പാലക്കാട്: അട്ടപ്പാടിയില്‍ കനത്ത മഴയെ തുടര്‍ന്ന് റോഡ് ഒഴുകിപ്പോയി. ചാളയൂരിലെ താവളംമുള്ളി റോഡാണ് മലവെള്ളപ്പാച്ചില്‍ വന്നതിനെ തുടര്‍ന്ന് ഒഴുകിപ്പോയത്.

റോഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കെയാണ് ഒലിച്ചുപോയത്. റോഡ് നവീകരണത്തിനായി ഉപയോഗിച്ച ഓവ് പൈപ്പിന് ഗുണനിലവാരമില്ലാത്തതാണ് റോഡ് തകരാന്‍ കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇത് നിര്‍മാണ സമയത്തുതന്നെ പ്രദേശവാസികള്‍ ചുണ്ടിക്കാട്ടിയിരുന്നുവെങ്കിലും അധികൃതര്‍ അവഗണിക്കുകയായിരുന്നു.

റോഡ് തകര്‍ന്നതോടെ താഴെ മുള്ളി, മേലെ മുള്ളി, കാരത്തൂര്‍ തുടങ്ങിയ ആദിവാസി ഊരുകള്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്. സ്‌കൂള്‍ കുട്ടികള്‍, പാല്‍ വണ്ടി, ഓഫിസ് ജീവനക്കാര്‍ ഉള്‍പ്പെടെ മറുഭാഗത്തേക്ക് കടക്കാനാകാതെ നില്‍ക്കുകയാണ്.