കോഴിക്കോട്: വീര്യമേറിയ മയക്കുമരുന്നുമായി എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി പിടിയില്‍. ഈറോഡ് മെക്കാനിക്കല്‍ എഞ്ചിനീയറിങ് കോളജില്‍ വിദ്യാര്‍ഥിയായ കല്ലായി കുണ്ടുങ്ങല്‍ മനക്കാന്റകം വീട്ടില്‍ ഷനൂബിനെയാണ്(23) പൊലീസ് അറസ്റ്റു ചെയ്തത്. മാത്തോട്ടം മുത്തപ്പന്‍ ക്ഷേത്രത്തിനു സമീപം താമസിക്കുന്ന ഷനൂബിനെ കഴിഞ്ഞ ദിവസം വൈകിട്ട് മൂന്നിന് സ്‌റ്റേഡിയത്തിനു സമീപത്തുവച്ചാണ് കസ്റ്റഡിയില്‍ എടുത്തത്.

പഞ്ചസാര കട്ടിയോടുകൂടിയ 41 പായ്ക്കറ്റ് ലൈസര്‍ജിക് ആസിഡ് ഡൈടൈലാമിഡ് (എല്‍.എസ്.ഡി) ആണ് പിടിച്ചെടുത്തത്. സില്‍വര്‍ പായ്ക്കറ്റില്‍ പൊതിഞ്ഞ നിലയിലായിരുന്നു ഇവ. യുവാക്കളെ കൂടുതല്‍ ആകര്‍ഷിക്കുകയും പെട്ടെന്ന് അടിമകളാക്കുകയും ചെയ്യുന്ന ലഹരി പദാര്‍ത്ഥമാണ് എല്‍.എസ്.ഡി. പുതുവര്‍ഷ ആഘോഷം ലക്ഷ്യമിട്ടാണ് ഇവ നഗരത്തില്‍ എത്തിച്ചതെന്ന് ചോദ്യംചെയ്യലില്‍ പ്രതി പൊലീസിനോട് സമ്മതിച്ചു. ഗ്രാമിന് 10,000 രൂപ വിലയുള്ള 165 ഗ്രാമം എല്‍.എസ്.ഡിയാണ് പിടികൂടിയത്. നഗരത്തിലെ കോളജുകള്‍ കേന്ദ്രീകരിച്ച് വില്‍പന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് ഷനൂബ്. സംസ്ഥാനത്ത് ആദ്യമായാണ് ഇത്രയും കൂടിയ അളവ് എല്‍.എസ്.ഡി. പിടികൂടുന്നതെന്ന് ഡി.സി.പി. മെറിന്‍ ജോസഫ് പറഞ്ഞു. ഹോളണ്ടില്‍ നിന്ന് പ്രത്യേകം ഓര്‍ഡര്‍ ചെയ്താണ് എല്‍.എസ്.ഡി ഇന്ത്യയിലെത്തിക്കുന്നത്. നേപ്പാളില്‍ എത്തിക്കുന്ന ലഹരി അവിടെ നിന്നും വിമാനമാര്‍ഗം ബംഗളുരുവിലെത്തിക്കും. ഇവിടെനിന്നാണ് കോഴിക്കോേെട്ടക്ക് കടത്തുന്നത്. മൈസൂര്‍, ഗോവ എന്നിവിടങ്ങളില്‍ നിന്നും മയക്കുമരുന്നു കേരളത്തിലേക്കു എത്താറുണ്ട്.

നഗരത്തിലെ വിതരണക്കാരെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഇതേകുറിച്ച് പൊലീസിന് സൂചന ലഭിച്ചതായാണ് വിവരം. കഴിഞ്ഞമാസം ലോഡ്ജ് മുറിയില്‍ മയക്കുമരുന്ന് ഉപയോഗിച്ച് വിദ്യാര്‍ഥി മരിച്ച സംഭവത്തെ തുടര്‍ന്നു നാര്‍ക്കോട്ടിക് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ ലഹരി വില്‍പനയെ കുറിച്ചും ഉപയോഗത്തെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. ലോക്കല്‍ പൊലീസും അതത് സ്‌റ്റേഷന്‍ പരിധിയിലെ മദ്യമയക്കുമരുന്ന് സംഘത്തെ കുറിച്ച് അന്വേഷിച്ചു വരികയാണ്. ഇതാണ് സ്ഥിരമായി എല്‍.എസ്.ഡി. കൈകാര്യം ചെയ്യുന്ന എന്‍ജിനീയിറിങ് വിദ്യാര്‍ഥിയിലേക്ക് അന്വേഷണം എത്തിച്ചത്.

കസബ സി.ഐ പി. പ്രമോദ്, എസ്.ഐമാരായ സിജിത്ത്, രാംജിത്ത്, കെ.പി സെയ്തലവി, സി.പി.ഒമാരായ ബിനില്‍കുമാര്‍, ജിനീഷ്, സന്ദീപ് സെബാസ്റ്റ്യന്‍, ഷാജി, ഷിജു, സൗത്ത് ക്രൈം സ്‌ക്വാഡ് അംഗങ്ങളായ കെ.കെ രമേഷ് ബാബു, കെ.ടി രാമചന്ദ്രന്‍, മഹേഷ്, ഷാഫി, അബ്ദുറഹ്മാന്‍, എന്നിവരാണു സംഘത്തിലുണ്ടായിരുന്നത്.

കഞ്ചാവും കറുപ്പും ഉപയോഗിച്ചിരുന്ന സ്ഥാനത്താണ് ലൈസര്‍ജിക് ആസിഡ് ഡൈടൈലാമിഡ് (എല്‍.എസ്.ഡി) അടക്കമുള്ള വീര്യമേറിയ ലഹരിയിലേക്ക് വിദ്യാര്‍ത്ഥികള്‍ തിരിയുന്നത്. ക്രിസ്റ്റല്‍ രൂപത്തിലും സ്റ്റാമ്പ് രൂപത്തിലും ആസിഡ് രൂപത്തിലുമാണ് എല്‍.എസ്.ഡി ലഭ്യമാകുന്നത്. തപാല്‍ രൂപത്തിലുള്ളതാണ് ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്നത്. ഒരു തപാല്‍ സ്റ്റാമ്പിന്റെ മൂന്നിലൊന്ന് വലുപ്പം മാത്രമേ ഇതിനുളളൂ. പെട്ടെന്ന് തപാല്‍ സ്റ്റാമ്പാണെന്ന് കരുതുമെന്നതിനാല്‍ ബുക്കുകള്‍ക്കുള്ളിലും മറ്റും ഒളിപ്പിച്ചു കടത്തുക എളുപ്പമാണ്. എട്ടു മണിക്കൂര്‍ മുതല്‍ 18 മണിക്കൂര്‍ വരെ എല്‍.എസ്.ഡി.യുടെ ലഹരി നിലനില്‍ക്കുന്നുവെന്നതാണ് യുവാക്കളെ ആകര്‍ഷിക്കുന്നത്. എല്‍.എസ്.ഡി ഉപയോഗിക്കുന്നവരെ പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയുകയില്ല എന്നതും കുറ്റവാളികള്‍ക്ക് തുണയാകുന്നു.