കോവിഡുമായി ബന്ധപ്പെട്ട ബ്ലാക്ക് ഫംഗസ് കേസുകള്‍ ഉയരുന്നതിന്റെ ഭീതിയിലാണ് രാജ്യം. കോവിഡ് ചികിത്സയിലുള്ളവരെയും രോഗമുക്തി നേടിയവരെയും ഫംഗസ് മൂലമുണ്ടാകുന്ന ഈ മാരക രോഗം ബാധിക്കുന്നു. പതിനൊന്നായിരത്തിലധികം ബ്ലാക്ക് ഫംഗസ് കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ശരിയായ സമയത്ത് തിരിച്ചറിഞ്ഞാല്‍ ചികിത്സിച്ചു മാറ്റാവുന്നതാണ് ഈ അപൂര്‍വ ഫംഗല്‍ അണുബാധ.

ബ്ലാക്ക് ഫംഗസ് തിരിച്ചറിയുന്നതിനുള്ള പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണ് തുടര്‍ച്ചയായ തലവേദന. കോവിഡ് സമയത്ത് സാധാരണ പലര്‍ക്കും ഒന്നോ രണ്ടോ ദിവസം തലവേദന വരാറുണ്ട്. എന്നാല്‍ രോഗമുക്തി കാലയളവായ 14 ദിവസങ്ങള്‍ക്ക് ശേഷവും തലവേദന തുടര്‍ന്നാല്‍ അത് ബ്ലാക്ക് ഫംഗസ് ലക്ഷണമാകാം. മൈക്രോമൈസറ്റസ് എന്നയിനം ഫംഗസുകള്‍ പരത്തുന്ന ബ്ലാക്ക് ഫംഗസ് പ്രതിരോധശേഷി കുറഞ്ഞവരെയാണ് പലപ്പോഴും പിടികൂടുക. ചുറ്റുപാടുകളില്‍ നിന്ന് ശ്വാസത്തിലൂടെ ഉള്ളില്‍ കടക്കുന്ന ഫംഗസുകള്‍ സൈനസിനെയും ശ്വാസകോശത്തെയും തലച്ചോറിനെയും ബാധിക്കാന്‍ തുടങ്ങും. ഇത് തുടര്‍ച്ചയായ തലവേദനയും മുഖത്തിന്റെ ഒരു വശത്ത് നീര്‍ക്കെട്ടും ഉണ്ടാക്കാം.

വായിലെ നിറം മാറ്റവും മുഖത്തിന്റെ ഏതെങ്കിലും ഭാഗത്തെ കുറഞ്ഞ സംവേദനവും ബ്ലാക്ക് ഫംഗസ് ലക്ഷണങ്ങളാകാമെന്ന് ഡല്‍ഹി എയിംസ് മേധാവി ഡോ. രണ്‍ദീപ് ഗുലേരിയ പറയുന്നു.