X

വോട്ടിന് കോഴ പരാമര്‍ശം; പരീക്കറിന് വീണ്ടും നോട്ടീസ്

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുക്കുന്നതിനും വോട്ട് ചെയ്യുന്നതിനും മറ്റു പാര്‍ട്ടികളില്‍ നിന്ന് പണം വാങ്ങിയ ശേഷം ബി.ജെ.പിക്ക് വോട്ട് ചെയ്യണമെന്ന് ആഹ്വാനം ചെയ്ത പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വീണ്ടും നോട്ടീസ് അയച്ചു. പ്രസംഗത്തിന്റെ സി.ഡി പരിശോധിച്ച കമ്മീഷന്‍ പരീക്കര്‍ പെരുമാറ്റച്ചട്ടം ലംഘിച്ചതായി കണ്ടെത്തി. നാളെക്കകം വിശദീകരണം നല്‍കണമെന്ന് നോട്ടീസില്‍ പറയുന്നു. ജനുവരി 29ന് ചിമ്പലില്‍ നടന്ന റാലിയിലായിരുന്നു പരീക്കറിന്റെ വിവാദ പ്രസ്താവന. ഇതുസംബന്ധിച്ച് ഈമാസം മൂന്നിന് നേട്ടീസ് നല്‍കിയിരുന്നെങ്കിലും മറുപടി തൃപ്തികരമല്ലെന്ന് കണ്ട് തള്ളുകയായിരുന്നു. ‘ചിലര്‍ സംഘടിപ്പിക്കുന്ന റാലികളില്‍ അവര്‍ക്കൊപ്പം സഞ്ചരിക്കാന്‍ നിങ്ങള്‍ 500 രൂപ വീതം വാങ്ങാറുണ്ടെന്ന് എനിക്കറിയാം, അതില്‍ കുഴപ്പമൊന്നുമില്ല. എന്നാല്‍ വോട്ട് രേഖപ്പെടുത്തുമ്പോള്‍ നിങ്ങള്‍ താമര ചിഹ്നം തന്നെ തെരഞ്ഞെടുക്കണം. അത് നിങ്ങള്‍ തീര്‍ച്ചയായും ഓര്‍ത്തിരിക്കണം’-ഇതായിരുന്നു പരീക്കറിന്റെ പ്രസ്താവന. സമാനമായ പ്രസ്താവന നടത്തിയ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിനെതിരെ കേസെടുക്കാന്‍ കമ്മീഷന്‍ ഉത്തരവിട്ടിരുന്നു.

chandrika: