തേഞ്ഞിപ്പലം: ഇന്നലെ ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം ഒപ്പിട്ട കാലിക്കറ്റ് സര്‍വകലാശാല നോമിനേറ്റഡ് സിന്‍ഡിക്കേറ്റില്‍ ബി.ജെ.പി പ്രതിനിധിയെ ഉള്‍പ്പെടുത്താനുള്ള നീക്കം അവസാന സമയവും പാളി. പൂര്‍ണമായും ഇടത് മേധാവിത്വമുള്ള സിന്‍ഡിക്കേറ്റാണ് ഇന്നലെ നാമനിര്‍ദേശം ചെയ്തത്. കേന്ദ്ര ഭരണത്തിന്റെ സ്വാധീനത്തില്‍ ഗവര്‍ണറെ സ്വാധീനിച്ച് ബി.ജെ.പി ഒരു പ്രതിനിധിയെ തന്നെയെങ്കിലും സിന്‍ഡിക്കേറ്റ് അംഗമായി ഉള്‍പ്പെടുത്താന്‍ ശ്രമം നടത്തിയിരുന്നു. ഗവര്‍ണറില്‍ ഇതിനായി സമ്മര്‍ദവും നടത്തിയിരുന്നതായാണ് റിപ്പോര്‍ട്ട് .എന്നാല്‍ നീക്കം അവസാന നിമിഷം പാളുകയായിരുന്നു. അനുകൂല സാഹചര്യത്തില്‍ സിന്‍ഡിക്കേറ്റില്‍ ഒരു പ്രതിനിധിയുണ്ടാവുക എന്നത് ബി.ജെ.പിയുടെ അഭിമാന പ്രശ്‌നമായിരുന്നു. എന്നാല്‍ ഇടത് സര്‍ക്കാര്‍ ഭരണത്തില്‍ ബി.ജെ.പി പ്രതിനിധി സിന്‍ഡിക്കേറ്റിലെത്തുകയെന്നത് ഇടത് കേന്ദ്രങ്ങളെ മുള്‍മുനയില്‍ നിര്‍ത്തിയിരുന്നു.

ഗവര്‍ണര്‍ കൈകൊള്ളുന്ന സമീപനത്തിലായിരുന്നു ഇതിന് ആശങ്ക. ഇത് മറികടക്കാന്‍ വേണ്ടി നടത്തിയ ശ്രമമാണ് രാഷ്ട്രീയത്തിലുപരി വിദ്യാഭ്യാസ വിചക്ഷണരെ സിന്‍ഡിക്കേറ്റില്‍ മുഖ്യ പരിഗണന നല്‍കിയത്.പൂര്‍ണമായും വിദ്യാഭ്യാസ വിചക്ഷണന്മാരെ ഉള്‍പ്പെടുത്തിയത് ഗവര്‍ണറുടെ എതിര്‍പ്പ് മറികടക്കലായിരുന്നു ലക്ഷ്യം. ഗവര്‍ണറുടെ അനിഷ്ടം കാരണം കടുത്ത രാഷ്ട്രീയ ഇടപെടല്‍ സര്‍ക്കാറിന് നടത്താന്‍ സാധിച്ചിട്ടില്ലെന്നത് ലിസ്റ്റില്‍ വ്യക്തമാവുന്നുണ്ട്.എന്നാലും നോമിനേറ്റ് ചെയ്തവര്‍ പൂര്‍ണമായും ഇടത് അനുകൂലികളാണെന്നതില്‍ സര്‍ക്കാരിന് ആശ്വസിക്കാം. വിദ്യാഭ്യാസ രംഗത്ത് നിന്ന് ആറ് പേരാണുള്ളത്.മൂന്ന് എയ്ഡഡ് കോളജ് അധ്യാപകര്‍, സര്‍ക്കാര്‍ കോളജ് അധ്യാപകന്‍, സര്‍വകലാശാലാ അധ്യാപകന്‍ എന്നീ പ്രതിനിധികള്‍ ഒന്ന് വീതം ഉണ്ട്.

സര്‍ക്കാര്‍ കോളജ് പ്രിന്‍സിപ്പല്‍ രണ്ട് പേരും എയ്ഡഡ് കോളജ് പ്രിന്‍സിപ്പല്‍ ഒന്നും പ്രതിനിധിയുണ്ട്. ഒരു വിദ്യാര്‍ഥി പ്രതിനിധിയും സിന്‍ഡിക്കേറ്റിലുണ്ട്. ഇലക്ടറല്‍ സെനറ്റും സിന്‍ഡിക്കേറ്റും രൂപീകരിക്കുന്നത് വരെ സെനറ്റിന്റെ അധികാരമുള്ള 13 അംഗ സിന്‍ഡിക്കേറ്റായിരിക്കുമിത്.അതേസമയം യു.ഡി.എഫ് നിയന്ത്രണത്തിലുള്ള പഴയ സിന്‍ഡിക്കേറ്റില്‍ ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നോമിനേറ്റ് ചെയ്ത സിന്‍ഡിക്കേറ്റ് അംഗങ്ങളില്‍ 6 ല്‍ നിന്ന് 4 പേര്‍ മാത്രമാണ് പുതിയ സിന്‍ഡിക്കേറ്റില്‍ ഇടം കിട്ടിയത്. കെ.കെ ഹനീഫ, ഡോ. വിജയരാഘവന്‍, ഡോ. സി.സി ബാബു, ഡോസി. അബ്ദുല്‍ മജീദ് എന്നിവരാണവര്‍. സി. എല്‍ ജോഷി ഇതിന് മുമ്പ് തെരഞ്ഞെടുക്കപ്പെട്ട സിന്‍ഡിക്കേറ്റില്‍ അംഗമായിട്ടുണ്ട്.

സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എ.വിജയരാഘവന്റെ ഭാര്യ പ്രഫ. ആര്‍.ബിന്ദു സിന്‍ഡിക്കേറ്റിലെത്തിയിട്ടുണ്ട്. സര്‍ക്കാരിന് നേരിട്ട് നിയമിക്കാവുന്ന 6 പേര്‍ കൂടി സിന്‍ഡിക്കേറ്റില്‍ വന്നേക്കും.