india

എസ്ഐആർ ജോലിഭാരം മൂലം ​ഗുജറാത്തിലും ബിഎൽഒ ജീവനൊടുക്കി

By webdesk14

November 21, 2025

അഹമ്മദാബാദ്: വിവിധ സംസ്ഥാനങ്ങളിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കുന്ന എസ്ഐആർ മൂലം വീണ്ടും ജീവൻ പൊലിഞ്ഞു. അമിത ജോലിഭാരത്തെ തുടർന്ന് ​ഗുജറാത്തിലെ ​ഗിർ സോമനാഥ് ജില്ലയിൽ ബിഎൽഒ ആത്മഹത്യ ചെയ്തു. കോഡിനാർ താലൂക്കിലെ ഛാര ​ഗ്രാമത്തിലെ ബിഎൽഒ ആയ അധ്യാപകൻ അരവിന്ദ് വധെർ (40) ആണ് മരിച്ചത്. ഇതോടെ എസ്ഐആർ ജോലിഭാരത്തെ തുടർന്ന് രാജ്യത്ത് മരിച്ച ബിഎൽഒമാരുടെ എണ്ണം ആറായി.

എസ്ഐആറിന്റെ ജോലിഭാരം താങ്ങാനാവുന്നില്ലെന്ന് ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. ‘എനിക്ക് ഈ എസ്ഐആർ ജോലിയുമായി മുന്നോട്ടുപോകാനാവുന്നില്ല. ഞാൻ മടുത്തു. കുറച്ചുദിവസമായി ഞാനേറെ ക്ഷീണിതനും അസ്വസ്ഥനുമാണ്. പ്രിയപ്പെട്ട ഭാര്യ, മകൻ ക്രിഷയ്, ക്ഷമിക്കണം’- എന്നാണ് ആത്മഹത്യാക്കുറിപ്പിലെ വാക്കുകൾ. ഔദ്യോഗിക രേഖകൾ അടങ്ങിയ തന്റെ ബാഗ് സ്കൂളിൽ സമർപ്പിക്കണമെന്നും കുറിപ്പിൽ പറയുന്നു.

ബിഎൽഒയുടെ മരണം ഗുജറാത്തിലെ വിദ്യാഭ്യാസ യൂണിയനുകൾക്കിടയിൽ രോഷം ആളിക്കത്തിച്ചിട്ടുണ്ട്. എസ്‌ഐആർ ഓൺലൈൻ പ്രക്രിയ ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ച ഗുജറാത്തിലെ അഖില ഭാരതീയ രാഷ്ട്രീയ ശൈക്ഷിക് മഹാസംഘ്‌, തുടർ നടപടികൾ ആസൂത്രണം ചെയ്യുന്നുണ്ടെന്നും അറിയിച്ചു. രാജ്യത്തുടനീളം എസ്‌ഐആർ ജോലിസമ്മർദവുമായി ബന്ധപ്പെട്ട മരണങ്ങൾക്കും ആത്മഹത്യാ ശ്രമങ്ങൾക്കുമിടെയാണ് പുതിയ സംഭവം.