X
    Categories: indiaNews

ചോദ്യങ്ങള്‍ ഉന്നയിക്കുന്നത് രാജ്യദ്രോഹമാകുന്നു; മോദിക്കെതിരെ ആഞ്ഞടിച്ച് മഹുവ മൊയ്ത്ര

‌ന്യൂഡല്‍ഹി: വര്‍ഷകാല സമ്മേളനത്തില്‍ പാര്‍ലമെന്റില്‍ ചോദ്യോത്തര വേള ഇല്ലാതാക്കിയ സര്‍ക്കാര്‍ തീരുമാനത്തെ രൂക്ഷമായി വിമര്‍ശിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് അംഗം മഹുവ മൊയ്ത്ര. ചോദ്യങ്ങള്‍ ഉന്നയിക്കുന്നത് കോടതിയലക്ഷ്യവും രാജ്യദ്രോഹവുമായി മാറുകയാണ് ഇപ്പോള്‍ എന്ന് അവര്‍ കുറ്റപ്പെടുത്തി.

‘ കോടതിയില്‍ ചോദ്യങ്ങള്‍ ഉന്നയിക്കുന്നത് കോടതിയലക്ഷ്യമാകുന്നു. പാര്‍ലമെന്റിന് പുറത്ത് ചോദ്യങ്ങള്‍ ചോദിക്കുന്നത് രാജ്യദ്രോഹമാകുന്നു. ഇപ്പോള്‍ പാര്‍ലമെന്റിന് അകത്ത് ചോദ്യം ഉന്നയിക്കുന്നത് നിരോധിതവും’ – എന്നാണ് മഹുവ ട്വിറ്ററില്‍ കുറിച്ചത്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ചോദ്യോത്തരവേള വേണ്ടെന്നുവെക്കാന്‍ തീരുമാനിച്ചത്. രാജ്യസഭാ സെക്രട്ടറിയേറ്റ് പുറത്തിറക്കിയ വാര്‍ത്താകുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.

ആഴ്ചയുടെ അവസാനം അവധി നല്‍കാതെ തുടര്‍ച്ചയായ ദിവസങ്ങളിലാണ് സഭ ചേരുക. ആദ്യ ദിവസമായ സെപ്തംബര്‍ 14ന് ലോക്സഭ രാവിലെ ഒമ്പതിന് ചേര്‍ന്ന് ഒരു മണിക്കും രാജ്യസഭ ഉച്ചക്ക് മൂന്നിന് തുടങ്ങി വൈകീട്ട് ഏഴിനും അവസാനിക്കും.

സെപ്തംബര്‍ 15 മുതല്‍ രാജ്യസഭയുടെ പ്രവര്‍ത്തനം രാവിലെ ഒമ്പത് മുതല്‍ ഒരു മണി വരെയും ലോക്സഭയുടേത് ഉച്ചക്ക് മൂന്ന് മുതല്‍ വൈകീട്ട് ഏഴുവരെയുമാകും. ഇരു സഭകളും നാലു മണിക്കൂര്‍ മാത്രമാകും ചേരുക. സെപ്തംബര്‍ 14ന് ആരംഭിക്കുന്ന വര്‍ഷകാല സമ്മേളനം ഒക്ടോബര്‍ ഒന്നിന് അവസാനിക്കും.

 

Test User: