kerala

മുഖ്യമന്ത്രി ഉള്ളുകൊണ്ട് ബിജെപിയ്‌ക്കൊപ്പം; പുറത്തു നടത്തുന്ന പ്രസ്താവനകള്‍ ജനങ്ങളെ വഞ്ചിക്കാനെന്ന് പി.എം.എ സലാം

By webdesk13

October 20, 2023

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്ളുകൊണ്ട് ബിജെപിയ്‌ക്കൊപ്പമെന്ന് പി.എം.എ സലാം. പുറത്തു നടത്തുന്ന പ്രസ്താവനകള്‍ ജനങ്ങളെ വഞ്ചിക്കാനാണ്. ജെ.ഡി.എസിനെ മന്ത്രിസഭയില്‍ നിന്ന് മാറ്റാന്‍ സി.പി.എം തയ്യറാവാത്തത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു. കേരളത്തില്‍ പിണറായി വിജയന്‍ ബിജെപിയെ പ്രതിരോധിക്കുന്നത് അവരുടെ മുന്നണിയില്‍ ഉള്ളവര്‍ക്ക് മന്ത്രി സഭയില്‍ പ്രാതിനിധ്യം നല്‍കിയാനിന്നും പി.എം.എ സലാം ആരോപിച്ചു.

മുസ്‌ലിം ലീഗും നേരത്തെ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ദേവഗൗഡ ചില്ലറക്കാരനല്ല, മുന്‍ പ്രധാനമന്ത്രിയാണ്. കേരളത്തിന് പുറത്ത് എന്‍.ഡി.എ മുന്നണിയിലും കേരളത്തിനകത്ത് ഇടത് മുന്നണിയിലും, സി.പി.എം ഒരേ സമയം ഇന്ത്യ മുന്നണിയിലും എന്‍.ഡി.എയിലും ഭാഗമായിരിക്കുന്നു. മുന്നണിയില്‍ നിന്നും സി.പി.എമ്മിനെ പുറത്താക്കുന്ന കാര്യം ആലോചിക്കണമെന്ന് പി.എം.എ സലാം കൂട്ടിച്ചേര്‍ത്തു.

അതേസമയം കര്‍ണാടകയില്‍ ബിജെപി ജഡിഎസ് സഖ്യം പിണറായി വിജയന്റെ അറിവോടെയാണെന്ന് എച്ച് ഡി ദേവഗൗഡവെളിപ്പെടുത്തിയിരുന്നു. പിണറായി പൂര്‍ണസമ്മതം നല്‍കി,ഇക്കാരണത്താലാണ് പിണറായി സര്‍ക്കാരില്‍ ജെഡിഎസ് മന്ത്രിയുള്ളത്. ബിജെപി സഖ്യം പാര്‍ട്ടിയെ രക്ഷിക്കാനാണെന്ന് പിണറായിക്ക് ബോധ്യപ്പെട്ടു. സിഐ ഇബ്രഹാമിനെ പുറത്താക്കുന്നത് അറിയിച്ച വാര്‍ത്താ സമ്മേളനത്തിലാണ് എച്ച് ഡി ദേവഗൗഡയുടെ വെളിപ്പെടുത്തിയത്.

തമിഴ്‌നാട്, മഹാരാഷ്ട്ര, കര്‍ണാടക ഘടകങ്ങളും ബി.ജെ.പി സഖ്യത്തിന് അനുകൂലമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തില്‍ പാര്‍ട്ടിക്ക് എം.എല്‍.എമാരുണ്ടെന്നും അതിലൊരാള്‍ മന്ത്രിയാണെന്നും ദേവഗൗഡ പറഞ്ഞു. സഖ്യത്തിന് പിണറായിയുടെ അംഗീകാരമുള്ളതിനാലാണ് പാര്‍ട്ടി എം.എല്‍.എ ഇപ്പോഴും മന്ത്രിയായി തുടരുന്നതെന്നും ദേവഗൗഡ കൂട്ടിച്ചേര്‍ത്തു.