കൊച്ചി: വ്യാജരേഖ ചമച്ച കുറ്റത്തിന് നടന്‍ ഫഹദ് ഫാസിലിനെതിരെ വീണ്ടും കേസെടുത്തു. പുതുച്ചേരി വാഹന രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ടാണ് വീണ്ടും മോട്ടോര്‍ വാഹന വകുപ്പ് കേസെടുത്തത്. ഒന്നര കോടി രൂപയോളം വില വരുന്ന ആഢംബര കാര്‍ വ്യാജവിലാസത്തില്‍ രജിസ്റ്റര്‍ ചെയ്‌തെന്ന് കണ്ടെത്തിയിരുന്നു. മോട്ടോര്‍ വാഹന വകുപ്പ് ഇതുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ തേടിയപ്പോള്‍ കാര്‍ കേരളത്തില്‍ ഉപയോഗിക്കുന്നില്ലെന്നായിരുന്നു ഫഹദിന്റെ മറുപടി. എന്നാല്‍ തുടരന്വേഷണത്തില്‍ കാര്‍ എറണാകുളത്ത് ഉപയോഗിക്കുന്നതായി കണ്ടെത്തിയതോടെയാണ് വീണ്ടും കേസെടുത്തത്. നികുതി ഇനത്തില്‍ സംസ്ഥാന സര്‍ക്കാറിന് 30 ലക്ഷത്തോളം രൂപ നഷ്ടംവരുത്തിയെന്നതാണ് ഫഹദിനെതിരായ കേസ്. കാറിന്റെ നികുതി അടക്കാനും ഫഹദിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം ആദ്യത്തെ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ഫഹദ് സമര്‍പ്പിച്ച ഹര്‍ജിയില്‍ ആലപ്പുഴ സെഷന്‍സ് കോടതി ഇന്നു വിധി പറയും.