ഇതാണ് ബ്രസീല്‍…. ഈ കളിയാണ് കളി…. വജ്രായുധം ആത്മവിശ്വാസമായിരുന്നു. അത് നെയ്മറില്‍ തുടങ്ങി എല്ലാവരിലും പ്രകടമായിരുന്നു. ജയിക്കണമെന്ന വാശി, ഗോളടിക്കണമെന്ന വിശ്വാസം- അതിന്റെ പ്രതിഫലനമായിരുന്നു തെറ്റാത്ത പാസുകളും കുറയാത്ത വേഗതയും. കഴിഞ്ഞ ലോകകപ്പ് നല്ല അനുഭവമായിരുന്നില്ല ബ്രസീലിന്-ആധികാരികത കുറഞ്ഞ പ്രകടനത്തിന് കാരണം സ്വന്തം കരുത്തിലുള്ള വിശ്വാസക്കുറവായിരുന്നു. സ്വന്തം നാട്ടില്‍ നടന്ന ഒളിംപിക്‌സോടെ അത് മാറിയിരിക്കുന്നു. റിയോ ഒളിംപിക്‌സിലെ ഫുട്‌ബോള്‍ മല്‍സരങ്ങളുടെ തുടക്കം മോശമായിരുന്നെങ്കിലും നിര്‍ണായകമായ ഗ്രൂപ്പിലെ അവസാനപോരാട്ടം മുതല്‍ അരങ്ങ് തകര്‍ത്ത നെയ്മറിന്റെ സംഘം ഇന്നലെ പ്രകടിപ്പിച്ചതും ആ ആത്മവിശ്വാസക്കരുത്തായിരുന്നു.

ഗബ്രിയേല്‍ ജീസസും കുട്ടിഞ്ഞോയും പൗളിഞ്ഞോയും അടങ്ങുന്ന പുത്തന്‍ ബെഞ്ച് ഈ ടീമിനെ മുന്നോട്ട് നയിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ബെലോയില്‍ പ്രേതമില്ലെന്ന് അവര്‍ ശക്തമായി തന്നെ തെളിയിച്ചു-സുന്ദരമായ ഗോളുകളിലൂടെ. സാക്ഷാല്‍ ലിയോ മെസി നയിക്കുന്ന അര്‍ജന്റീനയെ ആധികാരികമായി ഈ വിധം തോല്‍പ്പിക്കാന്‍ കഴിഞ്ഞുവെങ്കില്‍ നിസ്സംശയം പറയാം-റഷ്യയിലേക്കുളള യാത്രയില്‍ ബ്രസീലിന് തിരിഞ്ഞു നോക്കേണ്ടി വരില്ല. അര്‍ജന്റീനയോ-കഷ്ടമാണ് കാര്യങ്ങള്‍. മെസിയെ പോലെ ഒരു താരം മൈതാനത്ത് നോക്കുകുത്തിയായിരുന്നു. പഴയ കരുത്തും വേഗതയും തന്ത്രങ്ങളൊന്നുമില്ലാതെ ആര്‍ക്കോ വേണ്ടി കളിച്ചത് പോലെ… കോപ്പയിലെ ഫൈനല്‍ തോല്‍വിയും പെനാല്‍ട്ടി നഷ്ടവും അതിന് ശേഷമുള്ള വിരമിക്കലുമെല്ലാം മാനസികമായി ആ താരത്തെ തളര്‍ത്തിയിട്ടുണ്ട്.

പുറമെ ആരോഗ്യ പ്രശ്‌നങ്ങളുമാവുമ്പോള്‍ മെസിയില്‍ മാത്രം പ്രതീക്ഷയര്‍പ്പിച്ചിട്ട് കാര്യമില്ലാത്ത അവസ്ഥ. മോസ്‌ക്കോയിലേക്കുളള യാത്രയില്‍ കാലിടറി നില്‍ക്കുന്ന മെസിക്കും സംഘത്തിനും മുന്നില്‍ ഇനി ഏഴ് മല്‍സരങ്ങളുണ്ട്. എല്ലാം ജയിച്ചാല്‍ വന്‍കരയിലെ ആദ്യ നാലില്‍ വരാം. പക്ഷേ ഈ ഫോമില്‍ എല്ലാം ജയിക്കുക എളുപ്പമല്ല. അടുത്തയാഴ്ച്ച അടുത്ത മല്‍സരമുണ്ട്-കൊളംബിയക്കെതിരെ. ജെയിംസ് റോഡ്രിഗസിന്റെ സംഘമാവട്ടെ നല്ല ഫോമിലുമാണ്.

https://www.youtube.com/watch?v=mZSJi583xW8