കോഴിക്കോട്: സംസ്ഥാന സീനിയർ വോളിബോൾ കിരീടം നിലനിർത്തി തിരുവനന്തപുരം വനിതകൾ. തിരുവനന്തപുരത്തിന്റെ അനുഭവസംഭവത്തിനു മുന്നിൽ ആതിഥേയരായ കോഴിക്കോടിന് പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല. സ്കോർ: 25-13, 25-22, 25-12.
കെ.സ്.ഇ.ബി താരങ്ങളാൽ സമ്പന്നമായ തിരുവനന്തപുരത്തിന് വെല്ലുവിളി ഉയർത്താൻ ഒരു സാഹചര്യത്തിലും കോഴിക്കോടിനു കഴിഞ്ഞില്ല. ക്യപ്റ്റൻ എസ് രേഖയും ശ്രുതി മുരളീധരനും സെറ്റർ കെ.എസ് ജിനിയും കളം നിറഞ്ഞു കളിച്ചപ്പോൾ അനായാസ ജയം നേടി. അഞ്ജു ബാലകൃഷ്ണൻ, മൃദുല മോഹൻ, ജൂനിയർ ഇന്ത്യൻ താരങ്ങളായ ടി.എസ് കൃഷ്ണ, ലിബറോ അശ്വതി രവീന്ദ്രൻ എന്നിവരുടെ മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്.
ആദ്യ സെറ്റിൽ തന്നെ തിരുവനന്തപുരം വിജയമുറപ്പിച്ചിരുന്നു. മികച്ച ടീം പ്ലെയിംഗിലൂടെ തുടരെ തുടരെ പോയന്റുകൾ നേടി. രണ്ടാം സെറ്റിൽ മാത്രമാണ് കോഴിക്കോട് മികച്ച കളി പുത്തെടുത്തത്. ആദ്യ സെറ്റിലെ പോരായ്മകൾ പരിഹരിച്ച് ആതിഥേയർ തിരിച്ചടിച്ചു. എന്നാൽ തിരുവനന്തപുരത്തിന്റെ പരിചയ സമ്പത്തിന് മുന്നിൽ പിടിച്ചു നിൽക്കാനായില്ല. മത്സരം തിരുവനന്തപുരം കൈപിടിയിലൊതുക്കി. മൂന്നാം സെറ്റിൽ കോഴിക്കോടിന് ഒരവസരവും നൽകാതെ ആധികാരിക ജയം സ്വന്തമാക്കി തിരുവനന്തപുരം ജേതാക്കളായി.
ആതിഥേയർക്കു വേണ്ടി ജൂനിയർ ഇന്ത്യൻ താരങ്ങളായിരുന്ന ക്യാപ്റ്റൻ ഫാത്തിമ റുക്‌സാന, കെ.പി അനുശ്രീ, എസ് സൂര്യ, വി അശ്വതി, മായാ തോമസ് എന്നിവർ കളത്തിലിറങ്ങി. കുന്ദമംഗലം സാന്റോസ് സ്റ്റേഡിയത്തിലാണ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചത്.