കാലിഫോര്‍ണിയ: അമേരിക്കയിലെ കലിഫോര്‍ണിയയില്‍ ജനവാസകേന്ദ്രങ്ങളിലേക്കു പടര്‍ന്ന കാട്ടുതീയില്‍പെട്ട് കാണാതായവരുടെ എണ്ണം 631 ആയി. ബുധനാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം 500 പേരെയായിരുന്നു കണ്ടെത്താനുണ്ടായിരുന്നത്. മരണസംഖ്യ 60 കടന്നെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് കാണാതായവരുടെ എണ്ണവും ആശങ്കയുയര്‍ത്തി വര്‍ധിക്കുന്നത്.
കലിഫോര്‍ണിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തീപിടിത്തമാണിത്. എട്ടുദിവസം മുമ്പ് പൊട്ടിപുറപ്പെട്ട കാട്ടുതീ കനത്ത നഷ്ടമാണ് കാലിഫോര്‍ണിയയില്‍ വരുത്തിയിട്ടുള്ളത്. പതിനായിരത്തോളം അഗ്‌നിശമനസേനാംഗങ്ങള്‍ തീ നിയന്ത്രിക്കാന്‍ അഹോരാത്രം പണിപ്പെടുകയാണ്. 140,000 ഏക്കറുകളിലായാണ് തീ വ്യാപിച്ചിരിക്കുന്നത്. എന്നാല്‍ 40 ശതമാനം തീയണയ്ക്കാനേ ഇതുവരെ സാധിച്ചിട്ടുള്ളൂ.

നവംബര്‍ എട്ടിന് രാവിലെയാണ് യുഎസിലെ പാരഡൈസ് പട്ടണത്തില്‍ തീപ്പിടിത്തമുണ്ടായത്. കനത്ത തീയില്‍ 12,000 കെട്ടിടങ്ങളാണ് നശിച്ചത്. 9700ലധികം വീടുകളും കത്തിനശിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

നിലവില്‍ സൈന്യവും ഫോറന്‍സിക് സംഘവും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആളുകള്‍ക്കായുള്ള തെരച്ചില്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. തിരച്ചില്‍ ദൗത്യം പൂര്‍ത്തിയാക്കാന്‍ ആഴ്ചകളെടുക്കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.