ജയ്പുര്‍: 2030-ഓടെ രാജ്യത്തിന്റെ നിയന്ത്രണം കൈയടക്കാനും ഹിന്ദു ജനസംഖ്യയെ കടത്തിവെട്ടാനും മുസ്‌ലിംകള്‍ കൂടുതല്‍ കുട്ടികളെ പെറ്റുകൂട്ടുകയാണെന്ന് രാജസ്ഥാനിലെ ആല്‍വാര്‍ ബി.ജെ.പി.എം.എല്‍.എ ബന്‍വാരിലാല്‍ സിംഘാല്‍. ആല്‍വാരില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് എം.എല്‍.എയുടെ വിവാദപരാമര്‍ശം ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രത്യക്ഷപ്പെട്ടത്.

ഹിന്ദുക്കള്‍ ഒന്നോ രണ്ടോ കുട്ടികളില്‍ ഒതുക്കുമ്പോള്‍ മുസ്‌ലിംകള്‍ 12മുതല്‍ 14 കുട്ടികളെ പ്രസവിക്കുന്നു. ഇത് മുസ്‌ലിംകള്‍ക്ക് മുന്നിലേക്ക് വരാനാണെന്നും രാഷ്ട്രപതി, പ്രധാനമന്ത്രി, മുഖ്യമന്ത്രിമാര്‍ തുടങ്ങിയ പദവിയിലേക്കെത്തിക്കാന്‍ വേണ്ടിയുള്ളതാണെന്നും എം.എല്‍.എ ആരോപിക്കുന്നു. മുസ്‌ലിംകള്‍ മുന്നിലെത്തിയാല്‍ ഹിന്ദുക്കളുടെ നിലനില്‍പ്പ് അപകടകരമാണെന്നും ബന്‍വാരിലാല്‍ സിംഘാല്‍ പറഞ്ഞു.

ഈ മാസം 29-നാണ് ആല്‍വാര്‍ ലോക്‌സഭാമണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഇന്നലെയാണ് രാജസ്ഥാനിലേയും ബംഗാളിലേയും ഉള്‍പ്പെടെ മൂന്നുമണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തിയ്യതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചത്. അതേസമയം യു.പിയിലെ മൂന്ന് മണ്ഡലങ്ങളിലെ തിയ്യതി പ്രഖ്യാപിക്കാതിരുന്നത് വിവാദവുമായി.