ന്യൂഡല്‍ഹി: അസം-മിസോറം അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷത്തില്‍ ആറ് അസം പോലീസുകാര്‍ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലില്‍ നാട്ടുകാര്‍ അടക്കം 50ല്‍ അധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇരു സംസ്ഥാനങ്ങള്‍ക്കുമിടയിലുള്ള അതിര്‍ത്തി പ്രശ്‌നം സംഘര്‍ഷത്തിലേക്ക് നീങ്ങിയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വാസ് ശര്‍മയാണ് ഇക്കാര്യം അറിയിച്ചത്.

മിസോ അതിര്‍ത്തിയിലെ ചില നിര്‍മ്മാണങ്ങള്‍ അസം സര്‍ക്കാര്‍ പൊളിച്ചുനീക്കിയതിന് പിന്നാലെയാണ് രണ്ട് സംസ്ഥാനങ്ങള്‍ക്കിടയില്‍ അതിര്‍ത്തി തര്‍ക്കം തുടങ്ങിയത്. പ്രശ്‌ന പരിഹാരത്തിനായി ഇരുസംസ്ഥാന മുഖ്യമന്ത്രിമാരുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ രണ്ട് ദിവസം മുമ്പ് ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ അതിന് ശേഷം സ്ഥിതി വീണ്ടും വിഷളാവുകയും അതിര്‍ത്തിയില്‍ സംഘര്‍ഷം മൂര്‍ച്ചിക്കുകയുമായിരുന്നു.