തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരെ നിയമസഭയില്‍ പ്രതിപക്ഷം. താനൊരു സംഭവമാണെന്ന് സ്വയം പറയരുത്. പുറകിലുള്ളവരെക്കൊണ്ട് പറയിപ്പിക്കുകയാണ് നല്ലതെന്നും ചെന്നിത്തല പറഞ്ഞു. പുലഭ്യം പറയുകയല്ല ഞങ്ങളുടെ രീതി. ആരുടെയും നട്ടെല്ല് തകര്‍ക്കുകയും തല വെട്ടുകയും ചെയ്യുന്ന സ്വഭാവം പ്രതിപക്ഷത്തിനില്ല. പ്രതിപക്ഷം മരണത്തിന്റെ വ്യാപാരികളല്ല. ടി പി യെ 51 വെട്ടു വെട്ടി കൊന്നത് ഞങ്ങള്‍ അല്ലെന്നും ചെന്നിത്തല തുറന്നടിച്ചു.

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരെ കടുത്ത വിമര്‍ശനവുമായി പി.ടി തോമസ്. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി ഒന്നാം പ്രതിയാണെന്ന് അദ്ദേഹം പറഞ്ഞു. നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം അവതരിപ്പിക്കവേയാണ് പി.ടി തോമസ് എം.എല്‍.എയുടെ പരാമര്‍ശം.

ശിവശങ്കര്‍ പ്രതിയായ കേസുകളിലെല്ലാം ഒന്നാം പ്രതി മുഖ്യമന്ത്രിയാണ്. ശിവങ്കര്‍ സ്വപ്നസുന്ദരിക്കൊപ്പം കറങ്ങിയപ്പോള്‍ തടയാന്‍ മുഖ്യമന്ത്രിക്ക് സാധിച്ചില്ല. പരസ്യവും കിറ്റും നല്‍കി എന്നും ജനങ്ങളെ പറ്റിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

പുത്രവാല്‍സല്യത്താല്‍ അന്ധനായ ധൃതരാഷ്ട്രരെ പോലെയാണ് മുഖ്യമന്ത്രിയെന്നും അദ്ദേഹത്തിന്റെ മകളുടെ വിവാഹത്തലേന്ന് സ്വപ്ന പങ്കെടുത്തിരുന്നോയെന്ന് വ്യക്തമാക്കണമെന്നും പി.ടി തോമസ് ആവശ്യപ്പെട്ടു. അതേസമയം, സഭ്യേതര പ്രയോഗമാണ് പി.ടി തോമസ് നടത്തുന്നതെന്ന ആരോപണവുമായി പ്രതിപക്ഷവും രംഗത്തെത്തി.