ബാഴ്സലോണ: ‘ബാര്‍സ ഗേറ്റ്’ വിവാദത്തെ തുടര്‍ന്നുള്ള അന്വേഷണങ്ങളുടെ ഭാഗമായി കാറ്റലന്‍ പോലീസ് അറസ്റ്റ് ചെയ്ത സ്പാനിഷ് ഫുട്ബോള്‍ ക്ലബ് ബാഴ്സലോണയുടെ മുന്‍ പ്രസിഡന്റ് ജോസഫ് മരിയ ബര്‍തോമ്യുവിന് ജാമ്യം.

തിങ്കളാഴ്ച അറസ്റ്റ് ചെയ്ത ബര്‍തോമ്യുവിന് ചൊവ്വാഴ്ച ബാഴ്സലോണ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് ജാമ്യം അനുവദിച്ചത്. ബര്‍തോമ്യുവിനും അദ്ദേഹത്തിന്റെ മുന്‍ ഉപദേഷ്ടാവ് ജൗമി മാസ്ഫെറര്‍ക്കുമാണ് കോടതി ജാമ്യം അനുവദിച്ചത്. ഉപാദികളോടെയാണ് ജാമ്യം.

ബാഴ്സലോണ പ്രസിഡന്റായിരിക്കെ ബാഴ്സലോണ താരങ്ങളായ ലയണല്‍ മെസ്സി, ജെറാര്‍ഡ് പിക്വെ, മുന്‍ താരം സാവി ഹെര്‍ണാണ്ടസ്, മുന്‍ പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോള, ക്ലബ് പ്രസിഡന്റ് സ്ഥാനാര്‍ഥികളായ വിക്ടര്‍ ഫോണ്ട്, അഗസ്തി ബെനഡിറ്റോ എന്നിവരെ സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപിക്കാന്‍ ഒരു സ്വകാര്യകമ്പനിക്കു കരാര്‍ നല്‍കിയതുമായി ബന്ധപ്പെട്ടായിരുന്നു ബര്‍തോമ്യുവിന്റെ അറസ്റ്റ്.