ഡല്‍ഹി: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് പിന്നാലെ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനും കോവിഡ് ഭീഷണി. ചെന്നൈ സംഘത്തിലെ രണ്ടുപേര്‍ക്കു കോവിഡ് പോസിറ്റീവായി. താരങ്ങള്‍ക്കാര്‍ക്കും ടെസ്റ്റില്‍ പോസിറ്റീവ് ആയിട്ടില്ല. ഡല്‍ഹിയില്‍ ടീം ബസിന്റെ ക്ലീനര്‍ക്കും പോസിറ്റീവായി. തിങ്കളാഴ്ച മൂന്ന് പേര്‍ക്ക് പോസിറ്റീവായതോടെ ഇവരെയെല്ലാം സംഘത്തില്‍നിന്നും മാറ്റി. തിങ്കളാഴ്ചത്തെ പരിശീലനവും ടീം റദ്ദാക്കി.

ടീമുകളെയെല്ലാം സുരക്ഷിതമായി ബയോ ബബിളില്‍ പാര്‍പ്പിച്ചിട്ടും കോവിഡ് ബാധ കടന്നുവന്നത് ഐപിഎല്ലിനു ഭീഷണിയായിരിക്കുകയാണ്. കൊല്‍ക്കത്ത ടീമില്‍ വരുണ്‍ ചക്രവര്‍ത്തി, സന്ദീപ് വാര്യര്‍ എന്നിവര്‍ക്കാണു കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ തിങ്കളാഴ്ച നടക്കാനിരുന്ന കൊല്‍ക്കത്ത- ബാംഗ്ലൂര്‍ മത്സരം മാറ്റിവച്ചു. ചെന്നൈ സംഘം ഇന്ന് നടത്തിയ പരിശോധനയിലാണ് മൂന്ന് പേര്‍ക്കു പോസിറ്റീവ് ആണെന്നു കണ്ടെത്തിയത്.

തുടര്‍ന്ന് താരങ്ങളോടെല്ലാം ഐസലേഷനില്‍ നില്‍ക്കാന്‍ ആവശ്യപ്പെട്ടതായി ബിസിസിഐയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. താരങ്ങള്‍ക്കു വീണ്ടും പരിശോധന നടത്തും. മറ്റു ടീമുകളിലും വൈറസ് ബാധ സ്ഥിരീകരിച്ചാല്‍ എന്തു നടപടിയായിരിക്കും അധികൃതര്‍ സ്വീകരിക്കുകയെന്നു വ്യക്തമല്ല. ഡല്‍ഹിയിലെ ഹോട്ടലിലാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് താരങ്ങള്‍ ഇപ്പോഴുള്ളത്.