News

ബോണ്ടി ബീച്ചിൽ ഭീകരാക്രമണം: അക്രമണത്തിനു പിന്നിൽ അച്ഛനും മകനും, 15 പേർ കൊല്ലപ്പെട്ടു, 40 പേർക്ക് പരിക്ക്

By webdesk18

December 15, 2025

സിഡ്നി: ഓസ്ട്രേലിയയിലെ സിഡ്നിയിലുള്ള ബോണ്ടി ബീച്ചിൽ ആൾക്കൂട്ടത്തിന് നേരെ നടന്ന വെടിവയ്പ്പിൽ മരിച്ചവരുടെ എണ്ണം 15 ആയി. 40 പേർക്ക് പരിക്കേറ്റു. സംഭവം ഭീകരാക്രമണമാണെന്ന് ന്യൂ സൗത്ത് വെയിൽസ് പൊലീസ് സ്ഥിരീകരിച്ചു. ജൂത ഫെസ്റ്റിവലായ ഹനൂക്കയുടെ ആദ്യ ദിനത്തിൽ, ഇന്ത്യൻ സമയം ഞായറാഴ്ച ഉച്ചയ്ക്ക് 2.17ഓടെയാണ് വെടിവയ്പ്പുണ്ടായത്.

പാകിസ്ഥാൻ വംശജരായ 50കാരനായ സാജിദ് അക്രവും മകൻ നവീദ് അക്രം (24) യുമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു. ആക്രമണത്തിന് പിന്നാലെ 50കാരനെ പൊലീസ് വെടിവച്ചു കൊലപ്പെടുത്തി. നവീദ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. ഓസ്ട്രേലിയയിലെ ജൂത വിഭാഗത്തെയാണ് അക്രമികൾ ലക്ഷ്യമിട്ടതെന്നാണ് റിപ്പോർട്ടുകൾ. ആക്രമണത്തിന് പിന്നിൽ ഇരുവരുമാത്രമാണെന്ന് പൊലീസ് വ്യക്തമാക്കി.

അക്രമികളെക്കുറിച്ചും ഉപയോഗിച്ച ആയുധങ്ങളെക്കുറിച്ചും നിർണായക വിവരങ്ങൾ ലഭിച്ചതായി ന്യൂ സൗത്ത് വെയിൽസ് പൊലീസ് കമ്മീഷണർ മാൽ ലാൻയോൺ അറിയിച്ചു. സംഭവസ്ഥലത്തിന് സമീപം രണ്ട് സജീവ ഇംപ്രൊവൈസ്ഡ് സ്ഫോടകവസ്തുക്കൾ കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി പടിഞ്ഞാറൻ സിഡ്നിയിലെ ബോണിറിഗിലെയും ക്യാംപ്സിയിലെയും ഇവരുടെ താമസസ്ഥലങ്ങളിൽ സെർച്ച് വാറണ്ടുകൾ പുറപ്പെടുവിച്ചു.

മരിച്ച 50കാരൻ ലൈസൻസുള്ള തോക്ക് ഉടമയാണെന്നും അദ്ദേഹത്തിന്റെ പേരിൽ ആറ് തോക്കുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പൊലീസ് സ്ഥിരീകരിച്ചു. ബോണ്ടി ബീച്ചിലെ ആക്രമണത്തിൽ ഈ ആറ് തോക്കുകളും ഉപയോഗിച്ചതായാണ് നിഗമനം. സമഗ്ര അന്വേഷണം പുരോഗമിക്കുകയാണ്.

പാകിസ്ഥാനിലെ ലാഹോർ സ്വദേശിയായ നവീദ് അക്രം സിഡ്നിയിലെ അൽ-മുറാദ് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥിയാണെന്നും, ഓസ്ട്രേലിയയിലും പാകിസ്ഥാനിലുമുള്ള സർവകലാശാലകളിൽ മുൻപ് പഠിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

ഓസ്ട്രേലിയൻ സമയം വൈകിട്ട് 6.30ഓടെയാണ് ആദ്യ വെടിവയ്പ്പ് ഉണ്ടായത്. ഹനൂക്കയുടെ തുടക്കമായതിനാൽ ബോണ്ടി ബീച്ചിൽ നൂറുകണക്കിനാളുകൾ ഒത്തുചേർന്നിരുന്നു. തുടർച്ചയായ വെടിവെപ്പ് ആളുകളിൽ പരിഭ്രാന്തി സൃഷ്ടിച്ചതായി ദൃക്സാക്ഷികൾ പറഞ്ഞു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പലർക്കും വെടിയേറ്റത്. കുട്ടികളെയും വയോധികരെയും ഉൾപ്പെടെ ലക്ഷ്യമാക്കിയെന്ന് ഓസ്ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ബോണ്ടി ബീച്ചിലെ കൂട്ടക്കൊല ഞെട്ടിക്കുന്നതും അത്യന്തം അസ്വസ്ഥപ്പെടുത്തുന്നതുമാണെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി അൽബനീസ് പ്രതികരിച്ചു. പൊലീസും ദ്രുതപ്രതികരണ വിഭാഗവും ഉടൻ ഇടപെട്ട് ജനങ്ങളെ രക്ഷിച്ചതായും, ജൂത സമൂഹത്തിനെതിരായ ഏതൊരു ആക്രമണവും ഓസ്ട്രേലിയയിലെ മുഴുവൻ ജനങ്ങൾക്കും എതിരെയുള്ള ആക്രമണമാണെന്നും അദ്ദേഹം വ്യക്തമാക്കി.