നാദാപുരം: മുസ്‌ലിം യൂത്ത്‌ലീഗ് പ്രവര്‍ത്തകന്‍ കെ.പി മുഹമ്മദ് അസ്‌ലമിനെ വെട്ടിക്കൊന്ന കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. കണ്ണൂര്‍ പാട്യം സ്വദേശി പത്തായക്കുന്നില്‍ വിജേഷിനെ(38)യാണ് നാദാപുരം സി.ഐ ജോഷി ജോസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തെതുടര്‍ന്ന് കഴിഞ്ഞ ദിവസം പ്രതിയെ വീട്ടിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. രാത്രി മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

കൊലപാതകത്തില്‍ നേരിട്ട് പങ്കാളിയായ ആറു പേരില്‍ ഒരാളാണ് വിജേഷെന്ന് പൊലീസ് പറഞ്ഞു. നേരത്തെ കൊലയാളികള്‍ക്ക് സഹായികളായി പ്രവര്‍ത്തിച്ച എട്ടു പേര്‍ അറസ്റ്റിലായിരുന്നു. ഈ കേസില്‍ കൊലയില്‍ നേരിട്ട് പങ്കാളികളായ അഞ്ചു പേരും സഹായം ചെയ്തു കൊടുത്ത മറ്റു ചിലരും കൂടി അറസ്റ്റിലാവാനുണ്ടെന്ന് സി.ഐ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഇപ്പോള്‍ അറസ്റ്റിലായ മുഖ്യപ്രതിയും നേരത്തെ അറസ്റ്റിലായ സഹായികളും പരസ്പരം അറിയാത്തവരാണ്. അതു കൊണ്ടു തന്നെ ഇയാളെ തിരിച്ചറിയല്‍ പരേഡിന് വിധേയമാക്കും. കൊലയാളികളില്‍ മറ്റുള്ളവരും കണ്ണൂര്‍ ജില്ലക്കാരാണ്. ഇവര്‍ ഉടന്‍ അറസ്റ്റിലാവുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം.