കൊച്ചി: ശബരിമല കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ ഡിസംബര്‍ 26നു സംസ്ഥാനത്ത് നടന്ന അയ്യപ്പജ്യോതിയില്‍ പങ്കെടുത്ത 1400 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. എറണാകുളത്ത് നടത്തിയ അയ്യപ്പ ജ്യോതിയുമായി ബന്ധപ്പെട്ടാണ് കേസ്.

ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍, ജില്ലാ സെക്രട്ടറിമാരായ എം.എ.ബ്രഹ്മരാജ്, എം.എന്‍.ഗോപി എന്നിവരുള്‍പ്പെടെ കണ്ടാലറിയാവുന്ന 500 പേര്‍ക്കെതിരെയാണ് അങ്കമാലി പൊലീസ് കേസെടുത്തത്. ഇതിന് പുറമെ, പെരുമ്പാവൂരില്‍ 300 പേര്‍ക്കെതിരെയും കുറുപ്പംപടിയില്‍ 100 പേര്‍ക്കെതിരെയും മൂവാറ്റുപുഴയില്‍ 500 പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

അനധികൃതമായി സംഘം ചേരല്‍, മാര്‍ഗതടസ്സം സൃഷ്ടിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പ്രതികളാക്കപ്പെട്ടവര്‍ക്ക് സ്‌റ്റേഷനില്‍ നിന്ന് ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.