പറ്റ്ന: ബിഹാറില്‍ നിയമസഭ തെരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനം പൂര്‍ത്തിയാകുന്നതിന് മുന്നേ എന്‍ഡിഎയില്‍ പൊട്ടിത്തെറി. തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാനാണ് രാംവിലാസ് പാസ്വാന്റെ നേതൃത്വത്തിലുള്ള ലോക്ജന്‍ ശക്തി പാര്‍ട്ടി (എല്‍ജെപി)യുടെ തീരുമാനം. നിതീഷ് കുമാറിന്റെ ജെഡിയുവിനെതിരെ സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ പാര്‍ട്ടി തീരുമാനിച്ചതായും ദേശീയ മാധ്യമങ്ങള്‍ ചെയ്തു. മുന്നണികള്‍ സീറ്റുവിഭജനത്തില്‍ ധാരണയിലെത്തിയെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ വന്നിരുന്നു.
മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ ജെഡിയുവും ബിജെപിയും ഭരണം നിലനിര്‍ത്തുമെന്ന പ്രധാനമന്ത്രി മോദിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ബിഹാര്‍ സഖ്യകക്ഷികളില്‍ പിളര്‍ന്നത്.

അതേസമയം, ആര്‍ജെഡിയുടെ തേജസ്വി യാദവ് നേതൃത്വം നല്‍കുന്ന മാഹാസഖ്യം സീറ്റ് വിഭജനം പൂര്‍ത്തിയാക്കി പ്രചരണത്തിന് തുടക്കമായി കഴിഞ്ഞു.

നീതിഷ് കുമാറിന്റെ നേതൃത്വം അംഗീകരിക്കാനാവില്ലെന്നാണ് എല്‍ജെപി പറയുന്നത്. ജെഡിയു മത്സരിക്കുന്ന മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്നും എന്നാല്‍ ബിജെപിക്കെതിരെ സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കില്ലെന്നും പാര്‍ട്ടി വ്യക്തമാക്കി. തെരഞ്ഞെടുപ്പിന് ശേഷം ബിജെപി മുഖ്യമന്ത്രിയാണ് വരുന്നതെങ്കില്‍ പിന്തുണയ്ക്കുമെന്ന് എല്‍ജെപി വ്യക്തമാക്കി.

ഒക്ടോബര്‍ 28, നവംബര്‍ മൂന്ന്, ഏഴ് തിയതികളിലാണ് ബിഹാറില്‍ തെരഞ്ഞെടുപ്പ് നടക്കുക. നവംബര്‍ പത്തിന് ഫലം പുറത്ത് വരും. കോവിഡ് സാഹചര്യങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

പ്രതിപക്ഷത്തുള്ള ആര്‍ജെഡിയുടെ നേതൃത്വത്തിലുള്ള മഹാസഖ്യം കഴിഞ്ഞ ദിവസം സീറ്റ് വിഭജനം പൂര്‍ത്തിയാക്കിയിരുന്നു. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി തേജസ്വി യാദവിനെ ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു. മുന്നണിക്ക് നേതൃത്വം നല്‍കുന്ന ആര്‍.ജെ.ഡി 144 സീറ്റുകളില്‍ സീറ്റുകളില്‍ മത്സരിക്കും. കോണ്‍ഗ്രസ് 70, സിപിഐഎംഎല്‍ 19, സിപിഐആറ്, സിപിഎംനാല് എന്നിങ്ങനെയാണ് മഹാസഖ്യത്തിന്റെ സീറ്റ് വിഭജനം. എന്‍ഡിഎയിലെ ഭിന്നത തെരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്നാണ് മഹാസഖ്യത്തിന്റെ ആത്മവിശ്വാസം.