ചെന്നൈ: കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യയെ ഡോക്ടര്‍ കഴുത്തറുത്തു കൊന്നു. നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ ഗോകുല്‍ കുമാറാണ് ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയത്. ചെന്നൈ ഡിണ്ടിവനം സ്വദേശിയായ ഡോക്ടര്‍ കീര്‍ത്തനയെ കറിക്കത്തി കൊണ്ടു കഴുത്തറുത്തശേഷം ശരീരത്തിലൂടെ കാര്‍ ഓടിച്ചു കൊലപ്പെടുത്തുകയായിരുന്നു.

മൂന്ന് വര്‍ഷം മുന്‍പായിരുന്നു ഇരുവരുടെയും വിവാഹം. സ്വകാര്യ സ്ഥാപനത്തില്‍ എച്ച്ആര്‍ മാനേജരായിരുന്നു കീര്‍ത്തന. ലോക്ഡൗണ്‍ ആരംഭിച്ചതോടെ ജോലിക്ക് പോകുന്നത് ഡോക്ടര്‍ നിര്‍ത്തി. ഇതു സംബന്ധിച്ച് ദമ്പതികള്‍ വഴക്ക് പതിവായിരുന്നു. തുടര്‍ന്ന് കീര്‍ത്തനയും ഗോകുലും കീര്‍ത്തനയുടെ വീട്ടിലേക്കു താമസം മാറ്റിയിരുന്നു. എന്നാല്‍ വഴക്കിനു കുറവ് ഉണ്ടായിരുന്നില്ല. വീട്ടുകാര്‍ ഇടപെട്ടു വിവാഹമോചന നടപടികളും തുടങ്ങിയിരുന്നു.

വെള്ളിയാഴ്ച വൈകിട്ടും പതിവുപോലെ വഴക്കായി. ഇതിനിടെ അടുക്കളയിലേക്കു പോയ ഗോകുല്‍ കറിക്കത്തിയുമായി എത്തി കീര്‍ത്തനയെ ആക്രമിച്ചു. കഴുത്ത് വെട്ടേറ്റു തൂങ്ങി. ബഹളം കേട്ടു ഓടിയെത്തിയ കീര്‍ത്തനയുടെ മാതാപിതാക്കളെയും ആക്രമിച്ചു. അരിശം തീരാതിരുന്ന ഗോകുല്‍ മുടിയില്‍ പിടിച്ചു വലിച്ചിഴച്ചു കീര്‍ത്തനയെ വീടിനു പുറത്ത് എത്തിച്ചു.

തുടര്‍ന്നു പോര്‍ച്ചില്‍നിന്നും കാര്‍ എടുത്തുകൊണ്ടുവന്നു പലതവണ കീര്‍ത്തനയുടെ ദേഹത്തിലൂടെ കയറ്റി ഇറക്കി മരണം ഉറപ്പാക്കി. തുടര്‍ന്ന് കാറുമായി രക്ഷപെട്ടു. അയല്‍ക്കാര്‍ വിവരം നല്‍കിയതനുസരിച്ച് എത്തിയ പൊലീസ് കീര്‍ത്തനയെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. സംഭവസ്ഥലത്തുനിന്ന് രക്ഷപെട്ട ഗോകുലിനെ ചെന്നൈ തിരുച്ചിറപ്പളളി ദേശീയപാതയില്‍ ആര്‍തുര്‍ ടോള്‍ പ്ലാസയ്ക്കു സമീപം കാര്‍ നിയന്ത്രണം വിട്ടു മറിഞ്ഞ നിലയില്‍ കണ്ടെത്തി. ഇയാളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു.