News
കാപിറ്റോള്‍ ആക്രമണം; ട്രംപിനെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഇറക്കാന്‍ നീക്കം
ട്രംപ് നയിക്കുന്ന ക്യാബിനറ്റിലെ അംഗങ്ങളാണ് സ്വന്തം പ്രസിഡന്റിനെ നീക്കം ചെയ്യാനുള്ള സാധ്യത പരിശോധിക്കുന്നത്
വാഷിംഗ്ടണ്‍: ട്രംപ് അനുകൂലികള്‍ യുഎസ് ക്യാപ്പിറ്റോള്‍ മന്ദിരത്തില്‍ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹത്തെ പ്രസിഡന്റ് സ്ഥാനത്ത് നിന്നും നീക്കം ചെയ്യുന്ന കാര്യം ക്യാബിനറ്റ് ആലോചിക്കുന്നതായി സൂചന. യുഎസ് മാധ്യമങ്ങളാണ് ഈക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ട്രംപ് നയിക്കുന്ന ക്യാബിനറ്റിലെ അംഗങ്ങളാണ് സ്വന്തം പ്രസിഡന്റിനെ നീക്കം ചെയ്യാനുള്ള സാധ്യത പരിശോധിക്കുന്നത്.
യുഎസ് ഭരണഘടനയിലെ 25ാം വകുപ്പ് അനുസരിച്ച് വൈസ് പ്രസിഡന്റിനും ക്യാബിനറ്റിനും ചേര്‍ന്ന് പ്രസിഡന്റിനെ നീക്കം ചെയ്യാന്‍ അധികാരമുണ്ട്. എന്നാല്‍ ഈ നടപടിക്ക് തുടക്കമിടാന്‍ വൈസ് പ്രസിഡന്‍് മൈക്ക് പെന്‍സിന്റെ പിന്തുണ വേണം എന്നതാണ് ഏറ്റവും നിര്‍ണായകമായ കാര്യം. ട്രംപിന്റെ വിശ്വസ്തനായ മൈക്ക് പെന്‍സ് അതിന് തയ്യാറാവുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
ഒരു കണ്‍ട്രോളുമില്ലാത്ത അവസ്ഥയിലാണ് ട്രംപെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഉന്നത നേതാവ് പറഞ്ഞു. ട്രംപിനെ നീക്കം ചെയ്യാനുള്ള നടപടികള്‍ പാര്‍ട്ടിയും സര്‍ക്കാരും സജീവമായി പരിഗണിക്കുന്നുണ്ടെന്നും ട്രംപിന് നീക്കം ചെയ്യാന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന് മേലെ കനത്ത സമ്മര്‍ദ്ദമാണ് സഹപ്രവര്‍ത്തകര്‍ ചെലുത്തുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അതേ സമയം സംഭവത്തില്‍ പ്രതികരണവുമായി നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍ രംഗത്തെത്തി. സംഭവം ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുന്ന നടപടിയാണെന്നും വേദനാജനകമാണെന്നും ബൈഡന്‍ പ്രതികരിച്ചു. ജനാധിപത്യത്തെ സംരക്ഷിക്കാന്‍ നല്ല മനസുള്ള ജനങ്ങള്‍ വേണം. ഇച്ഛാശക്തിയുള്ള നേതാക്കള്‍ വേണം. അധികാരത്തിനും സ്വന്തം താല്‍പര്യങ്ങള്‍ക്കുമല്ലാതെ ജനങ്ങളുടെ നന്‍മക്കായി നിലകൊള്ളുന്ന നേതാക്കളായിരിക്കണമത്-ബൈഡന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
സമൂഹമാധ്യമങ്ങളിലടക്കം നിരവധി പേരാണ് ബൈഡന് പിന്തുണയുമായി രംഗത്തെത്തിയത്. ലോകനേതാക്കളും സംഭവത്തെ ശക്തമായി അപലപിച്ചു.
ജോബൈഡന്റെ വിജയം അംഗീകരിക്കാന്‍ യു.എസ് കോണ്‍ഗ്രസിന്റെ ഇരുസഭകളും സമ്മേളിക്കുന്നതിനിടെയാണ് അക്രമാസക്തരായ ആയിരക്കണക്കിന് ട്രംപ് അനുകൂലികള്‍ കാപ്പിറ്റോള്‍ മന്ദിരത്തിന്റെ സുരക്ഷാവലയം ഭേദിച്ച് അകത്തുകടന്നത്. കലാപത്തില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ നാലുപേര്‍ മരിച്ചു.
kerala
വോട്ടര്‍ക്ക് നേരിട്ട് എസ്ഐആർ ഫോം നല്‍കിയില്ല; ബിഎല്‍ഒയെ മര്‍ദിച്ച സിപിഎം ലോക്കൽ സെക്രട്ടറി റിമാൻഡിൽ
കാസര്‍കോട്: ദേലമ്പാടി പഞ്ചായത്ത് എട്ടാം വാര്‍ഡിലെ ബൂത്ത് ലെവല്‍ ഓഫിസറെ (ബിഎല്‍ഒ) മര്‍ദിച്ച സിപിഎം ലോക്കൽ സെക്രട്ടറിയും പഞ്ചായത്തംഗവുമായ എ. സുരേന്ദ്രനെ റിമാൻഡ് ചെയ്തു. ബവ്റിജസ് കോർപറേഷൻ ബന്തടുക്ക ഔട്ട്‌ലെറ്റിലെ എല്‍ഡി ക്ലര്‍ക്ക് പി. അജിത്തിന്റെ പരാതിയിലാണ് സിപിഎം പാണ്ടി ലോക്കല്‍ സെക്രട്ടറിയായ സുരേന്ദ്രനെ ആഡൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
പയറഡുക്കയില്‍ നടന്ന തീവ്ര വോട്ടര്‍പട്ടിക പുനഃപരിശോധനാ ക്യാംപിനിടെയാണ് സംഭവം. വാര്‍ഡിലെ ഒരു വീട്ടിലെത്തിയപ്പോള്‍ വോട്ടറെ നേരിട്ട് കാണാനാകാത്തതിനാല്‍ അയല്‍വീട്ടിലാണ് ബിഎല്‍ഒ ഫോം നല്‍കിയത്. വോട്ടര്‍ വീട്ടില്‍ തിരിച്ചെത്തിയാല്‍ ഏല്‍പ്പിക്കണമെന്ന് അയല്‍ക്കാരനെ ചുമതലപ്പെടുത്തിയതാണെന്ന് ബിഎല്‍ഒ പറഞ്ഞു. എന്നാല്‍, വോട്ടര്‍ക്ക് നേരിട്ട് അപേക്ഷ നല്‍കിയില്ലെന്ന് പറഞ്ഞ് ക്യാംപിനിടെ പഞ്ചായത്തംഗം കയര്‍ത്ത് സംസാരിക്കുകയും മർദിക്കുകയുമായിരുന്നുവെന്നുമാണ് പരാതി.
ബിഎൽഒയുടെ ജോലി തടസ്സപ്പെടുത്തുകയും കോളറിൽ പിടിച്ച് ചുമരിനോട് ചേർത്തു നിർത്തി മർദിക്കുകയും ചെയ്തുവെന്ന് എഫ്ഐആറിൽ പറയുന്നു. മർദനം സംബന്ധിച്ച് അജിത്ത് ജില്ലാ കലക്ടർക്കും പരാതി നൽകി.
india
‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതി നടന്നതായി ധ്രുവ് റാഠി. തെരഞ്ഞെടുപ്പുകൾ നിക്ഷ്പക്ഷമായിരിക്കണമെന്നും എന്നാൽ ബിഹാർ തെരഞ്ഞെടുപ്പ് ഒരു തരത്തിലും സുതാര്യമായിരുന്നില്ലെന്നും ധ്രുവ് റാഠി പുതിയ വീഡിയോയിൽ പറയുന്നു. ആറ് തെളിവുകൾ നിരത്തിയാണ് ധ്രുവ് റാഠി ബിഹാർ തെരഞ്ഞെടുപ്പിലെ ക്രമക്കേടും അഴിമതിയും ചൂണ്ടിക്കാട്ടുന്നത്. ബിഹാറിൽ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ വൻഭൂരിപക്ഷത്തിൽ അധികാരം നിലനിർത്തിയത് ഇത്തരം വളഞ്ഞ വഴിയിലൂടെയാണെന്ന് തെളിവുകളിലൂടെ സമർഥിക്കുകയാണ് അദ്ദേഹം. ഈ തെളിവുകൾ തെറ്റാണെന്ന് തെളിയിക്കാൻ മോദി സർക്കാരിനെയും തെരഞ്ഞെടുപ്പ് കമ്മീഷനേയും ധ്രുവ് റാഠി വെല്ലുവിളിച്ചു.
1. ജനങ്ങൾക്ക് പണം നൽകി വോട്ട്
തെരഞ്ഞെടുപ്പ് ക്രമക്കേടിന്റെ ആദ്യത്തെ തെളിവ് 10,000 രൂപയുടെ കൈക്കൂലിയാണെന്ന് ധ്രുവ് റാഠി പറയുന്നു. ആദ്യഘട്ട വോട്ടെടുപ്പിന് വെറും ആറ് ദിവസം മുമ്പ് ഒക്ടോബർ 31നും രണ്ടാംഘട്ട വോട്ടെടുപ്പിന് നാല് ദിവസം മുമ്പ് നവംബർ ഏഴിനുമുൾപ്പെടെ ബിഹാറിലെ സ്ത്രീകളുടെ അക്കൗണ്ടിലേക്ക് 10,000 രൂപ വീതം എത്തി. ഇത് നിയമാനുസൃത കൈക്കൂലിയാണ്. ഈ പണം വോട്ടർമാരെ സ്വാധീനിച്ചു. ചെറുകിട ബിസിനസ് തുടങ്ങാനാണ് ഇത് നൽകിയത്. ഈ പദ്ധതിപ്രകാരം സംസ്ഥാനത്തെ 1.25 കോടി സ്ത്രീകൾക്ക് പണം നൽകി. ആറ് മാസത്തിന് ശേഷം ഈ സ്ത്രീകൾക്ക് രണ്ട് ലക്ഷം രൂപ കൂടി നൽകുമെന്നും എൻഡിഎ സർക്കാർ വാഗ്ദാനം ചെയ്തു.
ജീവിക സെൽഫ്- ഹെൽപ് ഗ്രൂപ്പിൽ ചേർന്ന വനിതകൾക്കായിരുന്നു ഈ തുക നൽകിയത്. ഇവരെ ജീവിക ദീദി എന്നാണ് വിളിക്കുക. ഈ പദ്ധതിയുടെ ഗുണങ്ങളുടെ പശ്ചാത്തലത്തിൽ താനിതിനെ എതിർക്കുന്നില്ല. എന്നാൽ, ഇത് നൽകിയ സമയം വളരെ പ്രധാനമാണ്. സെപ്തംബർ 26നാണ് മുഖ്യമന്ത്രി മഹിളാ റോജ്ഗർ യോജന പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പിനിടെ ഈ പണം കൈമാറുകയും ചെയ്തു. അതിലൂടെ അവരുടെ വോട്ടിനെ സ്വാധീനിച്ചു. ആദ്യം 10,000 രൂപയും പിന്നീട് രണ്ട് ലക്ഷം രൂപ നൽകാമെന്ന വാഗ്ദാനവും കിട്ടുമ്പോൾ ആരാണ് വോട്ട് ചെയ്യാതിരിക്കുകയെന്ന് ധ്രുവ് റാഠി ചോദിക്കുന്നു.
പക്ഷേ ഇതിന് ഉത്തരം പറയേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനാണ്. കാരണം, തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പ്രഖ്യാപിച്ചുകഴിഞ്ഞാൽ അധികാരത്തിലിരിക്കുന്ന പാർട്ടിയും സർക്കാരും ഒരു തരത്തിലുമുള്ള സാമ്പത്തിക സഹായമോ ആനുകൂല്യങ്ങളോ ജനങ്ങൾക്ക് നൽകാൻ പാടില്ല. ഒക്ടോബർ ആറിനാണ് ബിഹാറിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഒക്ടോബർ 17, 24, 31, നവംബർ ഏഴ് ദിവസങ്ങളിൽ സ്ത്രീകൾക്ക് പണം നൽകി സർക്കാർ ഈ പെരുമാറ്റച്ചട്ടം ലംഘിച്ചു. ഇത് തെരഞ്ഞെടുപ്പോ അതോ ചിട്ടി പദ്ധതിയോ എന്ന് ധ്രുവ് ചോദിക്കുന്നു.
2004ലെ തെരഞ്ഞടുപ്പിന് തൊട്ട് മുൻപ് തമിഴ്നാട്ടിലെ ജയലളിത സർക്കാരും 2024ൽ ആന്ധ്രാപ്രദേശ് സർക്കാരും 2023ൽ തെലങ്കാന ബിആർഎസ് സർക്കാരും ഇത്തരത്തിൽ ധനസഹായം നൽകാൻ ശ്രമിച്ചപ്പോൾ തന്നെ തെരഞ്ഞെടുപ്പ് കമീഷൻ ഇടപെടുകയും തടയുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് മുമ്പ് ഇത്തരത്തിൽ സൗജന്യ പദ്ധതികൾ പ്രഖ്യാപിക്കരുതെന്നും അവർക്ക് നിർദേശം നൽകി. കാരണം ഇത് കൈക്കൂലി നൽകുന്നതുപോലെ തന്നെയാണ്. ബിഹാർ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കാൻ ഈ ഒരൊറ്റ കാരണം മാത്രം മതി- അദ്ദേഹം വ്യക്തമാക്കുന്നു.
2. ലക്ഷക്കണക്കിന് വ്യാജ വോട്ടർമാർ
മറ്റ് സംസ്ഥാനങ്ങളിൽ വോട്ട് ചെയ്ത നിരവധി വോട്ടർമാർ ബിഹാറിലും വോട്ട് ചെയ്തു എന്ന് ധ്രുവ് ചൂണ്ടിക്കാട്ടുന്നു. ഇതിന് നൂറുകണക്കിന് ഉദാഹരണങ്ങളുണ്ട്. ബിജെപി പ്രവർത്തകരായ നാഗേന്ദ്രകുമാർ ഡൽഹിയിലും ബിഹാറിലും അജിത് ഝാ ഹരിയാനയിലും ബിഹാറിലും ഡൽഹിയിലും വോട്ട് ചെയ്തു. ഇവരെല്ലാം തങ്ങളുടെ സാമൂഹികമാധ്യമ അക്കൗണ്ടുകളിൽ ഇതിന്‍റെയെല്ലാം ഫോട്ടോയടക്കം പോസ്റ്റ് ചെയ്തിരുന്നു. ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറും നിരവധി വ്യാജന്മാരെ ചൂണ്ടിക്കാട്ടിയിരുന്നു. ഇതേക്കുറിച്ച് തെരഞ്ഞടുപ്പ് കമ്മീഷനോട് ചോദിച്ചെങ്കിലും മറുപടിയുണ്ടായില്ല. വ്യാജ വോട്ടർമാരെക്കുറിച്ച് അന്വേഷിച്ച ഒരു വെബ്സൈറ്റ് ബിഹാറിൽ മാത്രം 14.35 ലക്ഷം വ്യാജ വോട്ടർമാരുണ്ടെന്ന് കണ്ടെത്തി. വ്യാജവോട്ടർമാരെ കണ്ടെത്താനുള്ള സോഫ്റ്റ് വെയറുകൾ ഉണ്ടായിരുന്നിട്ടും എന്തുകൊണ്ട് ഇത്രയധികം വ്യാജ വോട്ടർമാർ ബിഹാറിൽ ഉണ്ടായി എന്നതിന് ഉത്തരം പറയേണ്ടത് തെരഞ്ഞെടുപ്പ് കമീഷനാണെന്നും എന്നാൽ അവർ മൗനം തുടരുകയാണെന്നും ധ്രുവ് പറയുന്നു.
3. സ്പെഷ്യൽ വോട്ടർ ട്രെയിനുകൾ
ഹരിയാനയിൽ നിന്നും ബിഹാറിലേക്ക് സ്പെഷ്യൽ ട്രെയിനുകളിൽ ബിജെപി വ്യാജ വോട്ടർമാരെ കൊണ്ടുവന്നു. അവരെക്കൊണ്ട് ബിഹാറിൽ വ്യാജ വോട്ട് ചെയ്യിച്ചു. ഏകദേശം നാല് സ്പെഷ്യൽ ട്രെയിനുകളെങ്കിലും തെരഞ്ഞെടുപ്പ് ദിവസം ഹരിയാനയിൽ നിന്നും ബിഹാറിലേക്ക് ഓടുന്നുണ്ടെന്ന് സുപ്രിംകോടതി അഭിഭാഷകൻ കപിൽ സിബൽ വാർത്താസമ്മേളനം നടത്തി പറഞ്ഞിരുന്നു. ഇവർ യഥാർഥ വോട്ടർമാരാണെങ്കിൽ അവർക്ക് സ്പെഷ്യൽ ട്രെയിനുകൾ എന്തിനാണെന്നും കപിൽ സിബൽ ചോദിച്ചിരുന്നു. ഈ ട്രെയിനുകളിലെ യാത്രയ്ക്കുള്ള എല്ലാ ചെലവുകളും ബിജെപിയോ മോദി സർക്കാരോ ആണ് വഹിക്കുന്നതെന്ന് ട്രെയിനിൽ യാത്ര ചെയ്തവർ പറയുന്ന ദൃശ്യങ്ങളും വാർത്താ ചാനലുകളിലൂടെ പുറത്തുവന്നിട്ടുണ്ട്. ഇങ്ങനെയെത്തിച്ചവർക്ക് ട്രെയിനുകളിൽ സൗജന്യ ഭക്ഷണവും നൽകി. തെരഞ്ഞെടുപ്പ് ചട്ടം അനുസരിച്ച് ഇത്തരത്തിൽ വാഹനങ്ങൾ ഉപയോഗിക്കുന്നത് അഴിമതിയാണ്. എന്നാൽ പരാതി ഉന്നയിച്ചിട്ടുപോലും ഇത് തടയാൻ ആവശ്യമായ നടപടി തെരഞ്ഞെടുപ്പ് കമീഷൻ സ്വീകരിച്ചില്ല.
4. സിസിടിവി നിയമങ്ങൾ മാറ്റി ദൃശ്യങ്ങൾ മറച്ചു
സിസിടിവി നിയമങ്ങളിൽ മാറ്റം വരുത്തി ക്രമക്കേടുകളെ മായ്ച്ചുകളഞ്ഞു. തെരഞ്ഞെടുപ്പ് അട്ടിമറി സംബന്ധിച്ച പരാതികളിൽ പോളിങ് ബൂത്തുകളിലെ സിസിടിവി ദൃശ്യങ്ങൾ വലിയ തെളിവായാണ് പരിഗണിക്കപ്പെടുന്നത്. എത്രയാൾ എത്തിയെന്നും വോട്ട് ചെയ്തെന്നും ഒരേ ആൾ തന്നെ വീണ്ടും വോട്ട് ചെയ്തോ എന്നുമൊക്കെ ഈ ദൃശ്യങ്ങളിലൂടെ അറിയാമായിരുന്നു. എന്നാൽ നിയമങ്ങൾ മാറ്റി ഈ സിസിടിവി ദൃശ്യങ്ങളെല്ലാം മറച്ചു.
ചില സ്ഥലങ്ങളിൽ ഒരേ ആൾ തന്നെ രണ്ടു വിവിധ സ്ഥലങ്ങളിൽ വോട്ട് ചെയ്യുന്നെന്ന പരാതി ഉയർന്നിരുന്നു. എന്നാൽ ഈ ദൃശ്യങ്ങൾ സഹിതം പരാതി ഉന്നയിക്കാൻ ഇപ്പോൾ സാധ്യമല്ല. മുൻപുണ്ടായിരുന്ന നിയമങ്ങൾ കാറ്റിൽ പറത്തി മോദി സർക്കാർ കൊണ്ടുവന്ന പുതിയ നിയമങ്ങളനുസരിച്ച് ഇപ്പോൾ ഈ ദൃശ്യങ്ങൾ വിവരാവകാശ നിയപ്രകാരം പൊതുജനങ്ങൾക്ക് ലഭ്യമാകില്ല. മാത്രമല്ല, തെരഞ്ഞെടുപ്പ് കഴിഞ്ഞ് 45 ദിവസങ്ങൾക്കകം ഈ ദൃശ്യങ്ങൾ മായ്ച്ചുകളയുകയും ചെയ്യാം. നമ്മുടെ അമ്മമാരുടെയും സഹോദരിമാരുടേയും പെൺമക്കളുടേയും ദൃശ്യങ്ങൾ ഇത്തരത്തിൽ നൽകുന്നത് ഉചിതമാണോ എന്നായിരുന്നു മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ഇത് ന്യായീകരിക്കാനായി കണ്ടെത്തിയ വാദം. അതിനിത് ബെഡ്റൂമിലെ ദൃശ്യങ്ങളാണോ, ജനങ്ങൾ വോട്ട് ചെയ്യുന്ന ദൃശ്യങ്ങളല്ലേയെന്നും ധ്രുവ് റാഠി ചോദിക്കുന്നു. ഇത്തരമൊരു നീക്കത്തിലൂടെ തെരഞ്ഞെടുപ്പ് കമ്മീഷൻ വിവരങ്ങൾ മറച്ചുവയ്ക്കുകയാണെന്നും ധ്രുവ് റാഠി അടിവരയിടുന്നു.
5. പട്ടികയിൽനിന്ന് വോട്ടർമാരെ വ്യാപകമായി വെട്ടി
ജൂണിനും സെപ്തംബറിനും ഇടയിലാണ് ബിഹാറിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ എസ്ഐആർ നടത്തിയത്. വോട്ടർ പട്ടിക പുതുക്കുകയായിരുന്നു ഇതിന്റെ ഉദ്ദേശ്യം. എന്നാൽ വ്യാജ വോട്ടർമാരെ ഒഴിവാക്കിയില്ലെന്ന ആരോപണം ഇപ്പോഴും നിലനിൽക്കുന്നു. 7.89 കോടി വോട്ടർമാരാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുൻപ് ബിഹാർ വോട്ടർ പട്ടികയിൽ ഉണ്ടായിരുന്നത്. എന്നാൽ എസ്ഐആറിന് ശേഷം ഇത് 7.42 കോടിയായി മാറി. അതായത്, 47 ലക്ഷത്തോളം വോട്ടർമാരെ വെട്ടി. എസ്ഐആറിന്‍റെ പേരിൽ പ്രതിപക്ഷ പാർട്ടികളുടെ വോട്ടർമാരെ കണ്ടെത്തി വെട്ടുകയാണ് ചെയ്തത്.
പ്രതിപക്ഷത്തിന് ഏറ്റവും സ്വാധീനമുള്ള സീമാഞ്ചലിലാണ് വോട്ട് വെട്ടൽ കൂടുതലും നടന്നത് എന്നതിൽ നിന്നുതന്നെ സർക്കാരിന്‍റെ ഉദ്ദേശ്യമെന്തായിരുന്നുവെന്ന് വ്യക്തമാണ്. വെട്ടിമാറ്റപ്പെട്ട വോട്ടർമാരിൽ 24.7 ലക്ഷം പേരും മുസ്‌ലിം വോട്ടർമാരായിരുന്നു എന്നതും പ്രധാനമാണ്. മുസ്‌ലിം വോട്ടർമാരുടെ മാത്രമല്ല, ദലിത്, ആദിവാസി വോട്ടർമാരേയും ഇല്ലാതാക്കിയിട്ടുണ്ട്. എസ്ഐആറിന് ശേഷം തങ്ങളുടെ വോട്ടുകൾ വോട്ടർ പട്ടികയിൽ നിന്ന് വെട്ടിമാറ്റിയതായി നിരവധി വോട്ടർമാർ പറയുന്ന വീഡിയോകളും ധ്രുവ് റാഠി കാണിച്ചു. ചില വോട്ടർമാർ പോളിങ് ബൂത്തുകളിൽ എത്തുന്നതിന് മുൻപ് തന്നെ മറ്റാരോ അവരുടെ വോട്ടുകൾ ചെയ്തിരുന്നു.
6. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പക്ഷപാതപരമായ നിലപാട്
തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപി സഹായിച്ചത് എങ്ങനെയെല്ലാമാണെന്ന് ധ്രുവ് റാഠി ആറാമത്തെ തെളിവായി വിശദീകരിക്കുന്നു. ബിജെപിക്ക് സൗകര്യപ്രദമായ ദിവസങ്ങളിൽ മാത്രമാണ് ഓരോ സംസ്ഥാനത്തും വോട്ടെടുപ്പ് ദിനങ്ങൾ നിശ്ചയിക്കുന്നത്. പശ്ചിമ ബംഗാളിലെ വോട്ടെടുപ്പ് ദിനം പരിശോധിച്ചാൽ തന്നെ ഇക്കാര്യം വ്യക്തമാകും. 2011ൽ ബംഗാളിൽ എട്ട് ഘട്ടങ്ങളിലായിരുന്നു തെരഞ്ഞെടുപ്പ്. മറ്റ് സംസ്ഥാനങ്ങളിലെ പ്രചാരണം അവസാനിപ്പിച്ച് ബംഗാളിൽ മാത്രം കേന്ദ്രീകരിക്കാൻ മോദിക്കും അമിത് ഷായ്ക്കും സഹായമാകുംവിധമാണ് ഇവിടത്തെ വോട്ടെടുപ്പ് ദിനങ്ങൾ കമ്മീഷൻ ക്രമീകരിച്ചത്. ബിജെപി നേതാക്കൾ നിരന്തരം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടും അതിൽ ഒരിക്കൽപ്പോലും കമ്മീഷൻ ഇടപെടുകയോ നടപടി സ്വീകരിക്കുകയോ ചെയ്തില്ല.
2024ലെ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മതത്തിന്റെ പേരിൽ വോട്ട് ചോദിച്ചു, മുസ്‌ലിം വിരുദ്ധ പരാമർശങ്ങൾ നടത്തി. എന്നാൽ നടപടിയുണ്ടായില്ല. കാരണം മോദി സർക്കാരാണ് കമ്മീഷനെ തെരഞ്ഞെടുത്തതെന്നും ധ്രുവ് റാഠി പറയുന്നു. ഇതെല്ലാം ചൂണ്ടിക്കാട്ടി എന്തുകൊണ്ട് തനിക്ക് കോടതിയിൽ പോയിക്കൂടാ എന്ന് നിങ്ങൾ ചോദിക്കും, എന്നാൽ 2023ൽ മോദി സർക്കാർ കൊണ്ടുവന്ന ഭേദഗദിപ്രകാരം തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കേസ് ഫയൽ ചെയ്യാനാവില്ലെന്നും അതുകൊണ്ട് കാര്യമില്ലെന്നും ധ്രുവ് റാഠി വിശദമാക്കുന്നു. തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രവർത്തിക്കുന്നത് മോദി സർക്കാരിന് വേണ്ടി മാത്രമാണെന്ന് തെളിയിക്കുന്ന നിരവധി ഉദാഹരങ്ങൾ കാണിക്കാൻ സാധിക്കുമെന്നും ധ്രുവ് റാഥി കൂട്ടിച്ചേർത്തു.
kerala
സംസ്ഥാനത്ത് അഞ്ച് ദിവസം മഴ തുടരും; ‘ദിത്വ ചുഴലിക്കാറ്റ്’ തമിഴ്നാട്-ആന്ധ്രാ തീരത്തേക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. ശ്രീലങ്കൻ തീരത്തിന് സമീപം തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലായി ‘ദിത്വ ചുഴലിക്കാറ്റ്’ സ്ഥിതി ചെയ്യുന്നുണ്ട്. ഇത് ഞായറാഴ്ചയോടെ വടക്കൻ തമിഴ്നാട് -പുതുച്ചേരി, തെക്കൻ ആന്ധ്രാപ്രദേശ് തീരത്തേക്ക് നീങ്ങാനാണ് സാധ്യത.
ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്.
കേരള-ലക്ഷദ്വീപ് തീരങ്ങളിൽ ഞായറാഴ്ച വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും തെക്കൻ ആന്ധ്രാപ്രദേശ് തീരങ്ങളിൽ മത്സ്യബന്ധനം നടത്തുന്നവർ തീരത്തേക്ക് മടങ്ങണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
അതേസമയം, ദിത്വ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ പ്രളയവും മണ്ണിടിച്ചിലും ശ്രീലങ്കയിൽ നാശംവിതച്ചു. രാജ്യത്ത് പ്രളയത്തിലും മണ്ണിടിച്ചിലിലും 56 പേർ മരിച്ചതായും 21 പേരെ കാണാനില്ലെന്നും ദുരന്തനിവാരണ കേന്ദ്രം അറിയിച്ചു. ദിവസങ്ങളായി തുടരുന്ന കനത്ത മഴയിൽ വീടുകളും റോഡുകളും നഗരങ്ങളുമെല്ലാം വെള്ളത്തിനടിയിലായി.
കിഴക്കൻ ട്രിങ്കോമലി മേഖലയിൽ ആഞ്ഞടിച്ച ദിത്വ ചുഴലിക്കാറ്റിന് പിന്നാലെയാണ് പ്രളയവും മണ്ണിടിച്ചിലും രാജ്യത്ത് നാശം വിതക്കുന്നത്. 12,313 കുടുംബങ്ങളെയും 43,991 പേരെയും പ്രളയവും മണ്ണിടിച്ചിലും ബാധിച്ചു. 72 മണിക്കൂറിനിടെ 46 മരണങ്ങൾ റിപ്പോർട്ട് ചെയ്തതായും ദ്വീപിൽ പ്രതികൂല കാലാവസ്ഥ തുടരുകയാണെന്നും ദുരന്തനിവാരണ കേന്ദ്രം അറിയിച്ചു.
-
News2 days agoമുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് കൊല്ലപ്പെട്ടെന്ന് അഭ്യൂഹം; പ്രതികരിക്കാതെ ജയില്‍ അധികൃതര്‍
-
kerala2 days agoആരോഗ്യ പ്രശ്നം; വേടനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു
-
kerala1 day agoലേബര്‍ കോഡും പിഎം ശ്രീ പോലെ എല്‍ഡിഎഫിലറിയിക്കാതെ ഒളിച്ചുകടത്തി; വി.ഡി സതീശന്
-
kerala1 day agoപാലക്കാട് തെരുവുനായ ആക്രമണത്തില്‍ നാലുവയസ്സുകാരന് ഗുരുതര പരിക്ക്
-
india3 days agoപരീക്ഷാഫലത്തെ തുടര്‍ന്ന് ഹൈദരാബാദില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു
-
kerala2 days ago‘തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഐപിഎസ് വേണ്ട’; ബിജെപി സ്ഥാനാർഥി ആർ ശ്രീലേഖക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ
-
kerala1 day agoഅറസ്റ്റിലായ യുവതിയെ പീഡിപ്പിച്ചു; ഡിവൈഎസ്പിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് സിഐയുടെ ആത്മഹത്യാക്കുറിപ്പ്
-
kerala2 days agoപത്തനംതിട്ടയില്‍ ഓട്ടോ മറിഞ്ഞുണ്ടായ അപകടം; ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു

