ലോകത്ത് ഏറ്റവും കൂടുതല്‍ കുട്ടികള്‍ മരിക്കുന്നത് ന്യൂമോണിയ കാരണമെന്ന് കണക്കുകള്‍. രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലാണ് ന്യുമോണിയ വില്ലനാകുന്നത്. ആരോഗ്യ കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തിയാല്‍ ഈ രോഗത്തെ ഒരു പരിധി വരെ തടയാനാകുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം.

ലോകത്താകമാനം കുട്ടികളുടെ മരണ കാരണമാകുന്ന രോഗങ്ങളില്‍ ഒന്നാം സ്ഥാനമാണ് ന്യുമോണിയയ്ക്ക്. രണ്ട് വയസിന് താഴെയുള്ള കുട്ടികള്‍ക്കാണ് രോഗം ഏറ്റവും അപകടകരമാവുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്കു പ്രകാരം 25 ലക്ഷത്തോളം പേരാണ് കഴിഞ്ഞ വര്‍ഷം മാത്രം ന്യുമോണിയ ബാധിച്ച് മരിച്ചത്.

പ്രായമായവരിലും അമിതമായി പുകവലിക്കുന്നവരിലും ന്യുമോണിയ സാധ്യത കൂടുതലാണ്. ഇത്തരം ആളുകള്‍ ശ്വാസതടസം പോലുള്ള ലക്ഷണങ്ങളെ അവഗണിക്കരുതെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നു. ദിവസവും എട്ട് മണിക്കൂറെങ്കിലും ഉറങ്ങണം. ഇളം ചൂടുവെള്ളം ധാരാളം കുടിക്കുന്നതും ന്യൂമോണിയയെ തടയാന്‍ സഹായിക്കും. തണുപ്പുള്ള ഭക്ഷ്യവസ്തുക്കള്‍ ഒഴിവാക്കണം. അലര്‍ജിയുണ്ടാക്കുന്ന കാര്യങ്ങള്‍ പരമാവധി ഒഴിവാക്കി മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ശ്രദ്ധിക്കണം.