X

‘വൈലോപ്പിള്ളിയുടെ വാഴക്കുല’! ; ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധത്തില്‍ വന്‍ പിഴവ്

തിരുവനന്തപുരം- യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധത്തില്‍ ഗുരുതരമായ പിഴവ്. മലയാളത്തിലെ പ്രശസ്തമായ കവി ചങ്ങമ്പുഴയുടെ കവിതയായ വാഴക്കുല വൈലോപ്പിള്ളിയുടേതെന്ന പേരിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കേരള സര്‍വകലാശാല പ്രോ വൈസ്ചന്‍സലറായിരുന്ന ഡോ. പി.പി.അജയകുമാറിന്റെ മേല്‍നോട്ടത്തിലായിരുന്നു ചിന്ത ഗവേഷണം പൂര്‍ത്തിയാക്കിയത്.

വാഴക്കുല ബൈ വൈലോപ്പിള്ളി എന്നാണ് ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധത്തിലെ ആദ്യ അധ്യായത്തില്‍തന്നെ രേഖപ്പെടുത്തിയിരിക്കുന്നത്. നവലിബറല്‍ കാലത്തെ മലയാള കച്ചവട സിനിമയുടെ പ്രത്യയശാസ്ത്ര അടിത്തറ എന്ന വിഷയത്തിലാണ് ചിന്ത ഗവേഷണം നടത്തിയത്. ഇംഗ്ലിഷ് സാഹിത്യവും ഭാഷയും എന്ന വകുപ്പിന് കീഴിലായിരുന്നു പഠനം.

2021ലാണ് ചിന്താ ജെറോം ഡോക്ടറേറ്റ് നേടിയത്. കമ്യൂണിസ്റ്റ് പ്രസ്ഥാനവും ആശയങ്ങളും രൂപം നല്‍കിയ ജാതിരഹിത സമൂഹമെന്ന കാഴ്ചപ്പാടില്‍ പ്രിയദര്‍ശന്‍, രഞ്ജിത്ത് എന്നിവരുടെ സിനിമകള്‍ വെള്ളം ചേര്‍ക്കുന്നു എന്ന് പറഞ്ഞു വരുന്നതിനിടെയാണ് വാഴക്കുലയെ കുറിച്ചുള്ള പരാമര്‍ശം.

വൈലോപ്പിള്ളിയാണ് വാഴക്കുല എന്ന കവിതയെഴുതിയതെന്നാണ് പറയുന്നത്. ചിന്തയ്ക്കും ഗൈഡിനും പിഴവ് കണ്ടെത്താനായില്ല. സര്‍വകലാശാലയുടെ വിവിധ സമിതികളോ വിദഗ്ധരോ ഗവേഷണബിരുദം നല്‍കും മുന്‍പൊന്നും തെറ്റ് തിരിച്ചറിഞ്ഞുമില്ല. ഇങ്ങനെയൊരു കാര്യം ഓര്‍ക്കുന്നില്ലെന്നും പരിശോധിക്കാമെന്നും ചിന്താ ജെറോം പ്രതികരിച്ചു.

webdesk13: