നജീബ് കാന്തപുരം എന്നെ റഹീം മേച്ചേരിയെ ഏല്‍പിച്ചു. അങ്ങനെയാണു ഞാന്‍ ചന്ദ്രികയില്‍ കൂടിയത്. അപ്പോഴേക്കും ആദ്യത്തെ പുസ്തകം ഞങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇസ്‌ലാമിനു അമേരിക്കയില്‍ നിന്നുള്ള അഥിതിയായി വന്ന മൈക്കല്‍ വുള്‍ഫിന്റെ കഥയായിരുന്നു അത്; ഹാജി. മക്കയിലേക്കും മക്കയിലൂടെയുമുള്ള സഞ്ചാരമാണാ പുസ്തകവും. ഡോ. ഔസാഫ് അഹ്സന്‍ വിവര്‍ത്തനം ചെയ്ത ആ പുസ്തകം പ്രകാശിപ്പിച്ചത് ആഷാ മേനോനായിരുന്നു. സ്വീകരിച്ചത് അഹമദ് കുട്ടി ശിവപുരവും. അന്നത്തെ രണ്ടു പേരുടെയും ഹജ്ജിനെ കുറിച്ചുള്ള പ്രഭാഷണം കേട്ടവര്‍ക്ക്, ആ വാഗ്പരാഗങ്ങള്‍ ഉറപ്പായും അര്‍ത്ഥ ശേഖരങ്ങള്‍ നല്‍കിയ രണ്ടു സംസ്‌കൃതികളുടെ കലര്‍പ്പായിരുന്നു. അതിനു ശേഷം അദ്ദേഹത്തെ കേട്ടിട്ടില്ല, ഏറെ വായിച്ചിട്ടുണ്ട്. ആ യൗഗിക ജീവിതം അവസാനിച്ചിരിക്കുന്നു. റമസാന്റെ സ്വര്‍ഗ്ഗ കവാടം വഴി അദ്ദേഹം കടന്നു പോയിരിക്കുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

ആലത്തൂരിലെ ആര്‍എസ്എസ് നോതാവിനും ഭാര്യക്കും വോട്ട് തൃശൂരില്‍

ഭാരതീയ വിചാരകേന്ദ്രം മുൻ ഭാരവാഹി കെ.ആർ ഷാജിക്കാണ് രണ്ട് തിരിച്ചറിയൽ കാർഡ്.

Published

on

ആലത്തൂർ മണ്ഡലത്തിലെ ആർഎസ്എസ് നേതാവിനും ഭാര്യക്കും തൃശൂരിൽ വോട്ട്. ഭാരതീയ വിചാരകേന്ദ്രം മുൻ ഭാരവാഹി കെ.ആർ ഷാജിക്കാണ് രണ്ട് തിരിച്ചറിയൽ കാർഡ്. തൃശൂരിൽ വോട്ട് ചേർത്തത് സുരേഷ് ഗോപിക്ക് വോട്ട് ചെയ്യാൻ വേണ്ടിയായിരുന്നെന്ന് ഷാജി പറഞ്ഞു. രണ്ട് നമ്പറുകളിൽ വോട്ടർ തിരിച്ചറിയൽ കാർഡും വോട്ടും ഉണ്ടാകുന്നത് ഗുരുതര കുറ്റകൃത്യമാകുമ്പോഴാണ് ആർഎസ്എസ് നേതാവിന് രണ്ട് ഐ.ഡി കാർഡ് കണ്ടെത്തിയത്.

Continue Reading

kerala

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം: കേരളത്തില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത

ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്ര-ഒഡീഷ തീരത്തിന് സമീപം രൂപം കൊണ്ട ന്യൂനമര്‍ദത്തെ തുടര്‍ന്ന്, കേരളത്തിലെ നിരവധി പ്രദേശങ്ങളില്‍ മഴയ്ക്കുള്ള സാധ്യത വര്‍ധിച്ചു.

Published

on

ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്ര-ഒഡീഷ തീരത്തിന് സമീപം രൂപം കൊണ്ട ന്യൂനമര്‍ദത്തെ തുടര്‍ന്ന്, കേരളത്തിലെ നിരവധി പ്രദേശങ്ങളില്‍ മഴയ്ക്കുള്ള സാധ്യത വര്‍ധിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറകോട് എന്നീ ജില്ലകളിലെ ചില ഇടങ്ങളില്‍ ഇടത്തരം തോതില്‍ മഴ ലഭിക്കാനിടയുണ്ട്. കൂടാതെ, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റും പ്രതീക്ഷിക്കുന്നു. നിലവില്‍ കണ്ണൂര്‍, കാസറകോട് ജില്ലകളില്‍ മഴ മുന്നറിയിപ്പ് നിലവിലുണ്ട്. ഇരു ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Continue Reading

kerala

14കാരന് നിര്‍ബന്ധിച്ച് ലഹരി നല്‍കി; അമ്മൂമ്മയുടെ ആണ്‍ സുഹൃത്ത് പിടിയില്‍

കൊച്ചിയില്‍ പതിനാലുകാരന് നിര്‍ബന്ധിച്ച് ലഹരി നല്‍കിയെന്ന പരാതിയില്‍ അമ്മൂമ്മയുടെ ആണ്‍ സുഹൃത്ത് അറസ്റ്റില്‍.

Published

on

കൊച്ചിയില്‍ പതിനാലുകാരന് നിര്‍ബന്ധിച്ച് ലഹരി നല്‍കിയെന്ന പരാതിയില്‍ അമ്മൂമ്മയുടെ ആണ്‍ സുഹൃത്ത് അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശി പ്രവീണ്‍ അലക്സാണ്ടര്‍ ആണ് അറസ്റ്റിലായത്. കൊച്ചി നോര്‍ത്ത് പോലീസാണ് പ്രതിയെ പിടികൂടിയത്.

കഴിഞ്ഞ മാസം ഡിസംബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഭീഷണിപ്പെടുത്തി ലഹരി നല്‍കിയെന്ന കാര്യം കുട്ടി സുഹൃത്തിനോട് പറഞ്ഞപ്പോഴാണ് വിവരം വീട്ടുകാര്‍ അറിയുന്നത്.

വീട്ടില്‍ അറിയിക്കരുതെന്ന് കുട്ടിയെ പ്രതി ഭീഷണിപ്പെടുത്തിയിരുന്നു. പിന്നാലെ കുടുംബം പരാതി നല്‍കിയെങ്കിലും പ്രതി ഒളിവിലായിരുന്നു.

Continue Reading

Trending