പട്ന: ബിഹാര്‍ തെരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നെന്ന് ആര്‍ജെഡി നേതാവ് തേജസ്വി യാദവ്. തപാല്‍ വോട്ട് വീണ്ടും എണ്ണണമെന്ന ആവശ്യം അംഗീകരിച്ചില്ലെന്നും വോട്ടെണ്ണലിലെ ക്രമക്കേടിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൂട്ടുനിന്നെന്നും തേജസ്വി ആരോപിച്ചു.

എന്‍ഡിഎയ്ക്ക് അനുകൂലമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിലപാടെടുത്തു. ജനങ്ങള്‍ മഹാസഖ്യത്തെ അധികാരത്തിലെത്തിക്കാനായി വോട്ടു ചെയ്തു. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്‍ഡിഎയ്ക്കൊപ്പം നില്‍ക്കുകയായിരുന്നെന്നും തേജസ്വി പറഞ്ഞു.

മഹാസഖ്യം ബീഹാറില്‍ സര്‍ക്കാരുണ്ടാക്കുമെന്ന് തേജസ്വി യാദവ് ഇന്ന് നടന്ന പാര്‍ട്ടി യോഗത്തില്‍ പറഞ്ഞിരുന്നു. ആര്‍ജെഡിയുടെ എല്ലാ എംഎല്‍എമാരും ഒരു മാസത്തേക്ക് പട്നയില്‍ തുടരണമെന്നും സ്വന്തം മണ്ഡലത്തിലേക്ക് മടങ്ങരുതെന്നും തേജസ്വി ആവശ്യപ്പെട്ടു.

ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയും വികശീല്‍ ഇന്‍സാന്‍ പാര്‍ട്ടിയും എന്ത് നിലപാടാണ് എടുക്കുന്നതെന്ന് നോക്കാമെന്നായിരുന്നു തേജസ്വി നേരത്തെ പാര്‍ട്ടി നേതാക്കളെ അറിയിച്ചിരുന്നത്. എന്‍ഡിഎയുടെ നീക്കം നിരീക്ഷിച്ച ശേഷം കാര്യങ്ങള്‍ തീരുമാനിക്കാമെന്ന നിലപാടിലായിരുന്നു തേജസ്വി. അതേസമയം അല്പസമയത്തിനകം മഹാസഖ്യം മാധ്യമങ്ങളെ കാണുമെന്നും റിപ്പോര്‍ട്ടുണ്ട്.

110 സീറ്റുകളാണ് നിലവില്‍ ആര്‍ജെഡി നയിക്കുന്ന മഹാസഖ്യത്തിനുള്ളത്. സര്‍ക്കാരുണ്ടാക്കാന്‍ 12 സീറ്റുകള്‍ കൂടിയാണ് ഇവര്‍ക്ക് ആവശ്യമായി വരിക. ഇതിനായി എന്‍ഡിഎക്കൊപ്പമുള്ള മുകേഷ് സഹനി നയിക്കുന്ന വികാശീല്‍ ഇന്‍സാന്‍ പാര്‍ട്ടി, മുന്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ച (സെക്കുലര്‍) എന്നിവയ്‌ക്കൊപ്പം അഞ്ച് സീറ്റുകളുള്ള അസദുദ്ദീന്‍ ഉവൈസിയുടെ എഐഎംഐഎം പാര്‍ട്ടിയുമായും ആര്‍ജെഡി കൂടിക്കാഴ്ച നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.