X
    Categories: CultureViews

ചരിത്രം കുറിച്ച് ബംഗ്ലാദേശ്; ഓസ്‌ട്രേലിയക്കെതിരെ ടെസ്റ്റില്‍ ജയം

ധാക്ക: ഓസ്‌ട്രേലിയക്കെതിരെ ബംഗ്ലാദേശിന് ടെസ്റ്റ് ക്രിക്കറ്റിലെ കന്നി വിജയം. ധാക്കയില്‍ നടന്ന മത്സരത്തില്‍ 20 റണ്‍സിനാണ് കങ്കാരുക്കളെ കടുവകള്‍ തോല്‍പ്പിച്ചത്. രണ്ടാം ഇന്നിങ്‌സില്‍ 265 റണ്‍സ് ചേസ് ചെയ്യുന്നതിനിടെ മൂന്നു വിക്കറ്റിന് 158 എന്ന ശക്തമായ നിലയില്‍ നിന്നാണ് ഓസ്‌ട്രേലിയ 244-ന് ഓള്‍ഔട്ട് എന്ന സ്ഥിതിയിലേക്ക് മൂക്കുകുത്തി വീണത്. അവസാന നിമിഷം മത്സരം രക്ഷപ്പെടുത്താന്‍ പാറ്റ് കമ്മിന്‍സ് (33 നോട്ടൗട്ട്) കിണഞ്ഞു ശ്രമിച്ചെങ്കിലും മറുവശത്ത് വിക്കറ്റുകള്‍ വീഴ്ത്തി ബംഗ്ലാദേശ് ചരിത്ര ജയം സ്വന്തമാക്കുകയായിരുന്നു.

രണ്ട് ഇന്നിങ്‌സിലുമായി പത്ത് വിക്കറ്റും 89 റണ്‍സും നേടിയ ഷാകിബ് അല്‍ ഹസന്‍ ആണ് കളിയിലെ കേമന്‍. രണ്ടാം ഇന്നിങ്‌സിലെ ഡേവിഡ് വാര്‍ണറുടെ (112) സെഞ്ച്വറി പാഴായി.

സ്‌കോര്‍ ചുരുക്കത്തില്‍: ബംഗ്ലാദേശ് 260 & 221, ഓസ്‌ട്രേലിയ 217 & 244.

ചൊവ്വാഴ്ച കളി നിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റിന് 109 എന്ന ശക്തമായ നിലയിലായിരുന്ന ഓസീസിന് ഇന്നും മികച്ച തുടക്കമാണ് ലഭിച്ചത്. സ്‌കോര്‍ 178-ല്‍ നില്‍ക്കെ വാര്‍ണറെ ഷാകിബ് വിക്കറ്റിനു മുന്നില്‍ കുടുക്കിയതോടെയാണ് കളി തിരിഞ്ഞത്. കരുതലോടെ ബാറ്റ് ചെയ്യുകയായിരുന്ന സ്മിത്തിനെ ഷാകിബ് തന്നെ വിക്കറ്റ് കീപ്പറുടെ കൈകളിലെത്തിച്ചതോടെ ബംഗ്ലാദേശ് മത്സരത്തിലേക്ക് തിരിച്ചുവന്നു. പീറ്റര്‍ ഹാന്റ്‌സ്‌കോംബിനെ തെയ്ജുല്‍ ഇസ്ലാമിന്റെ പന്തില്‍ സാഹസികമായ ക്യാച്ചില്‍ സൗമ്യ സര്‍ക്കാര്‍ മടക്കിയതിനു പിന്നാലെ മാത്യു വെയ്ഡിനെ ഷാകിബ് വിക്കറ്റിനു മുന്നില്‍ കുടുക്കി. ആഷ്ടന്‍ ആഗറിനെ തെയ്ജുല്‍ സ്വന്തം പന്തില്‍ പിടികൂടി. ലഞ്ചിന് പിരിയുമ്പോള്‍ ഏഴിന് 199 എന്ന നിലയിലായിരുന്നു സന്ദര്‍ശകര്‍.

ലഞ്ച് കഴിഞ്ഞെത്തിയ ഉടനെ ഗ്ലെന്‍ മാക്‌സ്‌വെല്ലിനെ (14) യും ഷാകിബ് മടക്കി. എന്നാല്‍ കമ്മിന്‍സും ലിയോണും (12) ചെറുത്തുനിന്നതോടെ ബംഗ്ലാ ക്യാമ്പില്‍ ആശങ്ക തുടങ്ങി. സ്‌കോര്‍ 228-ല്‍ നില്‍ക്കെ ലിയോണിനെ മെഹ്ദി ഹസന്‍ മിറാസിന്റെ പന്തില്‍ സൗമ്യ സര്‍ക്കാര്‍ മനോഹരമായ ക്യാച്ചില്‍ മടക്കിയതോടെ ബംഗ്ലാദേശ് തൊട്ടടുത്തെത്തി. ആസന്നമായ തോല്‍വി മുന്നില്‍ക്കണ്ട് പാറ്റ് കമ്മിന്‍സ് ആഞ്ഞടിച്ചെങ്കിലും ഹേസല്‍വുഡിനെ തെയ്ജുല്‍ വിക്കറ്റിനു മുന്നില്‍ കുടുക്കിയതോടെ ബംഗ്ലാദേശ് ചരിത്ര നേട്ടത്തിന്റെ ആഘോഷം തുടങ്ങി.

ചന്ദ്രിക വെബ് ഡെസ്‌ക്‌: