X

ബാബരികേസ്: സുപ്രീം കോടതി മാര്‍ച്ച് 14 ലേക്ക് മാറ്റി

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് ഭൂമി കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി മാര്‍ച്ച് 14 ലേക്ക് മാറ്റി. കേസുമായി ബന്ധപ്പെട്ട ചില രേഖകളുടെ പരിഭാഷ ഇതുവരെ നടക്കാത്ത സാഹചര്യത്തിലാണ് കോടതിയുടെ തീരുമാനം. എല്ലാ കക്ഷികളും രേഖകളുടെ ഇംഗ്ലീഷ് പരിഭാഷ മാര്‍ച്ച് ഏഴിനകം കോടതിയില്‍ സമര്‍പ്പിക്കണം.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, ജസ്റ്റിസ് എസ് അബ്ദുല്‍ നസീര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഇത് പൂര്‍ണ്ണമായും ഭൂമി തര്‍ക്കമായി മാത്രമേ പരിഗണിക്കുകയുള്ളൂവെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. കേസില്‍ പരാതിക്കാരുടെ വാദം പൂര്‍ത്തിയായ ശേഷമേ കക്ഷി ചേര്‍ന്ന സുബ്രഹ്മണ്യം സ്വാമി, ശ്യാം ബെനഗള്‍ എന്നിവരുടെ വാദം കേള്‍ക്കാനാവൂയെന്ന് കോടതി നിരീക്ഷിച്ചു.

2010 ല്‍ അലഹബാദ് ഹൈക്കോടതി പുറപ്പെടുവിച്ച വിധി ചോദ്യം ചെയ്ത് സമര്‍പ്പിച്ച വിവിധ ഹര്‍ജികളാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്. ഇനി ഈ വിഷയത്തില്‍ വേറെ ഹര്‍ജികള്‍ സ്വീകരിക്കില്ലെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. അയോദ്ധ്യയിലെ തര്‍ക്ക ഭൂമി മൂന്നായി വിഭജിച്ച് സുന്നി വഖഫ് ബോര്‍ഡ്, നിര്‍മോഹി അഖാഡ,രാം ലല്ല എന്നീ വിഭാഗങ്ങള്‍ക്ക് നല്‍കണമെന്നായിരുന്നു ഹൈക്കോടതി വിധി. തര്‍ക്കം കോടതിക്ക് പുറത്ത് പരിഹരിക്കാനാവുമോയെന്ന് കോടതി നേരത്തെ ആരാഞ്ഞിരുന്നു. എന്നാല്‍ കോടതി തന്നെ അന്തിമ തീരുമാനം എടുക്കണമെന്ന നിലപാടാണ് സുന്നി വഖഫ് ബോര്‍ഡ് അടക്കമുള്ള ഹര്‍ജിക്കാര്‍ സ്വീകരിച്ചത്.

chandrika: