X

പാതയോരത്തെ മദ്യവില്‍പ്പന: കോടതി വിധി അട്ടിമറിക്കാന്‍ വളഞ്ഞവഴി തേടി സര്‍ക്കാര്‍

തിരുവനന്തപുരം: സുപ്രീംകോടതി വിധി മറികടന്ന് ബിവറേജസ് മദ്യവില്‍പന ശാലകള്‍ നിലനിര്‍ത്താന്‍ കുതന്ത്രവുമായി സര്‍ക്കാര്‍. നിലവിലുള്ള ദൂരപരിധി സംബന്ധിച്ച നിബന്ധനകളില്‍ സര്‍ക്കാര്‍ ഇളവ് വരുത്തി. മദ്യവില്‍പനശാല ലൈസന്‍സ് നേടിക്കഴിഞ്ഞാല്‍ തദ്ദേശസ്ഥാപനത്തില്‍ എവിടെ വേണമെങ്കിലും പ്രവര്‍ത്തിക്കാമെന്ന വ്യവസ്ഥ മാറ്റി, താലൂക്കില്‍ എവിടെവേണമെങ്കിലും പ്രവര്‍ത്തിക്കാമെന്ന് തിരുത്തി സര്‍ക്കാര്‍ ഉത്തരവിറക്കി. ബിവറേജസ് കോര്‍പറേഷന്റെ നിര്‍ദേശം സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു.

ദേശീയ, സംസ്ഥാന പാതയോരത്തെ മദ്യശാലകള്‍ മാറ്റണമെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ബിവറേജസ് വില്‍പനശാലകള്‍ മാറ്റിയപ്പോള്‍ പലയിടങ്ങളിലും ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. പലയിടങ്ങളിലും സ്ത്രീകളും കുട്ടികളും സമരവുമായി രംഗത്തിറങ്ങിയതോടെ വലിയ ക്രമസമാധാനപ്രശ്‌നമായി ഇത് മാറിയിരുന്നു. പൊലീസ് സഹായത്തോടെ മദ്യവില്‍പനശാലകള്‍ മാറ്റിസ്ഥാപിക്കാനുള്ള സര്‍ക്കാര്‍ നീക്കവും പാളിയിരുന്നു. ഇതേതുടര്‍ന്ന് ബിവറേജസ് കോര്‍പറേഷന്‍ വലിയ പ്രതിസന്ധിയിലാണ്. ഇതിന് പരിഹാരമായാണ് ദൂരപരിധിയില്‍ സര്‍ക്കാര്‍ മാറ്റം വരുത്തിയിരിക്കുന്നത്.
മദ്യവില്‍പനശാലകള്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപങ്ങളുടെ അതിര്‍ത്തിക്കുള്ളില്‍ പ്രവര്‍ത്തിക്കാനുള്ള ലൈസന്‍സാണ് നിലവില്‍ നല്‍കുന്നത്. ഒരു പഞ്ചായത്തില്‍ വില്‍പനശാലക്ക് ലൈന്‍സ് അനുവദിച്ചാല്‍, ആ പഞ്ചായത്തില്‍ എവിടെ വേണമെങ്കിലും മാറ്റി പ്രവര്‍ത്തിപ്പിക്കാം. പക്ഷെ പാതയോരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഔട്ട്‌ലെറ്റുകള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റുമ്പോള്‍ പ്രാദേശികമായി കടുത്ത എതിര്‍പ്പുയരുകയാണ്. ഇതിനു പരിഹാരമായി ലൈസന്‍സ് അതിര്‍ത്തി പുനര്‍നിര്‍ണയിക്കാന്‍ ബിവറേജസ് കോര്‍പറേഷന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്നാണ് തദ്ദേശസ്വയംഭരണ പരിധിമാറ്റി താലൂക്കില്‍ എവിടെ വേണമെങ്കിലും മാറ്റി സ്ഥാപിക്കാന്‍ അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയത്.

chandrika: