കൊച്ചി: നിരോധിത തീവ്രവാദ സംഘടനയായ നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോ ലാന്‍ഡിന്റെ സജീവ പ്രവര്‍ത്തകരായ മൂന്നു പേര്‍ പെരുമ്പാവൂരില്‍ പൊലീസ് പിടിയില്‍. അസം സ്വദേശികളാണ് പിടിയിലായത്. കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുടെ സഹായത്തോടെ എറണാകുളം റൂറല്‍ പൊലീസ് ഇന്ന് രാവിലെയാണ് തീവ്രവാദികളെ കസ്റ്റഡിയിലെടുത്തത്. കുന്നത്തുനാട് പൊലീസ് സ്‌റ്റേഷനില്‍ എത്തിച്ച ഇവരെ ചോദ്യം ചെയ്ത് വരികയാണ്.

അതേസമയം, മൂന്നംഗ സംഘത്തിന്റെ പേരുവിവരങ്ങള്‍ പൊലീസ് പുറത്ത് വിട്ടിട്ടില്ല. രണ്ടാഴ്ച മുമ്പാണ് ഇവര്‍ പെരുമ്പാവൂരില്‍ എത്തിയത്. അസം പൊലീസ് ഇവര്‍ക്കെതിരെ യു.എ.പി.എ, കൊലപാതക ശ്രമം, അടിപിടി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്ന് ഇവര്‍ അസം വിടുകയായിരുന്നു. പെരുമ്പാവൂരിലെത്തി സ്വകാര്യ പ്ലൈവുഡ് കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു മൂവരും. പൊലീസ് വിവരം കൈമാറിയതിനെ തുടര്‍ന്ന് അസം പൊലീസ് കേരളത്തിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

ഇന്നലെ രാത്രിയാണ് ബോഡോ തീവ്രവാദികള്‍ പെരുമ്പാവൂരിലുണ്ടെന്ന വിവരം ഇന്റലിജന്‍സ് ബ്യൂറോ (ഐ.ബി) പൊലീസിന് കൈമാറിയത്. തുടര്‍ന്ന് ആലുവ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പൊലീസും ഷാഡോ പൊലീസും സംയുക്തമായി തീവ്രവാദികള്‍ താമസിക്കുന്ന വീട് വളഞ്ഞ് പിടികൂടാന്‍ പദ്ധതിയിട്ടു. എന്നാല്‍, മൂന്നംഗ സംഘത്തിന്റെ കൈവശം ആയുധമുണ്ടെന്ന സൂചനകൂടി ലഭിച്ചതോടെ നീക്കം പൊലീസ് പുലര്‍ച്ചെയിലേക്ക് മാറ്റുകയായിരുന്നു.

രാവിലെ ആറരയോടെയാണ് പ്രതികളെ പിടികൂടിയത്. ഇവരുടെ ഫോണുകളും മറ്റ് രേഖകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ബോഡോ തീവ്രവാദികളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്ന് കൊച്ചി ഡിസിപി ജെ.ഹിമേന്ദ്രനാഥ് പറഞ്ഞു. നിലവില്‍ ഇവരെ ചോദ്യം ചെയ്തു വരികയാണ്. ഫോണുകളും മറ്റും പരിശോധിച്ച് കൂടുതല്‍ തീവ്രവാദികള്‍ ഇവരോടൊപ്പം കൊച്ചിയില്‍ എത്തിയിട്ടുണ്ടോയെന്ന് അന്വേഷിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു.