ന്യൂഡല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ഥിയായിരുന്ന നജീബ് അഹ്മദിനെ കാണാതായ കേസ് അവാസാനിപ്പിക്കുകയാണെന്ന് സി.ബി.ഐ. ഇതുവരെ തെളിവുകളൊന്നും ലഭിക്കാത്തതിനാല്‍ കേസ് അവസാനിപ്പിക്കുന്നതാവും നല്ലതെന്ന് സി.ബി.ഐ ഡല്‍ഹി ഹൈകോടതിയെ അറിയിച്ചു. ഹോസ്റ്റലില്‍ എ.ബി.വി.പി ബന്ധമുള്ള വിദ്യാര്‍ഥികളുമായി ചില പ്രശ്‌നങ്ങളുണ്ടായതിന്റെ അടുത്ത ദിവസമാണ് നജീബിനെ കാണാതാവുന്നത്. നജീബിന്റെ തിരോധാനം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

കേസുമായി ബന്ധപ്പെട്ട് സംശയിച്ച വ്യക്തികളുടെ മൊബൈല്‍ ഫോണ്‍ പരിശോധനയില്‍ നിന്ന് തെളിവൊന്നും ലഭിച്ചില്ലെന്ന്, കേസ് പരിഗണിച്ച ജസ്റ്റിസ് എസ് മുരളീധര്‍, ജസ്റ്റിസ് വിനോദ് ഗോയല്‍ എന്നിവരടങ്ങുന്ന ബെഞ്ച് മുമ്പാകെ സി.ബി.ഐ അറിയിച്ചു. ഞങ്ങളുടെ അന്വേഷണ റിപ്പോര്‍ട്ട് നെഗറ്റീവാണ്. നജീബ് അഹ്മദിനെ ഇതുവരെ കണ്ടെത്താന്‍ ഞങ്ങള്‍ക്കായിട്ടില്ലെന്ന് സി.ബി.ഐ കൌണ്‍സെല്‍ നിഖില്‍ ഗോയല്‍ പറഞ്ഞു. തിരോധാനത്തിന് മേല്‍ കുടുംബാംഗങ്ങള്‍ സംശയം പ്രകടിപ്പിച്ച ഒമ്പത് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്യാവുന്ന വിധത്തിലുള്ള സൂചനകള്‍ ലഭിച്ചിട്ടില്ലെന്നും സി.ബി.ഐ വ്യക്തമാക്കുന്നു.

2016 ഒക്‌ടോബറിലാണ് നജീബിനെ കാണാതാകുന്നത്. തുടര്‍ന്ന് നടന്ന പ്രതിഷേധങ്ങളുടെ ഫലമായി കഴിഞ്ഞ വര്‍ഷം മേയ് 16 ന് ഹൈക്കോടതി സി.ബി.ഐക്ക് കേസ് കൈമാറി. നജീബിന്റെ മാതാവ് സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു നടപടി. നജീബിനെ ആക്രമിച്ചവരെക്കുറിച്ച് ദൃക്‌സാക്ഷികളായ 18 വിദ്യാര്‍ത്ഥികള്‍ മൊഴി നല്‍കിയിട്ടും അവരെ ചോദ്യം ചെയ്യാന്‍ പോലും പൊലീസ് തയാറായിരുന്നില്ല. തുടര്‍ന്നാണ് കേസ് സി.ബി.ഐയിലേക്ക് എത്തിയത്.