X

യു.എസ് കോണ്‍ഗ്രസ് അംഗങ്ങള്‍ക്കുനേരെ വെടിവെപ്പ്; നിരവധി പേര്‍ക്ക് പരിക്ക്

വാഷിങ്ടണ്‍: അമേരിക്കന്‍ കോണ്‍ഗ്രസിലെ റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ക്കുനേരെ അജ്ഞാതന്‍ നടത്തിയ വെടിവെപ്പില്‍ റിപ്പബ്ലിക്കന്‍ വിപ്പ് സ്റ്റീവ് സ്‌കാലിസ് അടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു.
വെര്‍ജീനിയയില്‍ ബുധനാഴ്ച രാവിലെ റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ ബേസ്‌ബോള്‍ പരിശീലിക്കുമ്പോഴാണ് ആക്രമണമുണ്ടായത്. അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളക്കാരനായ മധ്യവയസ്‌കനാണ് വെടിവെച്ചതെന്ന് കോണ്‍ഗ്രസ് അംഗം മോ ബ്രൂക്‌സ് പറഞ്ഞു.
ബേസ്‌ബോള്‍ പരിശീലന ക്യാമ്പിന്റെ വേലിക്ക് പിന്നില്‍നിന്ന് അക്രമി നൂറോളം തവണ വെടിയുതിര്‍ത്തതായി അദ്ദേഹം അറിയിച്ചു. രണ്ടു സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റിട്ടുണ്ട്. പൊലീസ് തിരിച്ചു നടത്തിയ വെടിവെപ്പില്‍ അക്രമിക്കും പരിക്കേറ്റു. സ്‌കാലിസ് അടക്കം അഞ്ചുപേരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു. ശസ്ത്രക്രിയക്ക് വിധേയനായ സ്‌കാലിസിന്റെ ആരോഗ്യനില ഭദ്രമാണെന്ന് യു.എസ് വൃത്തങ്ങള്‍ അറിയിച്ചു. അക്രമി ആരാണെന്നോ അയാളുടെ ലക്ഷ്യം എന്തായിരുന്നുവെന്നോ വ്യക്തമല്ല.
റിപ്പബ്ലിക്കനാണോ ഡെമോക്രാറ്റോണോ എന്ന് വെടിവെക്കുന്നതിനുമുമ്പ് ചോദിച്ചതായി റിപ്പോര്‍ട്ടുണ്ട്. വെടിവെപ്പിനെ തുടര്‍ന്നുള്ള സ്ഥിതിഗതികള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു.

chandrika: