നാരോവാള്‍: പാക്കിസ്ഥാന്‍ ആഭ്യന്തര മന്ത്രി അഹ്‌സാന്‍ ഇഖ്ബാലിന് വെടിയേറ്റു. നാരോവാളില്‍ ഒരു റാലിക്കിടെയാണ് അദ്ദേഹത്തിന് വെടിയേറ്റത്. മന്ത്രി അദ്ദേഹത്തിന്റെ വാഹനത്തിലിരിക്കുമ്പോഴാണ് അക്രമി അദ്ദേഹത്തിന് നേരെ നിറയൊഴിച്ചത്. മന്ത്രിയുടെ വലത് ചുമലിലാണ് വെടിയേറ്റത്. മന്ത്രിയുടെ പരിക്ക് ഗുരുതരമല്ലെന്ന് പാക് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

20-22 വയസുള്ള വ്യക്തിയാണ് അക്രമിയെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ അറസ്റ്റിലായതായി ഡോണ്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അക്രമത്തിന് പിന്നില്‍ കൂടുതല്‍ ആളുകളുണ്ടോയെന്ന് അന്വേഷണത്തിന് ശേഷമേ പറയാന്‍ കഴിയൂ എന്ന് പഞ്ചാബ് സര്‍ക്കാര്‍ ട്വീറ്റ് ചെയ്തു.