മാഡ്രിഡ് : സ്പാനിഷ് ലീഗില്‍ ഡിപോര്‍ട്ടിവിനെ എതിരില്ലാത്ത നാലുഗോളിന് മുക്കി ബാര്‍സ അപരാജിത കുതിപ്പ് തുടരുന്നു. ഉറുഗ്വെന്‍ താരം ലൂയിസ് സുവാരസിന്റെയും ബ്രസീലിയന്‍ താരം പൗളീഞ്ഞോയുടെയും ഇരട്ട ഗോള്‍ മികവാണ് കറ്റാലന്‍സിന് വലിയ വിജയം സമ്മാനിച്ചത്. അതേസമയം അടുത്തവാരം ബന്ധവൈരികളായ റയല്‍ മാഡ്രിഡിനെ നേരിടാനൊരുങ്ങുന്ന ബാര്‍സക്ക് ഈ വിജയം ആത്മവിശ്വാസം വര്‍ധിപ്പിക്കും.

29-ാം മിനുട്ടില്‍ സൂ്പ്പര്‍താരം ലയണല്‍ മെസ്സിയുടെ അസിസ്റ്റില്‍ സുവാരസാണ് ഗോള്‍വേട്ടക്ക് തുടക്കമിട്ടത്. ആദ്യ പകുതിക്ക് നാലു മിനുട്ട് ശേഷിക്കെ പൗളീഞ്ഞോ ലീഡ് ഇരട്ടിയാക്കി. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ സുവാരസ് തന്റെ ഗോള്‍നേട്ടം ഇരട്ടിയാക്കി. സെര്‍ജി റോബര്‍ട്ടോയായിരുന്നു ഗോളിന് വഴിയൊരുക്കിയത്. 75-ാം മിനുട്ടില്‍ നാലാം തവണയും ഡിപോര്‍ട്ടിവയുടെ വലയില്‍ പന്തെത്തിച്ച് പൗളിഞ്ഞോ ബാര്‍സയുടെ ഗോള്‍പ്പട്ടിക പൂര്‍ത്തിയാക്കി.

പതിനാറില്‍ കളിയില്‍ പതിമൂന്ന് ജയവും മൂന്നു സമനിലയുമായി അപരാജിത കുതിപ്പു തുടരുന്ന ബാര്‍സ 42 പോയിന്റുമായി തലപ്പത്താണ്. ഒരു മത്സരം കുറവുകളിച്ച റയല്‍ മാഡ്രിഡ് 31 പോയിന്റുമായി നാലാമതാണ് നിലവില്‍.

14 ഗോളുമായി ലയണല്‍ മെസ്സിയാണ് ലീഗിലെ ടോപ് സ്‌കോറര്‍.