ടോക്യോ: വടക്കന്‍ ജപ്പാനിലെ ഹൊക്കായിഡോ ദ്വീപിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ 39 പേരെ കാണാതായി. ഇതില്‍ ഒന്‍പതു പേര്‍ മരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. റിക്ടര്‍ സ്‌കെയില്‍ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഇന്നലെ പുലര്‍ച്ചയോടെയാണ് ഉണ്ടായത്. ഭൂചലനത്തെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ നിരവധി വീടുകള്‍ തകര്‍ന്നു. ദ്വീപിലേക്കുള്ള വൈദ്യുതി ബന്ധവും പൂര്‍ണമായി വിഛേദിക്കപ്പെട്ടിരിക്കുകയാണ്.

120 ഓളം പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. വിവിധ സ്ഥലങ്ങളില്‍ ഇപ്പോഴും ഒട്ടേറെ പേര്‍ കുടുങ്ങി കിടക്കുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രാദേശിക സമയം ഇന്നലെ പുലര്‍ച്ചെ 3.08നാണ് ഭൂചലനമുണ്ടായത്. ഭൂചലനത്തിന്റെ പ്രകമ്പനത്തില്‍ ഒരാള്‍ ഹൃദയാഘാതം മൂലം മരണമടഞ്ഞതായി പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഹൊക്കായിഡോ ദ്വീപില്‍ നിന്നും 68 കിലോമീറ്റര്‍ അകലെ സാപ്പോറോയിലാണ് പ്രഭവ കേന്ദ്രം. എന്നാല്‍, സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അപകട പ്രദേശത്ത് രക്ഷാപ്രവര്‍ത്തനങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും നടത്താന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ നിര്‍ദേശം നല്‍കി.