india

ബോളിവുഡില്‍ ലഹരി ഉപയോഗിക്കുന്നവരുണ്ട്, പക്ഷേ എല്ലാവരും അങ്ങനെയാണെന്ന് കരുതരുത്: അക്ഷയ് കുമാര്‍

By web desk 1

October 04, 2020

മുംബൈ: ബോളിവുഡിലെ മയക്കുമരുന്ന് ഉപയോഗം സംബന്ധിച്ച് കേന്ദ്ര അന്വേഷണ ഏജന്‍സിയായ എന്‍സിബി അന്വേഷണം തുടരുന്നതിനിടെ പ്രതികരണവുമായി നടന്‍ അക്ഷയ് കുമാര്‍. എല്ലാവ്യവസായത്തെയും പോലെ ബോളിവുഡിലും ലഹരിമരുന്ന് ഉപയോഗമുണ്ടെന്നും എന്നാല്‍ എല്ലാവ്യക്തികളും അതിന്റെ ഭാഗമാണെന്ന് കരുതരുതെന്നും അക്ഷയ്കുമാര്‍ പറഞ്ഞു. ആരാധകര്‍ക്കും മാധ്യമങ്ങള്‍ക്കുമായി പങ്കുവച്ച നാലുമിനിട്ട് ദൈര്‍ഘ്യമുളള വീഡിയോ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്.

‘മറ്റു വ്യവസായങ്ങളില്‍ എന്നപോലെ ബോളിവുഡിലും ലഹരിമരുന്നിന്റെ പ്രശ്‌നമുണ്ട്. എന്നാല്‍ എല്ലാ വ്യക്തികളും അതിന്റെ ഭാഗമാണെന്നു കരുതരുത്. കുറച്ച് ആഴ്ചകളായി ചില കാര്യങ്ങള്‍ പറയണമെന്ന് ആഗ്രഹിച്ചിരുന്നു. സിനിമ എന്നത് സമൂഹത്തിന്റെ പ്രതിഫലനമാണ്. അഴിമതി, ദാരിദ്ര്യം, തൊഴിലില്ലായ്മ തുടങ്ങിയ പ്രസക്തമായ പല പ്രശ്‌നങ്ങളും അത് ഉന്നയിക്കുന്നുണ്ട്. അത് ഇനിയും തുടരം. സുശാന്തിന്റെ മരണത്തെ തുടര്‍ന്നുണ്ടായ സംഭവങ്ങള്‍ സിനിമാ മേഖലയിലെ എല്ലാവരെയും ആത്മപരിശോധനയ്ക്കു പ്രേരിപ്പിച്ചു-അക്ഷയ്കുമാര്‍ പറഞ്ഞു.

ബോളിവുഡില്‍ നിയമവിരുദ്ധമായ കാര്യങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ചിലര്‍ ഉണ്ടെന്നത് സത്യമാണ്. എല്ലായിടത്തും ഇത്തരത്തിലുളള ചിലരുണ്ട്. അങ്ങനെയെന്നുകരുതി എല്ലാവരും ഇത്തരം പ്രശ്‌നങ്ങള്‍ ഉളളവരാണെന്ന് കരുതരുത്. സിനിമാ വ്യവസായത്തെ മുഴുവന്‍ ഒരേ ലെന്‍സ് ഉപയോഗിച്ച് നോക്കരുതെന്നും അദ്ദേഹം പറഞ്ഞു.

നടന്‍ സുശാന്ത് സിങ് രാജ്പുതിന്റെ അസ്വാഭാവിക മരണത്തെ തുടര്‍ന്നുള്ള അന്വേഷണം നേരത്തെ ലഹരി മരുന്ന് ഉപയോഗത്തിലേക്ക് എത്തിയിരുന്നു. ഇതുപ്രകാരം നടിമാരായ ദീപിക പദുക്കോണ്‍, റിയ ചക്രവര്‍ത്തി തുടങ്ങിയ ഒട്ടേറെ ബോളിവുഡ് പ്രവര്‍ത്തകരെ എന്‍സിബി ചോദ്യം ചെയ്തു. ഇതേതുടര്‍ന്നാണ് അക്ഷയ്കുമാറിന്റെ വീഡിയോ സന്ദേശം.