Connect with us

Video Stories

ആദര്‍ശ രാഷ്ട്രീയത്തിലെ ഉറച്ച കാല്‍വെപ്പുകള്‍

Published

on

ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി

രാഷ്ട്രീയത്തിലെ ദക്ഷിണ ധ്രുവത്തില്‍ നിന്ന് ഉത്തര ധ്രുവം വരെ ഉറച്ച കാല്‍വെപ്പുകളോടെ നടന്നുപോയ കെ.എം സൂപ്പി സാഹിബ് ഓര്‍മ്മയായി. മരിക്കുന്ന പ്രായമായപ്പോഴേക്കും ശബ്ദ സ്ഫുടതക്ക് ഒരു നേരിയ പകര്‍ച്ചയുണ്ടായിരുന്നുവെന്ന് തോന്നിയിട്ടുണ്ട്. എന്നിരുന്നാലും ഞാന്‍ അനുകരിക്കാന്‍ ആഗ്രഹിച്ചതും എന്നാല്‍ നടക്കാതെ പോയതുമായ സൂപ്പി സാഹിബിന്റെ അവതരണ ഗാംഭീര്യതക്ക് ഒരല്‍പം പോലും തേയ്മാനം വന്നില്ലെന്ന് അദ്ദേഹവുമായുള്ള ദശകങ്ങളുടെ ബന്ധം ഓര്‍മ്മപ്പെടുത്തി കൊണ്ടേയിരുന്നു.

മുസ്‌ലിം ലീഗ് രാഷ്ട്രീയത്തിന് വിശദീകരിച്ച് തരാന്‍ കഴിയാത്തത്ര രൂപ ഭാവങ്ങളുണ്ടായിരുന്നു തലശ്ശേരിയില്‍ കേയി സാഹിബ് ജീവിച്ചിരുന്ന കാലം. അദ്ദേഹത്തിന്റെ രാഷ്ട്രീയ സാമ്രാജ്യത്തിന്റെ കുളമ്പടി നാദം എങ്ങും മുഴങ്ങി നിന്ന അവസരം. പി.ആര്‍ കുറുപ്പ് നയിച്ച രാഷ്ട്രീയ സിദ്ധാന്തങ്ങളുടെ വര്‍ണ്ണരാജികള്‍ എവിടേയും വിരിഞ്ഞ് നിന്ന ഒരു കാലഘട്ടം. ഈ മണ്ണില്‍ കെ.എം സൂപ്പി എരിയുന്ന ഒരു തീപ്പന്തമായി ഉയര്‍ന്നു നിന്നു. സൂപ്പി സാഹിബ് പി.ആര്‍ കുറുപ്പിനെ തോല്‍പിച്ചു. പി.ആര്‍ കുറുപ്പ് സൂപ്പി സാഹിബിനേയും തോല്‍പിച്ചു. ഇതൊരു സാങ്കേതിക പരാജയം മാത്രം. സൂപ്പി എന്ന മൂല്യമുള്ള രാഷ്ട്രീയക്കാരന്‍ ആരുടെ മുമ്പിലും പതറിയില്ല. പറയാനുള്ളത് പറയാന്‍ മടിച്ചതുമില്ല.
എന്‍.എ മമ്മു സാഹിബ് നിര്യാതനായ ഒഴിവില്‍ ഞാന്‍ കേരള നിയമസഭയിലേക്ക് 1985ല്‍ പെരിങ്ങളത്ത് നിന്ന് മത്സരിച്ചു. ആ തെരഞ്ഞെടുപ്പില്‍ ചുക്കാന്‍ പിടിച്ചത് പി.ആര്‍ കുറുപ്പും സൂപ്പി സാഹിബും തന്നെയായിരുന്നു. എന്റെ പ്രായമന്ന് ഇവരേക്കാള്‍ നന്നേ കുറവായത് കൊണ്ട് ഞാന്‍ അന്ന് മലയും കുന്നും പ്രയാസമുള്ള വഴികളിലും ഓടി നടന്ന് വോട്ട് പിടിക്കാന്‍ പോയി. സ്ഥാനാര്‍ത്ഥി പോയ എല്ലായിടത്തും സൂപ്പി സാഹിബും നടന്നു. പാവം സൂപ്പി സാഹിബ് തളര്‍ന്നു കാണുമല്ലോ എന്ന് ഞാന്‍ പലപ്പോഴും സങ്കടപ്പെട്ടു. അതിന് ശേഷം രണ്ടര കൊല്ലം കഴിഞ്ഞപ്പോള്‍ വീണ്ടും നടന്ന തെരഞ്ഞടുപ്പില്‍ പി.ആര്‍ കുറുപ്പിനോട് തോറ്റു. ആ തെരെഞ്ഞടുപ്പിലും സ്വന്തം ശരീരം മറന്ന് എനിക്ക് വേണ്ടി സൂപ്പി സാഹിബ് ഓടി. തെരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്ന് ഞങ്ങള്‍ കേസ് കൊടുത്തു. ആ കേസുമായി ഒന്നു രണ്ടു മാസം സൂപ്പി സാഹിബിന്റെ കൂടെത്തന്നെയായിരുന്നു. സൂപ്പി സാഹിബ് രാഷ്ട്രീയത്തില്‍ വിമര്‍ശിക്കേണ്ട കാര്യങ്ങളെ അതി ശക്തമായി വിമര്‍ശിച്ച ആളാണ്. താന്‍ വിമര്‍ശിക്കപ്പെടുന്നതിനെ ക്ഷോഭം കൂടാതെ അഭിമുഖീകരിച്ച നിര്‍മലമായ മനസ്സിന്റെ ഉടമയുമാണ്.
ഒരിക്കല്‍ ഒരു യുവ സുഹൃത്ത് പാര്‍ട്ടി യോഗത്തില്‍ സൂപ്പി സാഹിബിന്റെ പ്രസംഗത്തെ വിമര്‍ശിച്ചു. എല്ലാവരും വിചാരിച്ചു സൂപ്പി സാഹിബ് ചുട്ട മറുപടി നല്‍കുമെന്ന്. എന്നാല്‍ സൂപ്പി സാഹിബ് പ്രതികരിച്ചത് ഇപ്രകാരം. ‘മേലില്‍ ഞാന്‍ എങ്ങനെ പ്രസംഗിക്കണമെന്ന് എന്റെ യുവ സുഹൃത്ത് എഴുതി തന്നാല്‍ ഞാന്‍ എന്നും നന്ദിയുള്ളവനായിരിക്കും’. വിമര്‍ശകനും സൂപ്പി സാഹിബും ഞങ്ങളും ഒരുമിച്ച് ചിരിച്ചു.
സൂപ്പി സാഹിബിന് വന്നുകൊണ്ടിരുന്ന ആത്മീയ പരിവര്‍ത്തനവും അതിന്റെ അഗാധതയിലേക്കുള്ള അദ്ദേഹത്തിന്റെ പ്രയാണവും കൗതുകപൂര്‍വ്വം നോക്കി നിന്നിട്ടുണ്ട്. സോഷ്യലിസ്റ്റ് ചടുലതയുടെ കാലഘട്ടത്തില്‍ രാഷ്ട്രീയ നെരിപ്പോടുകളുമായി നടന്നപ്പോള്‍ നഷ്ടപ്പെട്ട ദിനങ്ങള്‍ തിരിച്ചു പിടിക്കാന്‍ അദ്ദേഹം കഠിനാദ്ധ്വാനം ചെയ്യുന്നുവല്ലോയെന്ന് മനസ്സ് മന്ത്രിച്ചിരുന്നു. പാനൂര്‍ പള്ളിയുടെ നവ ചൈതന്യത്തിന്റെ ശില്‍പിയായി, നജാത്തിന്റെ ജീവാത്മാവും പരമാത്മാവുമായി അദ്ദേഹത്തെ സന്തോഷപൂര്‍വം നോക്കിക്കണ്ടിട്ടുണ്ട്.
പല സോഷ്യലിസ്റ്റുകളും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പലയിടത്തും പിരിഞ്ഞ് പോയി. പലരും വേഷ വിധാനത്തില്‍ ഖാദിയെ മറന്ന് വേറെ വഴിക്ക് നീങ്ങി. പക്ഷെ സൂപ്പി സാഹിബിലെ സോഷ്യലിസ്റ്റും ഖാദിയും എന്നും അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നു. ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിച്ച വേറൊരു മേഖല അദ്ദേഹത്തിന്റെ മറ്റൊരു ചിരകാല സ്വപ്‌നം സാക്ഷാത്ക്കരിക്കുന്നതിന് വേണ്ടിയായിരുന്നു. പാനൂരില്‍ ഒരു കോളജ് സ്ഥാപിക്കുക എന്നതായിരുന്നു അത്. പെരിങ്ങളത്തെ നല്ലവരായ നിരവധി പേരെ കൂട്ടിച്ചേര്‍ത്ത് കല്ലിക്കണ്ടിയില്‍ ആ കോളജ് സ്ഥാപിച്ചതും അദ്ദേഹത്തിന്റെ നിരന്തര പരിശ്രമ ഫലമായാണ്. നാനാ ജാതി മതസ്ഥരിലും അദ്ദേഹത്തിനുണ്ടായിരുന്ന സുഹൃദ് വലയം എല്ലാ രാഷ്ട്രീയക്കാര്‍ക്കും ഉത്തമ മാതൃകയാണ്. കേരള പ്പിറവിക്ക് ശേഷം സംസ്ഥാന നിയമസഭ കണ്ട മികച്ച പാര്‍ലമെന്റേറിയന്‍മാരുടെ കൂട്ടത്തില്‍ എണ്ണാവുന്ന വ്യക്തിയാണദ്ദേഹം. പലപ്പോഴും ഒഴുകുന്ന ഒരു ജല പ്രവാഹമായും മുഴങ്ങുന്ന ഇടിനാദമായും കെ.എമ്മിന്റെ പ്രസംഗങ്ങള്‍ വേറിട്ട് നിന്നു.
സ്റ്റേജില്‍ നിന്ന് വീണ് പരിക്ക് പറ്റി കിടക്കും വരെ സൂപ്പി സാഹിബ് വിശ്രമമില്ലാതെ ഓടി. അവസാനം നിശ്ചലമായി കിടക്കുന്ന അദ്ദേഹത്തിന്റെ ശരീരത്തില്‍ ഹരിത പതാക പുതപ്പിക്കാന്‍ പ്രവര്‍ത്തകര്‍ എന്നെ ചുമതലപ്പെടുത്തിയപ്പോഴും ഞാനോര്‍ത്തത് പാനൂരിലെ തെരുവീഥികളെ ഇളക്കിമറിച്ച് ഹരിത പതാക ചുമലിലേറ്റി ഞങ്ങള്‍ സൂപ്പി സാഹിബിനോടൊപ്പം രാഷ്ട്രീയ പ്രയാണം നടത്തിയ കാലമായിരുന്നു. തീപ്പന്തം പോലെ ജ്വലിച്ച് നില്‍ക്കുന്ന ചില ഓര്‍മ്മകള്‍ നമുക്ക് തന്ന സൂപ്പി സാഹിബ് യാത്രയായി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

നിപ: 250 പേരെ കൂടി സമ്പർക്ക പട്ടികയിൽനിന്ന് ഒഴിവാക്കി

പുതുതായി ആരെയും സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.

Published

on

കോഴിക്കോട് ജില്ലയിൽ നിപ സമ്പർക്ക പട്ടികയിൽനിന്ന് ഞായറാഴ്ച 250 പേരെ ഒഴിവാക്കി. ഇനി സമ്പർക്ക പട്ടികയിൽ ഉള്ളത് 267 പേർ. പുതുതായി ആരെയും സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇതുവരെ 1021 പേരെ സമ്പർക്ക പട്ടികയിൽനിന്ന് ഒഴിവാക്കി.

Continue Reading

Home

സിമന്റിന് വില കൂടുന്നു

നിര്‍മാണങ്ങള്‍ക്കു വേണ്ട പ്രധാന ഘടകമായ സിമന്റ് നിര്‍മിക്കാന്‍ ആവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിച്ചതാണ് വില ഉയര്‍ത്താന്‍ കാരണം

Published

on

സംസ്ഥാനത്ത് സിമന്റ് വില ഒക്ടോബര്‍ മുതല്‍ ചാക്കിന് 50 രൂപയോളം ഉയര്‍ത്തും. നിലവില്‍ കയറ്റുകൂലിയും ഇറക്കുകൂലിയും ഉള്‍പ്പെടെ ബ്രാന്‍ഡഡ് സിമന്റുകള്‍ 400-410 രൂപയ്ക്കും മറ്റുള്ളവ 360-370 രൂപയ്ക്കുമാണ് വില്‍ക്കുന്നത്.

സിമന്റിന്റെ ലഭ്യത അനുസരിച്ച് ചില സ്ഥലങ്ങളില്‍ വിലവ്യത്യാസം വരും. സിമന്റ് വില ഉയരുന്നതോടെ സംസ്ഥാനത്തെ നിര്‍മാണ മേഖല വീണ്ടും പ്രതിസന്ധിയിലേക്ക് നീങ്ങും.

നിര്‍മാണങ്ങള്‍ക്കു വേണ്ട പ്രധാന ഘടകമായ സിമന്റ് നിര്‍മിക്കാന്‍ ആവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിച്ചതാണ് വില ഉയര്‍ത്താന്‍ കാരണം. ബിസിനസ് കുറഞ്ഞുനില്‍ക്കുന്നതുമൂലമുള്ള പ്രതിസന്ധിക്കിടയില്‍ സിമന്റ് വില കൂടി ഉയര്‍ത്തിയാല്‍ പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്നാണ് കെട്ടിട നിര്‍മാതാക്കള്‍ പറയുന്നത്. വില ഉയരുന്നതോടെ കരാര്‍ അടിസ്ഥാനമാക്കിയുള്ള പ്രവൃത്തി ചെയ്യുന്നവര്‍ക്കടക്കം ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടാകുക.

അതേസമയം കഴിഞ്ഞ ഒരു വര്‍ഷത്തോളമായി സിമന്റ് വിലയില്‍ കാര്യമായ വര്‍ധന ഉണ്ടായിട്ടില്ലെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്. ഉത്പാദനച്ചെലവ് ഉയര്‍ന്നതും തൊഴിലാളികളുടെ വേതനവുമെല്ലാം കണക്കിലെടുക്കുമ്പോള്‍ വില കൂട്ടാതെ വിപണിയില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കില്ലെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു.

നിര്‍മാണച്ചെലവ് ഉയരും

സിമന്റ് വില വര്‍ധിക്കുന്നതോടെ നിര്‍മാണച്ചെലവ് ഗണ്യമായി വര്‍ധിക്കും. കേരളത്തില്‍ നിലവില്‍ നിര്‍മാണ മേഖല മന്ദഗതിയിലാണ്. മഴസീസണ്‍ കഴിയുന്നതോടെ നിര്‍മാണ മേഖല ഉണരും.

എന്നാല്‍, സീസണിനു മുന്‍പ് ഇത്തരത്തില്‍ വില വര്‍ധിപ്പിക്കുന്നത് സാധാരണക്കാരെയടക്കം കാര്യമായി ബാധിക്കും. അതേസമയം, വിലവര്‍ധന ഇന്ത്യ മുഴുവനായുണ്ടോ എന്നതിനെ കുറിച്ച് വ്യക്തത വന്നിട്ടില്ലെന്ന് ബില്‍ഡര്‍മാരുടെ സംഘടനയായ ക്രെഡായ് അറിയിച്ചു.

Continue Reading

Video Stories

കാലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ തെരുവത്ത് രാമന്‍ അവാര്‍ഡ് ചന്ദ്രിക സബ് എഡിറ്റര്‍ കെ. പി. ഹാരിസിന്

ദിനപത്രങ്ങളിലെ മികച്ച ഒന്നാം പേജ് രൂപകല്പനക്ക് കാലിക്കറ്റ് പ്രസ് ക്ലബ്ബ് ഏര്‍പ്പെടുത്തിയ 2022ലെ തെരുവത്ത് രാമന്‍ പുരസ്‌കാരത്തിന് ചന്ദ്രിക സബ് എഡിറ്റര്‍ കെ പി. ഹാരിസ് (ഹാരിസ് മടവൂര്‍) അര്‍ഹനായി.

Published

on

കോഴിക്കോട്: ദിനപത്രങ്ങളിലെ മികച്ച ഒന്നാം പേജ് രൂപകല്പനക്ക് കാലിക്കറ്റ് പ്രസ് ക്ലബ്ബ് ഏര്‍പ്പെടുത്തിയ 2022ലെ തെരുവത്ത് രാമന്‍ പുരസ്‌കാരത്തിന് ചന്ദ്രിക സബ് എഡിറ്റര്‍ കെ പി. ഹാരിസ് (ഹാരിസ് മടവൂര്‍) അര്‍ഹനായി. 2022 ഡിസംബര്‍ 19ലെ ചന്ദ്രിക ദിനപത്രത്തിന്റെ ‘മെസിമുത്തം’ എന്ന തലക്കെട്ടിലുള്ള ഒന്നാം പേജ് രൂപകല്പന ചെയ്തതിനാണ് പുരസ്‌കാരം. 15,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ എ. സജീവന്‍, വി. ഇ. ബാലകൃഷ്ണന്‍, ആര്‍ട്ടിസ്റ്റ് ഇ.എന്‍ ജയറാം എന്നിവരടങ്ങിയ ജൂറിയാണ് ജേതാവിനെ നിര്‍ണയിച്ചതെന്ന് പ്രസ് ക്ലബ്ബ് പ്രസിഡന്റ് എം. ഫിറോസ്ഖാനും സെക്രട്ടറി പി. എസ്. രാകേഷും വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. പ്രദീപം പത്രാധിപരായിരുന്ന തെരുവത്ത് രാമന്റെ സ്മരണാര്‍ത്ഥം അദ്ദേഹത്തിന്റെ കുടുംബം ഏര്‍പ്പെടുത്തിയതാണ് അവാര്‍ഡ്.

കോഴിക്കോട് ജില്ലയിലെ മടവൂര്‍ സ്വദേശിയാണ് ഹാരിസ്. പരേതനായ അബ്ബാസ് മുസ്ലിയാരുടേയും ആസ്യയുടെയും മകന്‍. ബി.എ, ബി.എഡ് ബിരുദങ്ങള്‍ക്ക് ശേഷം കാലിക്കറ്റ് പ്രസ് ക്‌ളബില്‍ നിന്ന് ജേര്‍ണലിസം ഡിപ്ലോമ കരസ്ഥമാക്കി. 2009 ല്‍ ചന്ദ്രികയില്‍ ജോലിയില്‍ പ്രവേശിച്ചു. നിലവില്‍ കോഴിക്കോട് ഹെഡ് ഓഫീസില്‍ സബ് എഡിറ്ററാണ്. മലബാര്‍ മാപ്പിള കലാ സാഹിത്യ വേദിയുടെ മാധ്യമ പുരസ്‌കാരത്തിന് അര്‍ഹനായിട്ടുണ്ട്. സിന്‍സിയയാണ് ഭാര്യ. മക്കള്‍: ആയിശ നബ്ഹ, അസില്‍ അബ്ബാസ്.

Continue Reading

Trending