ഹൈദരാബാദ്: വൈ.എസ്.ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍ മോഹന്‍ റെഡ്ഡിക്ക് കുത്തേറ്റു. വിശാഖപട്ടണം വിമാനത്താവളത്തില്‍ വെച്ച് ഉച്ചക്ക് ഒരു മണിയോടെയായിരുന്നു സംഭവം. ഇടതു കൈയിലാണ് കുത്തേറ്റത്.
സെല്‍ഫിയെടുക്കട്ടേയെന്ന് ചോദിച്ച് സമീപത്തെത്തിയ യുവാവ് പൊടുന്നനെ ജഗന്‍മോഹന്‍ റെഡ്ഡിയെ ആക്രമിക്കുകയായിരുന്നു. സെല്‍ഫി എടുക്കുന്നതിന് മുമ്പായി അടുത്ത തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി 160 സീറ്റില്‍ വിജയിക്കുമോ എന്ന് ഇയാള്‍ ജഗന്‍മോഹന്‍ റെഡ്ഡിയോട് ചോദിക്കുന്നുണ്ടായിരുന്നു. ഇതിനിടെ റെഡ്ഡിയെ ആക്രമിക്കുകയായിരുന്നു.

സംഭവം നടന്ന ഉടന്‍ തന്നെ പ്രതിയെ പൊലീസ് പിടികൂടി. എന്നാല്‍ ആയുധവുമായി ഇയാള്‍ എങ്ങനെയാണ് വിമാനത്താവളത്തിനകത്ത് കയറിയതെന്ന് വ്യക്തമല്ല. സുരക്ഷാ പരിശോധനയെ മറികടന്നാണ് യുവാവ് വിമാനത്താവളത്തിനകത്ത് പ്രവേശിച്ചത്.

‘ഒരു നെയില്‍കട്ടര്‍പോലും കൈയില്‍ വെച്ച് വിമാനത്താവളത്തിനകത്ത് പ്രവേശിക്കാന്‍ കഴിയില്ലെന്നിരിക്കെ എങ്ങനെയാണ് ഇയാള്‍ ആയുധവുമായി ഇതിനകത്ത് കയറിയതെന്ന് വൈ.എസ്.ആര്‍ കോണ്‍ഗ്രസ് എം.എല്‍.എ റോജ സെല്‍വമണി ചോദിച്ചു. ജഗന്‍ മോഹന്‍ റെഡ്ഡിക്ക് സുരക്ഷ ഉറപ്പാക്കുന്നതില്‍ ടി.ഡി.പി സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും എംഎല്‍എ ആരോപിച്ചു.